കൊച്ചി: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സീറോ-മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ സന്ദർശിച്ചു. പ്രധാനമന്ത്രി ചില കാര്യങ്ങൾ തന്നെ പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്, അത് അറിയിക്കാനാണ് വന്നത് എന്ന് ആർച്ച് ബിഷപ്പിനെ സന്ദർശിക്കുന്നതിന് മുൻപ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അടിസ്ഥാന രഹിതമായ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് ഛത്തീസ്‌ഗഡിൽ ജയിലിൽ അടക്കപ്പെട്ട സിസ്റ്റർ പ്രീതി മരിയ, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ഉടൻ ജയിൽ മോചിതരാക്കണമെന്നും അവർക്കു നീതി ലഭ്യമാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ രാജീവ് ചന്ദ്രശേഖറോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തന്നെ സന്ദർശിച്ച രാജീവ് ചന്ദ്രശേഖറിനോടാണ് മേജർ ആർച്ച് ബിഷപ്പ് ഈ ആവശ്യം ഉന്നയിച്ചത്.
സഭാ വിശ്വാസികൾ മാത്രമല്ല പൊതു സമൂഹം മുഴുവനും സമൂഹനന്മയ്ക്കായി സേവനനിരതരായ സിസ്റ്റർമാർ അഭിമുഖീകരിക്കേണ്ടി വന്ന അക്രമ സംഭവങ്ങളിൽ ആശങ്കാകുലരാണെന്ന് മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.
രണ്ട് കോടതികളിൽ നിന്നും ജാമ്യം ലഭിക്കാതെ ഇവർ ജയിലിൽ തുടരേണ്ടി വരുന്നതിൽ സഭയുടെ മുഴുവൻ ആശങ്കയും വേദനയും പ്രതിഷേധവും പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കണം. ഈ വിഷയത്തിൽ ക്രിയാത്മകമായ പ്രായോഗിക നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ആൾക്കൂട്ട വിചാരണ നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കൂടിക്കാഴ്‌ചയിൽ മേജർ ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
രാജീവ് ചന്ദ്രശേഖർ കേന്ദ്രസർക്കാരും ഭാരതീയ ജനതാ പാർട്ടിയും ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന അനുകൂല നിലപാടുകളെക്കുറിച്ചും സിസ്റ്റേഴ്‌സിനെ ഉടൻ ജയിൽ മോചിതരാക്കാൻ സ്വീകരിച്ചിച്ചിരിക്കുന്ന നടപടികളെക്കുറിച്ചും ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നൽകിയിരിക്കുന്ന ഉറപ്പും മേജർ ആർച്ച് ബിഷപ്പിനെ ധരിപ്പിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജും രാജീവ് ചന്ദ്രശേഖറിനോടോപ്പം ഉണ്ടായിരുന്നു.
അതേസമയം ചത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രികളുടെ ജാമ്യത്തിന് വിചാരണ കോടതിയെ വീണ്ടും സമീപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം. കേസുമായി ബന്ധപ്പെട്ട് തന്നെ വന്നു കണ്ട കേരളത്തിലെ എംപിമാരോടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഇക്കാര്യം പറഞ്ഞത്. ജാമ്യാപേക്ഷയെ ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ലന്ന് അമിത് ഷാ ഉറപ്പ് നൽകി. എൻഐഎ കോടതിക്ക് വിട്ട സെഷൻസ് കോടതി നടപടി തെറ്റാണെന്നും ആദ്ദേഹം പറഞ്ഞു. സെഷൻസ് ഉത്തരവിനെതിരെ ഛത്തീസ്ഗഡ് സർക്കാർ ഹൈക്കോടതിയെ സമീപിക്കും. വിചാരണ കോടതിയിൽ നിന്ന് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്ന് അമിത് ഷാ സൂചിപ്പിച്ചു. കന്യാസ്ത്രികൾക്കെതിരായ കേസിൽ രാഷ്ട്രീയ താൽപര്യങ്ങളില്ലെന്നും ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാൻ ശ്രമിക്കാമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.