കൊച്ചി: മലയാളത്തിലെ പ്രഗൽഭ സാഹിത്യ നിരൂപകനും എഴുത്തുകാരനും വാഗ്മിയുമായ എംകെ സാനുമാഷ് അന്തരിച്ചു. 98 വയസായിരുന്നു. കഴിഞ്ഞ 25 ന് വീട്ടിൽ വീണ് ഇടുപ്പെല്ലിനു പരുക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്വാസതടസ്സമുണ്ടായിരുന്നതു മൂലം തീവ്രപരിചരണവിഭാഗത്തിൽനിന്നു മാറ്റിയിരുന്നില്ല. വൈകിട്ട് 5.35-നായിരുന്നു അന്ത്യം. ഇന്ന് രാവിലെ 10 മണിക്ക് എറണാകുളം ടൗൺ ഹാളിൽ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് 5 മണിക്ക് രവിപുരം ശ്‌മശാനത്തിൽ സംസ്‌കാരം.
1927 ഒക്ടോബർ 27-ന് ആലപ്പുഴയിലെ തുമ്പോളിയിൽ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്ന് ഒന്നാം റാങ്കോടെ മലയാളത്തിൽ എംഎ നേടിയ എം.കെ.സാനു നാലുവർഷത്തോളം സ്കൂൾ അധ്യാപകനായിരുന്നു. പിന്നീട് വിവിധ സർക്കാർ കോളജുകളിൽ അധ്യാപകനായി. 1958-ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960-ൽ വിമർശന ഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983-ൽ അധ്യാപനത്തിലും നിന്ന് വിരമിച്ചു. 1986-ൽ പുരോഗമന സാഹിത്യസംഘം പ്രെസിഡന്റായി. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി 1987-ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.
പ്രധാന കൃതികൾ: ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക്: ആശാൻ പഠനത്തിന് ഒരു മുഖവുര, ഇവർ ലോകത്തെ സ്നേഹിച്ചവർ, എം. ഗോവിന്ദൻ, യുക്‌തിവാദി എം.സി. ജോസഫ്, ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ, അസ്‌തമിക്കാത്ത വെളിച്ചം, ഉറങ്ങാത്ത മനീഷി, കർമഗതി, മൃത്യുഞ്ജയം കാവ്യജീവിതം, ഇരുളും വെളിച്ചവും, രാജവീഥി, ചുമരിലെ ചിത്രങ്ങൾ, പ്രഭാതദർശനം, അവധാരണം, താഴ്വരയിലെ സന്ധ്യ, സഹോദരൻ കെ. അയ്യപ്പൻ. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.