കാസര്‍കോട്: കാഞ്ഞങ്ങാട് ദേശീയപാതയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എൽ പി ജിയുമായി പോയ ടാങ്കറാണ് മറിഞ്ഞത്. ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വിദഗ്‌ധ സംഘമെത്തി നടത്തിയ പരിശോധനയിൽ വാതക ചോർച്ച കണ്ടെത്താനായില്ല. എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന് താഴെയുള്ള ചതുപ്പിലേക്ക് മറിയുകയായിരുന്നു. മറ്റൊരു ടാങ്കറെത്തിച്ച് ഗ്യാസ് മാറ്റുന്ന പ്രവർത്തനം ആരംഭിച്ചു. സുരക്ഷാ വീഴ്‌ചയുണ്ടായോ എന്നത് വിദഗ്ധ സംഘം അന്വേഷിക്കും.
കാഞ്ഞങ്ങാട് സൗത്ത് ടാങ്കർ ലോറി മറിഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ നാളെ കൊവ്വൽ സ്റ്റോറിൻ്റെ ഒരു കിലോമീറ്റർ പരിധിയിൽ പ്രാദേശിക അവധി. കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകളിലാണ് പ്രാദേശിക അവധിബാധകമെന്ന ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. സ്‌കൂൾ, അംഗനവാടി കടകൾ ഉൾപ്പടെ ഉള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. പ്രദേശവാസികളായ പൊതുജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കാനോ പുകവലിക്കാനോ പാടില്ല. ഇന്‍വെര്‍ട്ടര്‍ ഉപയോഗിച്ചുള്ള വൈദ്യുതിയോ മറ്റ് ഉപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനും, വീഡിയോ ചിത്രീകരണത്തിനും അനുമതിയില്ല. പൊതുജനങ്ങൾക്കുള്ള പ്രവേശനവും പൂർണമായും നിരോധിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള ഹൈവേ വഴിയുളള ഗതാഗതം നാളെ രാവിലെ 8 മുതൽ പൂർണമായും തടസപ്പെടും. വാഹനങ്ങൾ വഴി തിരിച്ചു വിടും. നാളെ ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നതുവരെ വരെ ഇലക്ട്രിസിറ്റി ബന്ധം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.