കല്യാണി പ്രിയദര്‍ശനും നസ്ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലോക ചാപ്റ്റർ 1- ചന്ദ്ര’ ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംനേടുന്ന നാലാമത്തെ ചിത്രമായി മാറി ‘ലോക’. ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ കളക്ഷന്‍ റെക്കോര്‍ഡ് സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. അടുത്ത ദിവസങ്ങളില്‍ വന്‍ റിലീസുകള്‍ ഇല്ലാത്തതിനാല്‍, ‘ലോക’യ്ക്ക് തിയേറ്ററുകളില്‍ മുന്‍നിരയില്‍ തുടരാന്‍ സാധ്യതയേറെയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വം’ ആണ് ‘ലോക’യോട് തിയേറ്ററുകളില്‍ മത്സരിക്കുന്ന ഏക ചിത്രം.
‘എമ്പുരാനു’ ശേഷം ഏറ്റവും വേഗത്തിൽ 200 കോടി നേടുന്ന ചിത്രം കൂടിയാണിത്. ‘തുടരും’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നിവയാണ് 200 കോടി ക്ലബ്ബിൽ ഇടം നേടിയ മറ്റ് മലയാള സിനിമകൾ. ഏഴാം ദിവസം ‘ലോക’ നൂറ് കോടി ക്ലബ്ബിൽ കടന്നിരുന്നു. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ഡൊമിനിക് അരുൺ ചിത്രം ‘ലോക’. നായികാ കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യൻ സിനിമ ബോക്സ്ഓഫിസിൽ കോടികൾ കൊയ്യുന്നതും അപൂർവ കാഴ്ച്‌ചയാണ്.