തിരുവനന്തപുരം: ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. ഇക്കാര്യം അർജന്റീന ഫുട്ബോൾ അസോസിയേഷനും, കായിക മന്ത്രി വി.അബ്ദുറഹിമാനും സ്‌ഥിരീകരിച്ചു. നവംബര്‍ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.
അർജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും അർജന്റീന ഫുട്ബോൾ ടീം ഇതു സംബന്ധിച്ച് സ്ഥിരീകരണം നൽകിയിരുന്നില്ല. ഇതോടെ പ്രതീക്ഷകൾ മങ്ങിയിരുന്നു. ലയണൽ മെസ്സിയെയും സംഘത്തെയും കേരളത്തിൽ കളിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിൻ്റെ സമ്പൂർണ ഉത്തരവാദിത്തം കേരള സർക്കാരിനാണെന്ന ആരോപണവുമായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിനിധിയും രംഗത്തെത്തിയിരുന്നു. കേരള സർക്കാർ കരാർ ലംഘനം നടത്തിയെന്നാണ് എഎഫ്എയുടെ മാർക്കറ്റിങ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്‌സൻ പറഞ്ഞത്. ഇതിനിടെയിലാണ് ഔദ്യോഗിക സ്‌ഥിരീകരണം വന്നിരിക്കുന്നത്. അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് എത്തിക്കുമ്പോള്‍ എതിര്‍ ടീമായി ലോകത്തിലെ മികച്ച മറ്റൊരു ടീമിനെ കൂടി എത്തിക്കേണ്ടതുണ്ട്. അവരുമായും ചര്‍ച്ചകള്‍ നടക്കുകയാണ് എന്നാണ് സ്‌പോൺസർമാർ അറിയിക്കുന്നത്.