ടിയാൻജിൻ (ചൈന): ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്‌ച ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടിയാൻജിൻ വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം. രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി മോദി, ഇന്നും നാളെയും നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് ചൈനയിലെത്തിയത്.
ഇന്ത്യ-ചൈന ബന്ധം ശുഭകരമായ ദിശയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതിർത്തിയിൽ സ്‌ഥിരതയും സമാധാനവുമുണ്ടായെന്നും ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങുമായുള്ള കൂടിക്കാഴ്ച്‌ചയിൽ പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടായി. മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യമാണ്. കസാനിലെ ധാരണ നന്നായി മുന്നോട്ടു കൊണ്ടു പോകാനായെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി തർക്കം പരിഹരിക്കാനുള്ള സംഭാഷണം നടന്നു. ഇന്ത്യ-ചൈന അതിർത്തിയിൽ ശാന്തമായ അന്തരീക്ഷമാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസ് തുടങ്ങും. ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്നു എന്ന് ഷി ജിൻപിങ് പറഞ്ഞു. പ്രധാനമന്ത്രിയെ വീണ്ടും കാണുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സാംസ്കാരിക ബന്ധമുണ്ട്.. ‘വ്യാളി- ആന’ സൗഹൃദം പ്രധാനമെന്നും നല്ല അയൽക്കാരായി തുടരേണ്ടത് അനിവാര്യമെന്നും ചൈനീസ് പ്രസിഡൻറ് കൂട്ടിച്ചേര്‍ത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവർ മോദിക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു. ചൈനീസ് വിദേശകാര്യമന്ത്രിയും വാണിജ്യമന്ത്രിയും ചർച്ചയിൽ പങ്കാളികളായി. ഏഴു കൊല്ലത്തിന് ശേഷമാണ് ചൈനയിൽ ഇരു നേതാക്കൾക്കുമിടയില്‍ ചർച്ച നടന്നത്.
ഏഴു വർഷത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തിയത്. ഷി ചിൻപിങ്ങുമായി 10 മാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൂടിക്കാഴ്‌ചയാണിത്. നേരത്തെ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ഇരുനേതാക്കളും ചർച്ച നടത്തിയിരുന്നു.