തൊടുപുഴ: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്കറിയയ്ക്ക് മർദ്ദനം. ഇടുക്കി തൊടുപുഴയിൽ വെച്ചാണ് ഷാജൻ സ്കറിയയെ മൂന്നംഗ സംഘം ആക്രമിച്ചത്. മങ്ങാട്ടുകവലയിൽ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടി.എ.നസീർ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്കു സമീപത്തു ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു മർദനം.
മുതലക്കോടത്ത് വിവാഹത്തിൽ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറിൽ മറ്റൊരു കാർ ഇടിച്ചു. തുടർന്ന് കാർ നിർത്തിയ ഷാജനെ കാറിനുള്ളിൽ വച്ചുതന്നെ നാലംഗ സംഘം മൂക്കിലും ശരീരത്തിലും തുടരെ ഇടിക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. മൂക്കിൽനിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഷാജൻ. തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ്‌കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജില്ലാ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി സ്‌മിത മെമ്മോറിയൽ ആശുപത്രിയിലേക്കും മാറ്റി.
ഷാജൻ സ്കറിയയുടെ പരിക്ക് ഗുരുതരമല്ല. കണ്ടാലറിയാവുന്ന മൂന്ന് ആളുകൾക്കെതിരെ വധശ്രമകുറ്റം ഉൾപ്പെടെ ചുമത്തി കേസെടുക്കുമെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് സിസിടിവി ഉണ്ടെങ്കിൽ ദൃശ്യങ്ങൾ ശേഖരിച്ച് ആളുകളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്നും തൊടുപുഴ പൊലീസ് അറിയിച്ചു. ആക്രമണത്തിന് പുറകിൽ സിപിഎമ്മാണെന്നും നിയമപരമായി തന്നെ എതിർക്കാൻ പറ്റാത്തതിനാൽ കായികമായി നേരിടാൻ ആണ് ചിലരുടെ ശ്രമമെന്നും ഷാജൻ സ്കറിയ ആരോപിച്ചു.