Mantis Partners Sydney
Friday, February 20, 2026
Mantis Partners Sydney
Home » മൈക്കെലാഞ്ജലോ: 462-ാം ഓർമ്മദിനം
മൈക്കെലാഞ്ജലോ: 462-ാം ഓർമ്മദിനം

മൈക്കെലാഞ്ജലോ: 462-ാം ഓർമ്മദിനം

ആർ. ഗോപാലകൃഷ്ണൻ

by Editor
Send your news and Advertisements

“ഓരോ ശിലാഖണ്ഡത്തിലും മറഞ്ഞിരിക്കുന്ന പ്രതിമകളെ പുറത്തെടുക്കുക എന്നതാണ്‌ ശില്പിയുടെ ദൗത്യം…. വെണ്ണക്കല്ലിൽ ഞാനൊരു മാലാഖയെ കണ്ടു; അതിനെ സ്വതന്ത്രനാക്കുന്നതു വരെ ഞാനതിൽ പണിയെടുത്തു.” -മൈക്കെലാഞ്ജലോ (ഇറ്റാലിയൻ ശില്പി)

ആൽപ്സ് പർവതനിരകളിലെ മാർബിൾ ക്വാറികളിൽ നിന്ന് തൻ്റെ സങ്കൽപ്പങ്ങളിലുള്ള രൂപങ്ങളെ യഥേഷ്ടം നിർമ്മിയ്ക്കാവുന്ന മാർബിൾ ഖണ്ഡങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള മൈക്കലാഞ്ചലോയ്ക്കുള്ള കഴിവ് അസാമാന്യവും അത്ഭുതകരവും ആയിരുന്നു. ദീർഘചതുരാകൃതിയിലുള്ള മാർബിൾ ഖണ്ഡത്തെ നോക്കി അദ്ദേഹം പറയുമായിരുന്നു…. “എൻ്റെ വീനസ്സു് ഇതിനുള്ളിൽ ഉറങ്ങുന്നുണ്ടു്!”

ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിൽ (ഇറ്റാലിയൻ പ്രദേശമായ ടസ്കാനിയുടെ തലസ്ഥാന നഗരം) 1475 മാർച്ച് 6-ന് ആണ് മൈക്കലാഞ്ചലോ ജനിച്ചത്. കുടുംബം പലതലമുറകളിലായി ഫ്ലോറൻസിലെ ഇടത്തരം പണമിടപാടുകാരായിരുന്നു. ബാലനായ മൈക്കലാഞ്ചലോ സ്കൂൾ വിദ്യാഭ്യാസത്തിൽ താത്പര്യം കാട്ടിയില്ല. പള്ളികളിലെ ചിത്രങ്ങൾ പകർത്തിയും ചിത്രകാരന്മാരുടെ ചങ്ങാത്തം നേടിയുമാണ് അദ്ദേഹം സമയം പോക്കിയത്. പതിമൂന്നാം വയസ്സിൽ മൈക്കലാഞ്ചലോ, ഒരു പ്രമുഖ ചിത്രകാരന്റെ കീഴിൽ പരിശീലനത്തിനു ചേർന്നു.

പിന്നീട്, ആദ്യകാല ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്ന ലോറൻസോ മെഡിച്ചി, മൈക്കെലാഞ്ചലോയുടെ പ്രതിഭ ബോദ്ധ്യമായതോടെ, അദ്ദേഹത്തിനെ തന്റെ വീട്ടിൽ താമസിപ്പിക്കുകയും ഒരു മകനോടെന്നപോലെ പെരുമാറുകയും ചെയ്തു. 1492 ഏപ്രിൽ 8-ന് ലോറെൻസോ മെഡിച്ചി മരിച്ചതിനെ തുടർന്ന് മൈക്കലാഞ്ചലോയുടെ ചുറ്റുപാടുകൾ മാറി. മൈക്കെലാഞ്ജലോയുടെ ശില്പത്തിന്റെ കലാഗുണം മനസ്സിലാക്കിയ കർദ്ദിനാൾ റഫേലറിയാരിയോ മൈക്കെലാഞ്ജലോവിനെ റോമിലേക്ക് ക്ഷണിച്ചു; 1496 ജൂൺ മാസം ഇരുപത്തിയഞ്ചാം തിയതി, 21 വയസ്സുള്ളപ്പോൾ മൈക്കെലാഞ്ചലോ റോമിലെത്തി.

മനുഷ്യശരീര ഘടന മനസ്സിലാക്കാൻ ദീർഘമായി സെമിത്തേരിയിൽ കഴിഞ്ഞ ശേഷം, പിന്നീട് ശവഗന്ധം മറക്കാൻ മദ്യം കുടിച്ചുള്ള മടക്കം ആ കലാരന്റെ അഗാധമായ കലാ തപസ്യയുടെ ഭാഗങ്ങാളിയിരുന്നു. “പ്രതിഭയെന്നാൽ അന്തമില്ലാത്ത ക്ഷമയോടുകൂടിയ സപര്യ തന്നെ” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതും ഓർക്കുക.

