തൃശൂർ: തൃശൂർ അതിരൂപതയുടെ പ്രഥമ മെത്രാപൊലീത്ത മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 93 വയസായിരുന്നു. വാർധക്യ സഹജമായ അവശതയിൽ ചികത്സയിലിരിക്കേ ഇന്ന് ഉച്ചകഴിഞ്ഞ് 2.50 നായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ വിളക്കുമാടം സ്വദേശിയാണ് മാർ ജേക്കബ് തൂങ്കുഴി. തൊണ്ണൂറ്റിമൂന്നാം വയസിലും സഭാ കാര്യങ്ങളിലും സേവന മേഖലയിലും സജീവ സാന്നിധ്യമായിരുന്നു.
പാലാ വിളക്കുമാടം തൂങ്കുഴിയിൽ കുരിയപ്പൻ റോസ ദമ്പതികളുടെ മകനായി 1930 ഡിസംബർ 13 നായിരുന്നു മാർ തൂങ്കുഴിയുടെ ജനനം. ചങ്ങനാശ്ശേരി രൂപതയ്ക്കുവേണ്ടി സെമിനാരിയിൽ ചേർന്ന അദ്ദേഹം പിന്നീട് തലശ്ശേരി രൂപതയ്ക്കുവേണ്ടി പുരോഹിതനായി. സഭാനിയമത്തിലും സിവിൽ നിയമത്തിലും ഡോക്‌ടറേറ്റ് നേടിയ അദ്ദേഹം തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സെക്രട്ടറി, തലശ്ശേരി രൂപതയുടെ ചാൻസലർ, മൈനർ സെമിനാരി റെക്‌ടർ എന്നീ നിലകളിൽ സേവനം ചെയ്തു.
മാനന്തവാടി രൂപയുടെ പ്രഥമ മെത്രാനായി 1973 മാർച്ച് ഒന്നിനായിരുന്നു മാർ ജേക്കബ് തൂങ്കുഴിയുടെ മെത്രാൻ പദവിയിലേക്കുള്ള വരവ്. പിന്നീട് താമരശേരിയിലും തൃശൂരിലും രൂപതാധ്യക്ഷനായി. 1997 ഫെബ്രുവരി 15 ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പായി ചുമതലയേറ്റു. 2007 മാർച്ച് 18-നാണ് ആർച്ച് ബിഷപ്പ് സ്ഥാനത്തു നിന്ന് വിരമിച്ചത്. ക്രിസ്തുദാസി സന്യാസി സമൂഹത്തിൻ്റെ സ്ഥാപക പിതാവായ അദേഹം തൃശൂർ മൈനർ സെമിനാരിയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.