റായ്‌പൂർ: അറസ്റ്റിലായ മലയാളി കത്തോലിക്ക സന്യാസിനികൾ ജയിൽ മോചിതരായി. ഒൻപത് ദിവസത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ബിലാസ്പൂർ എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. വിവിധ പാർട്ടി നേതാക്കളും മദർ സുപ്പീരിയർ അടക്കമുള്ള സഭാ നേതാക്കളും കന്യാസ്ത്രീകളെ സ്വീകരിക്കാൻ ജയിലിന് മുന്നിലെത്തിയിരുന്നു. പൊലീസ് സംരക്ഷണത്തിൽ സന്യാസിനികൾ മദർ സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോയി.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ദുരുപദിഷ്‌ടിതമായി ആരോപിക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കഴിഞ്ഞ ഒൻപത് ദിവസനങ്ങളായി തടവിലടക്കപ്പെട്ടത് ഭാരതത്തിന്റെ മതേതരത്വവും നീതിന്യായ സംവിധാനവുമായിരുന്നുവെന്നും അദേഹം അഭിപ്രായപ്പെട്ടു. കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കുന്നതിന് സഹായിച്ച എല്ലാവർക്കും പ്രത്യേകിച്ച് കേന്ദ്ര സർക്കാരിനും സംസഥാന സർക്കാരിനും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഈ വിഷയത്തിൽ ഇടപെട്ട എല്ലാ ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കും ഭാരതത്തിലെ മതേതര സമൂഹത്തിനും മേജർ ആർച്ചുബിഷപ് ആത്മാർത്ഥമായ നന്ദി പ്രകാശിപ്പിച്ചു. ജനാധിപത്യത്തിൻ്റെയും മത നിരപേക്ഷതയുടെയും നിലനിൽപിനായി ഒരു മനസോടെ പ്രദർശിപ്പിച്ച ജാഗ്രത മാതൃകാപരമാണെന്നും മാർ റാഫേൽ തട്ടിൽ അറിയിച്ചു.
അതേസമയം കേസിൽ ഉൾപ്പെട്ടിരിക്കുന്ന സിസ്റ്റേഴ്‌സിന് നീതി ഉറപ്പാകുന്നതുവരെ സഭ ഈ വിഷയത്തിൽ നിന്നും പിൻവാങ്ങില്ല. തികച്ചും ദുരുദ്ദേശപരമായി, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തയ്യാറാക്കപ്പെട്ട കുറ്റപത്രം എത്രയും വേഗം റദ്ദാക്കുകയാണ് നീതി നടപ്പിലാകുന്നതിൻ്റെ ആദ്യപടി. അതോടൊപ്പം നിയമം കയ്യിലെടുക്കാനും അറസ്റ്റ് ചെയ്യപ്പെട്ട പൗരന്മാരുടെ ഭരണഘടനാ പരമായ അവകാശങ്ങൾ നിഷേധിച്ച വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. ഭരണഘടന എല്ലാവർക്കും നൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ഉറപ്പ് വരുത്താൻ പൊതുസമൂഹം ഒരുമിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവനങ്ങൾ സൂചിപ്പിക്കുന്നതെന്നും മേജർ ആർച്ചുബിഷപ് പറഞ്ഞു.
ഒമ്പതു ദിവസത്തെ അന്യായ തടങ്കലിന് ശേഷം കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമാണെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ പറഞ്ഞു. ന്യായവിസ്‌താര സമയത്ത് അവനെ ക്രൂശിക്ക.. ക്രൂശിക്ക എന്ന് ആർത്ത് അട്ടഹസിച്ച കൂട്ടർക്ക് സമരായവർ ഇപ്പോഴും സ്വതന്ത്രരായി പുറത്ത് നിൽക്കുകയാണ്. കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യ വിചാരണ നടത്തി ആക്രമിക്കുകയും ചെയ്‌ത തീവ്രമത വാദികൾക്കെതിരെ കേസെടുക്കാൻ ഛത്തീസ്‌ഗഡ് സർക്കാർ തയാറാകണം. അല്ലാത്തപക്ഷം മതസ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും വിചാരണ ചെയ്യാൻ അവർ വീണ്ടും രംഗത്തിറങ്ങുമെന്നും മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു.
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ആശ്വാസമാണെന്നും എന്നാൽ അവർക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും അത് റദ്ദാക്കണമെന്നും തൃശൂർ അതിരൂപതാ മെത്രോപ്പോലീത്തയും സിബിസിഐ അധ്യക്ഷനുമായി മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ക്രൈസ്‌തവരായ യുവതികളെ ആശുപത്രിയിൽ ജോലിയ്ക്ക് കൊണ്ടുപോയ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു.
വൈകിയാണെങ്കിലും നീതി ലഭിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞ വാക്ക് പാലിച്ചെന്നും തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കാര്യമായി ഇടപെടൽ കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായി. സഭയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. തെറ്റ് പറ്റിയെങ്കിലും അത് തിരുത്താൻ കാണിച്ച ആർജവത്തെ അംഗീകരിക്കുന്നെന്നും മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.
നിർണായക നിരീക്ഷണങ്ങളോടെയാണ് കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീകൾ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവരാണ്. മനുഷ്യ കടത്തിനോ മത പരിവർത്തനത്തിനോ അല്ല. ഇരുവരും എത്തിയത്. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ പണ്ടേ ക്രിസ്‌ത്യാനികളാണെന്നും കോടതി വ്യക്തമാക്കി. കന്യാസ്ത്രീകളുടെ അറസ്റ്റിന് ആധാരമായ എഫ്ഐആറിലെ ആരോപണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും ജാമ്യ ഉത്തരവിൽ എൻഐഎ കോടതി വ്യക്തമാക്കി. ആരോപണവിധേയരായ രണ്ട് സന്യാസിനികളും ഭോപ്പാൽ ആസ്ഥാനമായുള്ള പ്രൊവിൻഷ്യൽ സൂപ്പീരിയറിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമുള്ള പ്രൊവിൻഷ്യേറ്റിനൊപ്പം മാനവികതയ്ക്കും സാമുഹ്യ സേവനത്തിനും സമർപ്പിക്കപ്പെട്ടവരാണ്. ഇവർക്കൊപ്പം റെയിൽവേ സ്റ്റേഷനിൽ കണ്ട മൂന്ന് പെൺകുട്ടികളും പ്രായപൂർത്തിയായവരാണ്.
സ്വന്തം ഇഷ്ടപ്രകാരമാണ് ആഗ്രയിലേക്ക് യാത്ര ചെയ്‌തത്. എല്ലാവരും ക്രിസ്‌തീയ വിശ്വാസികളാണ്. അതിനാൽ നിർബന്ധിത മതപരിവർത്തനം എന്ന ആരോപണം തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമാണ്. ബിഎൻ സെക്ഷൻ 143 പ്രകാരം ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ചെയ്‌തിട്ടില്ല. കുറ്റകൃത്യം നിലനിൽക്കുമോ എന്ന് വിചാരണ വേളയിൽ പരിശോധിക്കട്ടെയെന്നും കോടതി ജാമ്യ ഉത്തരവിൽ പറയുന്നു.