കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ ദീപാ ദാസ് മുൻഷി, സച്ചിൻ പൈലറ്റ്, പാലോട് രവി എന്നീ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം വിതറി കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി കേരളത്തിലെ പ്രചാരണത്തിൽ താൻ നിർബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്ന് പറഞ്ഞുകൊണ്ടാണ് പുതുപ്പള്ളിയിലെ പ്രസംഗം രാഹുൽ തുടങ്ങിയത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ റബർ വില 250 ആയി ഉയർത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചാണ്ടി ഉമ്മനും KC വേണുഗോപാലും ഒപ്പം ഉണ്ടായിരുന്നു. ഇടതുപക്ഷം റബ്ബർ കർഷകർക്ക് 250 രൂപയാകുമെന്ന് പറഞ്ഞു. എന്നാൽ ആ വാഗ്ദാനം പാലിക്കാൻ സർക്കാരിന് സാധിച്ചില്ല. യുഡിഎഫ് ഇതുപോലെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകില്ല. അതുകൊണ്ട് അധികാരത്തിൽ വന്നാൽ ആദ്യ തീരുമാനം റബ്ബർ വില 250 ആയി ഉയർത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. പക്ഷേ അത് പറയുമ്പോൾ കയ്യടിക്കുന്നത് പുരുഷന്മാരല്ല. അത് കൊണ്ടാണ് കെഎസ്ആർടിസി സൗജന്യ യാത്ര ഉറപ്പ് പറയുന്നത്. ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും. യുവാക്കൾക്ക് 5 ലക്ഷം രൂപ പലിശ രഹിത വായ്പ നൽകും. കേരള സര്ക്കാർ ആരോഗ്യമേഖലയെ തകർത്തു. ചികിത്സക്ക് ചിലവ് കൂടി വരുന്നു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മക്ക് വേണ്ടി ആരോഗ്യ പദ്ധതി നടപ്പാക്കും. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കും. ഉമ്മൻ ചാണ്ടിയുടെ പേരിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടൂരിലെ കോൺഗ്രസ് പൊതുയോഗത്തിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തു. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, അടൂർ പ്രകാശ് അടൂർ,ചെങ്ങന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും വേദിയിൽ സന്നിഹിതരായിരുന്നു. ബിജെപി പിന്തുണയോടെ പ്രവർത്തിക്കുന്ന ഇടതു മുന്നണിയോടാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പോരാട്ടമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒരു ഭാഗത്തു യുഡിഎഫും മറു ഭാഗത്തു LDF ഉം ബിജെപിയും. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അദൃശ്യകരമുണ്ട്. ബിജെപി കേരളത്തിൽ യു ഡി എഫ് വരാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കാരണം അവരെ വെല്ലു വിളിക്കുന്നത് കോൺഗ്രസാണ്. ദേശീയ തലത്തിൽ LDF ന് ബിജെപിയെ വെല്ലുവിളിക്കാൻ കഴിയില്ലെന്ന് അവർക്കറിയാം എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി എവിടെ പോയാലും മതങ്ങളെ കുറിച്ചും ക്ഷേത്രങ്ങളെ കുറിച്ചുമാണ് സംസാരിക്കുന്നത്. പക്ഷെ കേരളത്തിൽ വരുമ്പോൾ ശബരിമലയെ കുറിച്ച് പ്രധാനമന്ത്രി മറക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇടതു നേതാക്കൾ ശബരിമല അയ്യന്റെ സ്വത്തു കവർന്നത് മോദി മറക്കുന്നു. സ്വർണ്ണം കൊള്ളയടിച്ചു ചെമ്പാക്കിയത് മോദി അറിഞ്ഞ ഭാവം കാണിക്കുന്നില്ല. സിപിഐഎമ്മിനെ രക്ഷിക്കാൻ ശബരിമല സ്വർണ്ണക്കൊള്ള മോദി മറക്കുന്നു എന്ന് രാഹുൽ ആരോപിച്ചു.
യു ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമല കൊള്ളയിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും ശിക്ഷിക്കും. കേരളത്തിലെ LDF ഇടതു മുന്നണിയായി പ്രവർത്തിക്കുന്നില്ല. ബിജെപിയെ പോലെയാണ് LDF പെരുമാറുന്നത്. അവരുടെ നയങ്ങൾ ബിജെപിയെ പോലെയാണ്. ഇടതു സർക്കാരിന് ഇടതു നയങ്ങൾ ഉണ്ടെന്നു LDF പ്രവർത്തകർ പോലും പറയില്ലെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്ക മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായിയെ നിയന്ത്രിക്കുന്നത്.
പല വിഭാഗം ജനങ്ങള്‍ ഒന്നിച്ചുജീവിക്കുന്ന നാടാണ് കേരളമെന്നും ഒരു ദുരന്തത്തെ എങ്ങനെയാണ് അതിജീവിച്ചതെന്ന് കേരളം തന്നെ പഠിപ്പിച്ചെന്നും രാഹുല്‍ പറഞ്ഞു. കേരളത്തിന്റെ ഭാവിയെ ഒന്നോ രണ്ടോ കമ്പനികള്‍ നിയന്ത്രിക്കുകയാണെന്നും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും അദാനിക്ക് കീഴടങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത പൊതുസമ്മേളനം പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. 4 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾ പരിപാടിയിൽ പങ്കെടുത്തു.

