Thursday, January 29, 2026
Mantis Partners Sydney
Home » നാല് ട്രെയിനുകൾ മലയാളികൾക്ക് സമ്മാനിച്ച് പ്രധാനമന്ത്രി; വിവിധ പദ്ധതികളും നാടിന് സമർപ്പിച്ചു.
നാല് ട്രെയിനുകൾ മലയാളികൾക്ക് സമ്മാനിച്ച് പ്രധാനമന്ത്രി; വിവിധ പദ്ധതികളും നാടിന് സമർപ്പിച്ചു.

നാല് ട്രെയിനുകൾ മലയാളികൾക്ക് സമ്മാനിച്ച് പ്രധാനമന്ത്രി; വിവിധ പദ്ധതികളും നാടിന് സമർപ്പിച്ചു.

by Editor

തിരുവനന്തപുരം: അമൃത് ഭാരത് ട്രെയിൻ ഉൾപ്പെടെ വിവിധ പദ്ധതികൾ മലയാളിക്ക് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരുവ് കച്ചവടക്കാർക്കായുള്ള ഒരു ലക്ഷം രൂപയുടെ പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ്, തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്കിൽ  സ്ഥാപിക്കുന്ന നാഷണൽ ഇന്നോവേഷൻ ടെക്നോളജി ആൻഡ് ഓൺട്രപ്രനേർഷിപ്പ് ഹബ്ബ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യാധുനിക റേഡിയോ സർജറി സെൻറർ, പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് എന്നിവയുടെ ശിലാസ്ഥാപന- ഉദ്ഘാടന കർമ്മങ്ങളാണ് അദ്ദേഹം നിർവഹിച്ചത്.

പതിവ് പോലെ മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേന്ദ്രസർക്കാർ കഴിഞ്ഞ 11 വർഷം നഗരത്തിലെ സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം സംസാരിച്ചത്. വികസിത ഭാരതത്തോടൊപ്പം വികസിത കേരളമാണ് ലക്ഷ്യം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ പൂർണ്ണ ആത്മവിശ്വാസത്തോടെയും ശക്തിയോടെയും കേരളത്തോടൊപ്പം നിൽക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

തിരുവനന്തപുരത്തെ ബിജെപി വേദിയിൽ അയ്യപ്പ വി​ഗ്രഹം സമ്മാനിച്ചാണ് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകിയത്. വേദിയിൽ തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ കൈ പിടിച്ചുയർത്തി പ്രധാനമന്ത്രി അഭിനന്ദിച്ചു. അയ്യങ്കാളിയെയും മന്നത്ത് പത്മനാഭനെയും ​ഗുരുവിനേയും പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസം​ഗം. പ്രസം​ഗത്തിനിടെ സ്റ്റേജിന് നടുവിലെത്തി പ്രവർത്തകരെ വണങ്ങിയ മോദി പദ്മനാഭ സ്വാമിയുടെ പാവന ഭൂമിയിൽ വരാനായത് സൗഭാഗ്യമാണെന്നും പറഞ്ഞു.

87 ന് മുമ്പ് ഗുജറാത്തിൽ ബിജെപി ഒന്നും അല്ലായിരുന്നു. 87 ൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റി പിടിച്ചു. പിന്നെ ഗുജറാത്ത്‌ പിടിച്ചടക്കി. ഇപ്പോൾ തിരുവനന്തപുരം കോർപറേഷൻ. ഇനി കേരളം ബിജെപിയുടെ കയ്യിൽ വരുമെന്നും മോദി പറഞ്ഞു. തിരുവനന്തപുരം രാജ്യത്തിന് മാതൃകാ നഗരമായി മാറും. രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാൻ എല്ലാ പിന്തുണയും നൽകും. കേരളത്തെ മാറ്റാനുള്ള സമയമാണ് അടുത്ത തിരഞ്ഞെടുപ്പ്. നിങ്ങൾ ഇതുവരെ കണ്ടത് രണ്ട് പക്ഷം മാത്രമാണ്. എൽഡിഎഫും യുഡിഎഫും കേരളത്തെ നശിപ്പിച്ചു. ഇനി മുതൽ മൂന്നാമത് ഒരു പക്ഷം കൂടി. അത് വികസനത്തിന്റെ പക്ഷമാണ്.

