സിഡ്‌നി: ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മലയാളി ജോൺ ജെയിംസ്. ഇന്ത്യക്കെതിരായാണ് ഓസ്ട്രേലിയൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. സിഡ്‌നി- ഗോസ്ഫോഡിൽ താമസിക്കുന്ന ജോൺ, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി നടത്തി വരുന്ന ചിട്ടയായ പരിശീലനമാണ് ഓസ്ട്രേലിയൻ ടീമിൽ ഇടം നേടാൻ സഹായിച്ചത്. അണ്ടർ 17 വിഭാഗത്തിൽ വിക്ടോറിയക്കെതിരെ നേടിയ 94, ക്വീൻസ്ലാൻഡിനെതിരെ നേടിയ 4/27 നേടിയ ഓൾ റൗണ്ട് പ്രകടനങ്ങൾ അണ്ടർ 19 വിഭാഗത്തിലേക്ക് ഉള്ള തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു.
ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഈ പരമ്പരയിൽ മൂന്ന് 50 ഓവർ മത്സരങ്ങളും രണ്ട് നാല് ദിവസത്തെ മത്സരങ്ങളും ഉൾപ്പെടുന്നു. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 10 വരെ ബ്രിസ്ബേൻ, മക്കേ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 2026 ജനുവരിയിൽ സിംബാബ്‌വെയിലും നമീബിയയിലും വച്ച് നടക്കുന്ന ഐസിസി അണ്ടർ 19 ലോകകപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ഈ പരമ്പര.
മക്വാരി യൂണിവേഴ്‌സിറ്റിയിൽ ഒന്നാം വർഷ സ്പോർട്‌സ് സയൻസ് വിദ്യാർഥിയാണ്. നുസൗത്ത് വെയിൽസ് സംസ്‌ഥാനത്തെ മികച്ച പ്രതിഭാശാലികളായ ക്രിക്കറ്റർമാർക്ക് വേണ്ടിയുള്ള 2025-26 വർഷത്തെ ബേസിൽ സെല്ലേഴ്‌സ് സ്കോളർഷിപ് നേടിയിരുന്നു ജോൺ.
ജോൺ ജെയിംസിനൊപ്പം ഇന്ത്യൻ വംശജരായ മറ്റു രണ്ട് കളിക്കാർ കൂടി ഓസ്ട്രേലിയൻ ടീമിലുണ്ട്. വിക്ടോറിയയിൽ നിന്നുള്ള ആര്യൻ ശർമ്മയും ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ള യാഷ് ദേശ്‌മുഖുമാണ് അവർ. മുൻ ഓസ്ട്രേലിയൻ സീനിയർ ടീം കോച്ച് ടിം നീൽസന്റെ സ്ക്വാഡിന്റെ ഹെഡ് കോച്ച്. ഇഷ്‌ട ഓസ്ട്രേലിയൻ താരമായ കാമറൂൺ ഗ്രീനിനെ പോലെ തൻ്റെ മികച്ച പ്രകടനത്തിലൂടെ അണ്ടർ 19 ടീമിൽ സ്ഥാനം നേടുക എന്നതോടെപ്പം ഇന്ത്യൻ താരമായ യശസ്സി ജയ്‌സാളിനെ ആരാധിക്കുന്ന ജോൺ, ഐപിഎൽ ഒരിക്കൽ കളിക്കാൻ പറ്റും എന്ന പ്രതീക്ഷയും പങ്കുവച്ചു.
മലയാളി ക്രിക്കറ്റ് ക്ലബായ കൈരളി തണ്ടേഴ്‌സ് പെൻറിത്തിനു വേണ്ടി കളിച്ചിട്ടുള്ള ജോൺ ജെയിംസിൻ്റെ വിജയങ്ങൾ മലായാളി സമൂഹത്തിനും, അതോടെപ്പം ഇന്ത്യൻ വംശജർക്കും അവേശവും പ്രതീക്ഷയുമാണെന്ന് ഭാരവാഹികൾ അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു. വയനാട് പുൽപ്പള്ളി, മുള്ളൻ കൊല്ലി കുശിങ്കൽ വീട്ടിൽ ജോമേഷ്, സ്മിതാ ദമ്പതികളുടെ മകനാണ് ജോൺ. ഇവർ വയനാട്ടിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരാണ്. മുൻ എം എൽ എയും വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ സി റോസക്കുട്ടി ടീച്ചറുടെ അനന്തരവനാണ് ജോൺ ജെയിംസ്.