1497 നവംബർ മാസം വത്തിക്കാനിലെ ഫ്രഞ്ച് സ്ഥാനപതി മൈക്കലാഞ്ചലോക്ക് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത സൃഷ്ടികളിലൊന്നായ പ്യേത്തായുടെ (പിയാത്ത/ Pietà @ St Peter’s Basilica) കരാർ നൽകി. കുരിശിൽ നിന്നിറക്കിയ യേശുവിന്റെ മൃതശരീരത്തെ അമ്മ മറിയം മടിയിൽ കിടത്തിയിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ഈ ശില്പം 1499-ൽ ഒരൊറ്റ മാർബിൾ ഖണ്ഡത്തിൽ രണ്ടു വർഷം അദ്ധ്വാനിച്ച് കൊത്തി പൂർത്തിയാക്കിയതാണ്. ഈ മഹത്തായ ശില്പം കൊത്തി നിർമ്മിക്കുമ്പോൾ മൈക്കലാഞ്ചലോക്ക് വെറും 24 വയസ്സേ ഉണ്ടായിരുന്നുള്ളു. (1972-ൽ ഒരു മനോരോഗി ഈ ശില്പത്തിന് ചില കേടുപാടുകൾ ഉണ്ടാക്കിയെങ്കിലും ഇന്നും സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്ന ഇത് സന്ദർശകരെ ആകർഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.)

മൈക്കെലാഞ്ചലോ തന്റെ ഏറ്റവും പ്രസിദ്ധമായ സൃഷ്ടി, ‘ദാവീദി’ന്റെ ശില്പത്തിന്റെ പണി 1504-ൽ തീർന്നു. ശില്പം ശില്പശാലയിൽ നിന്ന് അത് സ്ഥാപിക്കാനായി തെരഞ്ഞെടുത്ത സ്ഥലത്തെത്തിച്ചത്, നാല്പതുമനുഷ്യർ നാലുദിവസം അദ്ധ്വാനിച്ചാണ്. അതിനെ ഉയർത്തി സ്ഥാപിക്കാൻ പിന്നെയും ഇരുപത്തിയൊന്നുദിവസം വേണ്ടിവന്നു. ഈ ശില്പത്തെക്കുറിച്ചൊരു രസകരമായ സംഭവമുണ്ട്: ശില്പത്തിന്റെ മൂക്കിന് നീളം കൂടിപ്പോയെന്ന് ഫ്ലോറൻസിലെ ഒരു പ്രമാണിയുടെ വിമർശനത്തോട് ശില്പി പ്രതികരിച്ചതിനെക്കുറിച്ച് രസകരമായൊരു കഥ ജീവചരിത്രകാരനായ വസാറി പറയുന്നുണ്ട്. പ്രമാണി നോക്കി നിൽക്കെ, ഒരു കയ്യിൽ ഒളിച്ചുവച്ച കുറെ മാർബിൾ പൊടിയും മറുകയ്യിൽ ഉളിയും ആയി മൈക്കെലാഞ്ചലോ ഏണികയറി ശിലപത്തിന്റെ മുഖത്തിനടുത്തെത്തി. ഉളികൊണ്ട്, മൂക്ക് ചെത്തിമിനുക്കുകയാണെന്ന് ഭാവിച്ചതിനോപ്പം അദ്ദേഹം കയ്യിൽ ഒളിച്ചുവച്ചിരുന്ന മാർബിൾ പൊടി ഇടക്കിടെ താഴേക്കു വീഴ്ത്തുകയും ചെയ്തു. ഒടുവിൽ മൂക്ക് ശരിയായെന്ന് പ്രമാണി സമ്മതിച്ചുവത്രെ!

മൈക്കെലാഞ്ചലോ തിരുക്കുടുംബവും സ്നാപകയോഹന്നാനും എന്ന ചിത്രം രചിച്ചതും ഇക്കാലത്തുതന്നെയാണ്.

റോമിൽ സിസ്റ്റസ് നാലാമൻ (Pope Sixtus IV) മാർപ്പാപ്പയുടെ പേരിലുള്ള സിസ്റ്റൈൻ ചാപ്പലിന്റെ മച്ച് വരക്കുന്ന ജോലി ജൂലിയസ് മാർപ്പാപ്പയുടെ നിർബ്ബന്ധത്തിനുവഴങ്ങി ഏറ്റെടുക്കേണ്ടിവന്നു. തറയിൽ നിന്ന് 68 അടി ഉയരത്തിലുള്ള മച്ചിൽ ജോലി ചെയ്യുന്നത് എളപ്പമല്ലായിരുന്നു. താൻ ചിത്രകാരനല്ല ശില്പിയാണെന്നും ഈ ജോലി റാഫേലിനെയോ മറ്റോ ഏല്പ്പിക്കണമെന്നുമൊക്കെ മൈക്കെലാഞ്ചലോ പറഞ്ഞെങ്കിലും മാർപ്പാപ്പാ വഴങ്ങിയില്ല.

