മലപ്പുറം: കേരളത്തിൻ്റെ അതിവേഗ പാത സ്ഥിരീകരിച്ച് മെട്രോ മാൻ ഇ. ശ്രീധരൻ്റെ വെളിപ്പെടുത്തൽ. ഇ ശ്രീധരന്‍ മുന്നോട്ടുവച്ച അതിവേഗ റെയില്‍പ്പാതാ പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡിപിആർ തയ്യാറാക്കാൻ കേന്ദ്രം തന്നെ ചുമതലപ്പെടുത്തിയെന്ന് ഇ ശ്രീധരൻ പറഞ്ഞു. ഇ ശ്രീധരന്റെ സൗകര്യാര്‍ഥം, പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി പൊന്നാനിയില്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് പാതയുടെ ഒന്നാം ഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്. 86,000 കോടിയുടെ പദ്ധതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തിലാണെന്നും ഇരുനൂറ് കിലോമീറ്റർ വേഗതയുള്ള ട്രെയിനിന് 22 സ്റ്റേഷനുകൾ ഉണ്ടാകുമെന്നും ഇ ശ്രീധരൻ പറഞ്ഞു. കേരളത്തിലാകെ 22 സ്റ്റേഷനുകൾ ഉണ്ടാകും. 70 ശതമാനം എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. ഒരു ലക്ഷം കോടി രൂപയാണ് ആകെ ചെലവായി കണക്കാക്കുന്നത്. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കടന്നു പോകും. പദ്ധതിക്കെതിരെ സമരം പാടില്ല. അതിനാൽ ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലമേറ്റെടുപ്പ്.
അതിവേഗ റെയില്‍ പാതയുടെ 75 ശതമാനത്തോളം ഉയരപ്പാതയാണ് (Elevated Corridor). അതേസമയം കുറച്ചുഭാഗം ഭൂഗര്‍ഭ പാതയുമുണ്ടാകും. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ പാത, നിലവിലെ റെയില്‍വേ ലൈനിന് സമാന്തരമാണ്. തുടര്‍ന്ന് വേറിട്ട റൂട്ടിലായിരിക്കും കണ്ണൂര്‍ വരെ പാത മുന്നേറുന്നത്. തൂണുകളുടെ പണി കഴിഞ്ഞാൽ ഭൂമി തിരികെ നൽകും. വീട് കെട്ടാൻ പാടില്ല. അതേസമയം കൃഷിക്ക് ഉപയോഗിക്കാം. വിഷയത്തിൽ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്‌തിട്ടില്ലെന്നും 15 ദിവസത്തിനകം റെയിൽവേ പ്രഖ്യാപനം നടത്തുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.
ഹൈസ്പീഡ് ട്രെയിനിൽ 520 പേർക്ക് യാത്ര ചെയ്യാനാകും. ഇരുന്ന് മാത്രമേ യാത്ര സാധ്യമാകുള്ളു. അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. നിലവിലെ ട്രെയിൻ ടിക്കറ്റ് നിരക്കിൻ്റെ ഒന്നര ഇരട്ടി കൂടുതലാകും ഹൈസ്പീഡ് ട്രെയിൻ ടിക്കറ്റിൻ്റെ നിരക്ക്. ഡിപിആർ ഒമ്പത് മാസത്തിനകം പൂർത്തിയാക്കും. ഡല്‍ഹി-മീററ്റ് ലൈന്‍ പോലുള്ള റീജ്യണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റങ്ങളുടെ (RRTS) മാതൃകയിലായിരിക്കും ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ സാക്ഷാത്കരിക്കുക. കൂടാതെ നിര്‍മ്മാണത്തില്‍ കൊങ്കണ്‍ റെയില്‍വേ മാതൃക പിന്‍പറ്റുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കുന്നു.



