Thursday, January 29, 2026
Mantis Partners Sydney
Home » വിവാദ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ.
മന്ത്രി സജി ചെറിയാൻ

വിവാദ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ.

by Editor

വിവാദ പ്രസ്താവന പിൻവലിച്ച് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നും സജി ചെറിയാൻ വ്യക്തമാക്കി. കാസർകോടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. പ്രസ്താവന പിൻവലിച്ച് കൊണ്ടാണ് സജി ചെറിയാൻ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും സമ്മർദ്ദം ഏറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഖേദപ്രകടനം.

സജി ചെറിയാന്റെ പ്രസ്താവന:
കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം വളരെയധികം വേദനിപ്പിക്കുന്നു. എൻ്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങൾ. മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എൻ്റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല.

രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോൾ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സിപിഎം പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 42 വർഷത്തെ എന്റെ പൊതുജീവിതം വർഗീയതയോടു സമരസപ്പെട്ടല്ല പോയത്. ഇതിന്റെയെല്ലാം ഫലമായി ഒരുപാട് തിക്‌താനുഭവങ്ങൾ നേരിട്ടയാളുകൂടിയാണ് ഞാൻ. അത് എൻ്റെ നാട്ടിലെ ജനങ്ങൾക്കും എന്നെ അറിയുന്നവർക്കും അറിയാവുന്ന കാര്യമാണ്.

എന്റെ പ്രസ്‌താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി മനസ്സിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു എന്നതും വേദനിപ്പിക്കുന്നു. ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് എന്റെ ഉദ്ദേശശുദ്ധിയെ മനസ്സിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ നടത്തിയ പ്രസ്‌താവന പിൻവലിക്കുന്നു.

Send your news and Advertisements

You may also like

error: Content is protected !!