കേരളത്തെ വികസിതമാക്കാൻ യുവാക്കൾക്ക് വലിയ പങ്കുണ്ട്. ഗൾഫ് രാജ്യങ്ങളും യൂറോപ്പിലും ഉള്ളതുപോലെ യുവാക്കൾക്ക് വലിയ അവസരങ്ങൾ ലഭിക്കേണ്ടതുണ്ട്. അതിന് കേരളത്തിലും ഡബിൾ എഞ്ചിൻ സർക്കാർ വരേണ്ടതുണ്ട്. അതിന് ആധുനിക പശ്ചാത്തല സൗകര്യ വികസനം ആവശ്യമാണ്. ഇടതു വലതു മുന്നണികൾ പശ്ചാത്തല സൗകര്യം ഒരുക്കുകയല്ല അഴിമതിക്ക് കളമൊരുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എൽഡിഎഫ് വികസനത്തിന്റെ ശത്രുവാണ്. കേന്ദ്രപദ്ധതികളുടെ നേട്ടം ജനങ്ങൾക്ക് നിഷേധിക്കുന്നു. പിഎം ആവാസ് യോജനയും പിഎം ശ്രീയും നടപ്പാക്കിയില്ല. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പിഎംശ്രീയുടെ ഗുണം നിഷേധിച്ചു. എൽഡിഎഫിനെ മര്യാദ പഠിപ്പിക്കേണ്ട സമയമാണ്. 2014 ന് മുമ്പ് ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാരും ഒന്നും ചെയ്തില്ല. കർഷകർക്കുള്ള പണം പോയത് അവരുടെ പോക്കറ്റുകളിലേക്കാണ്. ഇടത് പിന്തുണയുള്ള കോൺഗ്രസ് സർക്കാർ. കോൺഗ്രസ് യുവാക്കളോട് എല്ലായ്പ്പോഴും ചെയ്തത് ചതിയാണ്. കേരളത്തിലും ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ അനിവാര്യമാണ്. അടിസ്ഥാന സൗകര്യ മേഖലയെ ഇരു മുന്നണികളും അവഗണിച്ചു. അഴിമതിയായിരുന്നു അവർക്കു മുഖ്യം. കേരള വികസനത്തിന്‌ തടസ്സം അഴിമതിയാണ്. സഹകരണ ബാങ്കുകളെയും കൊള്ളയടിച്ചുവെന്നും മോദി പറഞ്ഞു.

അഞ്ച് വർഷം കൂടുമ്പോൾ ഇവിടെ എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിക്കുകയാണ്. ത്രിപുരയിൽ സിപിഎമ്മിന്റെ അടയാളം പോലും അവശേഷിക്കുന്നില്ല. ഇനി കേരളത്തെ മോചിപ്പിക്കണമെങ്കിൽ എൽഡിഎഫിനെയും യുഡിഎഫിനെയും തൂത്തെറിയണമെന്നും അഡ്ജസ്റ്റ്മെന്റ് ഭരണം അവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു. ഇതാണ് ശരിയായ സമയം. ഇതാണ് എൻഡിഎ സർക്കാരിനുള്ള സമയം. 25 വർഷത്തേക്കുള്ള വികസന പദ്ധതി വേണം. വരൂ ബിജെപിക്കൊപ്പം വികസനം തുടങ്ങാമെന്നും മോദി പറഞ്ഞു. പുത്തരിക്കണ്ടത്ത് ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.

രാഷ്ട്രീയ വിമർശനമല്ലാതെ കേരളത്തിന് വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നും മോദി പാർട്ടി പരിപാടിയിലും നടത്തിയില്ല . യുഡിഎഫിനേയും എൽഡിഎഫിനേയും തൂത്തെറിയണമെന്നും വികസനത്തിലൂന്നിയ സർക്കാർ വരണമെങ്കിൽ ബിജെപി വിജയിക്കണമെന്നുമായിരുന്നു മോദിയുടെ പ്രസംഗത്തിൻ്റെ ചുരുക്കം.

Send your news and Advertisements

You may also like

error: Content is protected !!