Sunday, August 31, 2025
Mantis Partners Sydney
Home » കുവൈത്ത് വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 23 ആയി; കണ്ണൂര്‍ സ്വദേശി സച്ചിന്റെ സംസ്കാരം നടത്തി
കുവൈത്ത് വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 23 ആയി; കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

കുവൈത്ത് വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 23 ആയി; കണ്ണൂര്‍ സ്വദേശി സച്ചിന്റെ സംസ്കാരം നടത്തി

by Editor

കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 23 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിഷബാധയെന്ന് സംശയിക്കുന്ന കേസുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ഹോട്ട്ലൈനുകളിലൂടെ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.

ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 160 ആയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലായിരുന്ന പലരുടെയും നില ഗുരുതരമാണെന്നും, പലരെയും മെക്കാനിക്കൽ വെൻ്റിലേറ്ററുകളിൽ പ്രവേശിപ്പിക്കുകയും ചിലർക്ക് അടിയന്തര ഡയാലിസിസ് നടത്തുകയും ചെയ്ത‌തായി അധികൃതർ വ്യക്തമാക്കി. എല്ലാ കേസുകളും കുവൈത്ത് വിഷനിയന്ത്രണ കേന്ദ്രത്തിന്റെ സഹകരണത്തോടെ 24 മണിക്കൂറും നിരീക്ഷണത്തിൽ തുടരുകയാണ്. സംഭവത്തില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഭൂരിഭാഗം കേസുകളും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.ജീവന്‍ പോകുന്നതിന് കാരണമാകുന്ന ഇത്തരം പെരുമാറ്റങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കുവൈത്തിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ച കണ്ണൂര്‍  ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിന്റെ (31) മൃതദേഹം സംസ്കരിച്ചു. ഇരിണാവ് വടക്ക് ശ്മശാനത്തിൽ രാവിലെ 9 മണിയോടെയാണ് സംസ്കാരം നടത്തിയത്.  വിഷമദ്യം കഴിച്ച് സച്ചിന്‍ മരിച്ചെന്ന വിവരം വ്യാഴാഴ്ച്ച രാത്രിയാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. മൂന്ന് വര്‍ഷമായി കുവൈത്തിലുള്ള സച്ചിന്‍ ഹോട്ടല്‍ സ്റ്റാഫായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. സിപിഎം സിആർസി ബ്രാഞ്ച് അംഗം, ഡിവൈഎഫ്ഐ ഇരിണാവ് മേഖലാ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ സിആർസി യൂണിറ്റ് സെക്രട്ടറി, ഇരിണാവ് സിആർസി ആൻ‍ഡ് ഗ്രന്ഥാലയം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

മലയാളികൾ അടക്കം 40 ഇന്ത്യക്കാർ ഇപ്പോഴും ചികിത്സയിലുള്ളതായി ഇന്ത്യൻ എംബസി നേരത്തെ സ്ഥിരീകരിച്ചിരുന്നു. കുവൈത്തിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മദ്യത്തില്‍ മെഥനോള്‍ കലര്‍ന്നതാണ് അപകട കാരണം എന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് നടന്ന് വരുന്ന വ്യാപക സുരക്ഷാ പരിശോധനയിൽ നിരവധി മദ്യനിർമാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികളെ പിടികൂടി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!