ചപ്പലിന്റെ 12,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള മച്ച് അളന്നു തിരിച്ച് മൈക്കെലാഞ്ചലോ ജോലി തുടങ്ങി. മച്ചിലെ ചിത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായവ ‘ആദത്തിന്റെ സൃഷ്ടി’, ‘ഏദേൻ തോട്ടത്തിലെ ആദവും ഹവ്വയും’, ‘മഹാപ്രളയം’, ‘ഏശയ്യാ പ്രവാചകൻ’, ‘ക്യൂമേയൻ സിബിൽ’ തുടങ്ങിയവയാണ്. മച്ച് പൂർത്തിയാകാൻ 1508 മേയ് മുതൽ 1512 ഒക്ടോബർ വരെയുള്ള നാലര വർഷത്തോളമെടുത്തു. ചിത്രരചനയുടെ ചരിത്രത്തിൽ ഒരുവ്യക്തിയുടെ മാത്രം നേട്ടമായി ഈ രചനാസമുച്ചയത്തെ വെല്ലുന്ന മറ്റൊന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

സിസ്റ്റൈൻ ചാപ്പലിന്റെ ചുവരിൽ അന്ത്യവിധിയുടെ ചിത്രം വരയ്ക്കാൻ ചുമതലയേറ്റ, അറുപതുവയസ്സുള്ള മൈക്കെലാഞ്ചലോ 1534 മുതൽ 1541 വരെ ആ ചിത്രത്തിന്റെ രചനയിൽ മുഴുകി. ചാപ്പലിന്റെ അൾത്താരക്കുപിന്നിലെ രണ്ടായിരത്തോളം ചതുരശ്രയടി ഭിത്തി നിറഞ്ഞുനിൽക്കുന്ന കൂറ്റൻ രചനയാണത്. ചിത്രം പൂർത്തിയായിക്കഴിഞ്ഞപ്പോൾ, മാർപ്പാപ്പയുടെ പള്ളിയിൽ നഗ്നത ചിത്രീകരിച്ചത് അശ്ലീലവും ദൈവനിന്ദയുമായി പലർക്കും തോന്നി. ‘സെൻസർഷിപ്പ്’ ഉണ്ടായി; ഈ ചുമതലയേറ്റവർ മൈക്കലാഞ്ചലോയുടെ വര ഉരച്ചുമാറ്റിയാണ് പള്ളിക്കാരുടെ ‘മാനം കാത്തത്; അത്തരം ഭാഗങ്ങളെ അരവസ്ത്രങ്ങൾ കൊണ്ടു മറക്കുകയും ചെയ്തു!

1564 ഫെബ്രുവരി 18-ന് മരിച്ച മൈക്കെലാഞ്ചലോയുടെ ശരീരം, ഫ്ലോറൻസിലെ ബസിലിക്കായിൽ സംസ്കരിച്ചു.

ഇർവിൻ സ്റ്റോൺ മൈക്കെലാഞ്ചലോവിനെ കുറിച്ചെഴുതിയ ‘ദി അഗെണി ആന്റ് എക്സ്റ്റെസി‘യും, വിൻസെന്റ് വാൻഗോയെ കുറിച്ചെഴുതിയ ‘ലസ്റ്റ് ഫോർ ലൈഫും‘ മികച്ച കൃതികളായിരുന്നുവെന്ന് മാത്രമല്ല, കലാകാരന്മാരുടെ ഹൃദയ വേദന ആവാഹിച്ച ഇതിഹാസങ്ങളാണ്. സിസ്റ്റൈൻ ചാപ്പലിൻ്റെ മച്ചിലെ ചിത്രങ്ങൾ വരയ്ക്കുവാൻ നിർബന്ധിതനായപ്പോൾ അദ്ദേഹം അനുഭവിച്ച മാനസ്സിക സംഘർഷം അവർണ്ണനീയമാണ്, അത് ദി അഗെണി ആന്റ് എക്സ്റ്റെസി‘ എന്ന ഈ ഗ്രന്ഥത്തിൽ സമഗ്രമായി ചിത്രീകരിക്കുന്നുണ്ട്.

ചാൾട്ടൺ ഹെസ്റ്റൺ എന്ന വിഖ്യാത ഹോളിവുഡ് നടൻ മൈക്കൽ ആഞ്ചലോ ആയി അഭിനയിച്ച ‘ദി അഗണി ആൻഡ് ദി എക്സ്റ്റസി’ എന്ന ചലച്ചിത്രത്തിൽ ഇതിൻ്റെ തന്മയത്വമുള്ള ഒരു അപാര ദൃശ്യവ്യാഖ്യാനം ഉണ്ട്.

ആർ. ഗോപാലകൃഷ്ണൻ

You may also like

error: Content is protected !!