കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദ ബാധിതയായ ജമീല കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അസുഖ ബാധിതയായി കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. കാനത്തില്‍ ജമീലയുടെ ഖബറടക്കം ഡിസംബര്‍ രണ്ടിന് (ചൊവ്വാഴ്ച )നടക്കും. വിദേശത്തുള്ള മകന്‍ എത്തിയശേഷമാകും സംസ്‌കാരം. അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം. ചൊവ്വാഴ്ച ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
ടി കെ അലിയുടെയും ടി കെ മറിയത്തിന്റെയും മകളായി 1966 മേയ് 5-ന് കോഴിക്കോട്ടെ കുറ്റ്യാടിയിലാണ് ജനനം. അബ്ദുൽ റഹ്‌മാനാണ് ഭർത്താവ്. അയ്റീജ് റഹ്‌മാൻ, അനൂജ എന്നവരാണ് മക്കൾ. കേരളത്തിലെ മുസ്ലിം മാപ്പിള സമുദായത്തിൽ നിന്നുള്ള ആദ്യ വനിതാ എംഎൽഎ ആയിരുന്നു കാനത്തിൽ ജമീല. 2021 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ. സുബ്രഹ്‌മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്. മൂന്ന് പതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. രണ്ട് തവണ ( 2010 ലും 2020 ലും) കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചു.
ജമീലയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നോതാക്കള്‍. ലാളിത്യമാര്‍ന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിന്റെ അംഗീകാരം നേടിയ നേതാവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു. എല്ലാവരോടും സ്‌നേഹത്തോടുകൂടി പെരുമാറിയിരുന്ന നേതാവായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. നാടിന്റെ വികസനത്തിന് ശക്തമായ ഇടപെടല്‍ നടത്തിയ, സൗമ്യമായ പെരുമാറ്റത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ വനിതാ നേതാവിനെയാണ് നഷ്ടമായതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.



