Thursday, January 29, 2026
Mantis Partners Sydney
Home » പദ്മഭൂഷൺ നിമിഷത്തിൽ മമ്മൂട്ടിയുടെ ഒരു വാത്സല്യക്കാഴ്ച, നിറകൺചിരിയോടെ റാഹേൽ
പദ്മഭൂഷൺ നിമിഷത്തിൽ മമ്മൂട്ടിയുടെ ഒരു വാത്സല്യക്കാഴ്ച, നിറകൺചിരിയോടെ റാഹേൽ

പദ്മഭൂഷൺ നിമിഷത്തിൽ മമ്മൂട്ടിയുടെ ഒരു വാത്സല്യക്കാഴ്ച, നിറകൺചിരിയോടെ റാഹേൽ

by Editor

കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് രാജ്യം ‘പദ്മഭൂഷൺ’ ബഹുമതി പ്രഖ്യാപിച്ച നിമിഷം, ആലുവ രാജഗിരി ആശുപത്രി പീഡിയാട്രിക് വാർഡിൽ നന്ദി നിറഞ്ഞ കണ്ണുകളുമായി ഒരു പിതാവ് ഇരിപ്പുണ്ടായിരുന്നു. ചാലക്കുടി സ്വദേശിയായ ഓട്ടോ ഡ്രൈവർ റിയോ. തന്റെ രണ്ടുവയസ്സുകാരി മകൾ റാഹേലിന്റെ വേദനയ്ക്ക് ശമനമാകാൻ കാരണമായ മമ്മൂട്ടി എന്ന വലിയ മനുഷ്യന്റെ ചിത്രം ടെലിവിഷൻ സ്ക്രീനിൽ തെളിഞ്ഞപ്പോൾ കുഞ്ഞിനോടയാൾ പറഞ്ഞു: ‘മോളേ, ദേ നമ്മുടെ മമ്മൂക്ക !’

‘എന്റെ കുഞ്ഞിന് പുതുജീവൻ നൽകിയ മനുഷ്യന് ദൈവം നൽകിയ പുരസ്‌കാരമാണിത്’– റിയോ വിതുമ്പി. സിനിമയിലെ നായകനേക്കാൾ വലിയൊരു ഹൃദയമുള്ള മനുഷ്യനെയാണ് രാജ്യം ആദരിച്ചതെന്ന് റിയോയുടെ സാക്ഷ്യം. മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയിലൂടെ പുതുജീവിതം കിട്ടിയ അനേകം കുട്ടികളിൽ ഏറ്റവും ഒടുവിലത്തെയാളാണ് റാഹേൽ. റാഹേലിന്റെ ശസ്ത്രക്രിയ വാത്സല്യം പദ്ധതിയിലൂടെ രാജി​ഗിരി ആശുപത്രിയിൽ പൂർണമായും സൗജന്യമായാണ് നടത്തിയത്. സാമ്പത്തികമായി പിന്നോക്കം നില്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിവിധ അസുഖങ്ങൾക്കുള്ള ശസ്ത്രക്രിയ സൗജന്യമായി നടത്താൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആന്റ് ഷെയർ ആവിഷ്കരിച്ചതാണ് വാത്സല്യം പദ്ധതി. മറ്റ് ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവാകുന്ന റോബോട്ടിക് ശസ്ത്രക്രിയയാണ് ഇതിലൂടെ രാജ​ഗിരിയിൽ സൗജന്യമായി നടത്തുന്നത്.

പിതാവ് റിയോ ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് റാഹേലിന്റെ കുടുംബം കഴിയുന്നത്. ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ചതോടെ, പണം കണ്ടെത്താൻ വിഷമിച്ച റിയോയ്ക്ക് മുന്നിലേക്ക് ഒരു ബന്ധു വഴിയാണ് മമ്മൂട്ടിയുടെ ‘വാത്സല്യം’ പദ്ധതിയുടെ വിവരം എത്തുന്നത്. ഉടനെ തന്നെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഭാരവാഹികളുമായി ബന്ധപ്പെട്ടു. കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ വഴി വിവരം അറിഞ്ഞ മമ്മൂട്ടി കുഞ്ഞിനെ അടിയന്തരമായി പദ്ധതിയിൽ ഉൾപ്പെടുത്തി ശസ്ത്രക്രിയ നടത്താൻ നിർദ്ദേശം നൽകി. രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് സർജൻ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിലായിരുന്നു പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ. കുഞ്ഞിന്റെ പ്രായം കണക്കിലെടുത്ത് റോബോട്ടിക് ശസ്ത്രക്രിയ വഴിയാണ് പൈലോപ്ലാസ്റ്റി ചെയ്തത്.

Send your news and Advertisements

You may also like

error: Content is protected !!