ബാഗ്‌ദാദ്: ഇറാഖ്-ഇറാൻ അതിർത്തിയിൽ ആയിരക്കണക്കിന് കുർദിഷ് പോരാളികൾ ഇറാനെതിരെ കര ആക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയോടെയാണ് ഈ നീക്കമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആയിരക്കണക്കിന് കുർദിഷ് പോരാളികൾ ഇറാഖ് അതിർത്തി കടന്ന് ഇറാനിലെ സൈനിക പോസ്റ്റുകൾ ലക്ഷ്യമിട്ട് നീങ്ങുന്നതായാണ് ഇസ്രായേൽ മാധ്യമമായ ജെറുസലേം പോസ്റ്റ് (The Jerusalem Post) റിപ്പോർട്ട് ചെയ്യുന്നത്.
കുർദിസ്ഥാൻ ഫ്രീഡം പാർട്ടി (PAK), ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇറാനിയൻ കുർദിസ്ഥാൻ (PDKI) ഉൾപ്പെടെ അഞ്ച് പ്രധാന കുർദിഷ് ഗ്രൂപ്പുകൾ ചേർന്നാണ് ഈ നീക്കം നടത്തുന്നത്. പോരാളികൾക്ക് ആയുധങ്ങളും മറ്റ് സൈനിക സഹായങ്ങളും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നിലവിൽ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ പോരാട്ടം തുടരുന്നതായാണ് റിപ്പോർട്ടുകൾ.
നിലവിൽ അമേരിക്കൻ സൈന്യം ഇറാനിൽ നേരിട്ടുള്ള ഒരു കര ആക്രമണം ആരംഭിച്ചിട്ടില്ല. എന്നാൽ ഭാവിയിൽ ഇത് സംഭവിക്കാനുള്ള സാധ്യത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞിട്ടുമില്ല. നേരിട്ടുള്ള കര ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ “ഒരിക്കലും ഇല്ല എന്ന് പറയില്ല” എന്നും ആവശ്യമായതെല്ലാം ചെയ്യുമെന്നുമാണ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. നിലവിൽ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ശക്തമായ വ്യോമ-നാവിക ആക്രമണങ്ങളാണ് നടത്തിവരുന്നത്.
നേരിട്ട് സൈന്യത്തെ ഇറക്കുന്നതിന് പകരം കുർദിഷ് പോരാളികളെയും ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭകാരികളെയും ഉപയോഗിച്ച് ആഭ്യന്തര അട്ടിമറിയിലൂടെ ഭരണം മാറ്റാനാണ് അമേരിക്ക ലക്ഷ്യമിടുന്നത് എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
എന്നാൽ കുർദിഷ് പോരാളികളുടെ നീക്കം തങ്ങളുടെ ആഭ്യന്തര സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്കയും തുർക്കിക്കുണ്ട്. സംഘർഷം രൂക്ഷമായതോടെ ഇറാനിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹം തടയാൻ തുർക്കി അതിർത്തികളിൽ ബഫർ സോണുകൾ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയതായും റിപ്പോർട്ടുകൾ ഉണ്ട്.
തുർക്കിക്ക് നേരെയുള്ള മിസൈൽ ആക്രമണം മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനുള്ള സാധ്യതയുണ്ട്. ഇന്നലെ ഇറാനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ തുർക്കി അതിർത്തി കടക്കാൻ ശ്രമിച്ചെങ്കിലും നാറ്റോ (NATO) പ്രതിരോധ സംവിധാനങ്ങൾ അത് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തുർക്കി ഒരു നാറ്റോ അംഗരാജ്യമായതിനാൽ, അവിടേക്കുള്ള ആക്രമണം സഖ്യകക്ഷികളെ മൊത്തത്തിൽ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ കാരണമായേക്കാം. തങ്ങളുടെ ഭൂപ്രദേശത്തെയും വ്യോമാതിർത്തിയെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് തുർക്കി വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻറെ ഇത്തരം നീക്കങ്ങൾ തെറ്റായ തന്ത്രമാണെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹകൻ ഫിദാൻ വിമർശിച്ചു.


