Mantis Partners Sydney
Wednesday, February 18, 2026
Mantis Partners Sydney
Home » നടൻ കോട്ടയം പ്രദീപ് – ഓർമ്മദിനം
നടൻ കോട്ടയം പ്രദീപ് - ഓർമ്മദിനം

നടൻ കോട്ടയം പ്രദീപ് – ഓർമ്മദിനം

by Editor
Send your news and Advertisements

സിനിമ–സീരിയൽ താരം കോട്ടയം പ്രദീപ് നിര്യാതനായിട്ട് നാലു വർഷം.
കോട്ടയം പ്രദീപിനെ ഓർക്കുമ്പോൾ “കരിമീനൊണ്ട്… ചിക്കനൊണ്ട്… മട്ടനൊണ്ട് കക്കെയൊണ്ട്… താറാവൊണ്ട്….” ഒരൊറ്റ ഡയലോ​ഗ് ആരുടെയും മനസ്സിൽ വരും; അത്ര പഞ്ചുണ്ടായിരുന്നു അതിന്റെ അവതരണത്തിൽ!
“ഒരു ചോദ്യം; ഒരൊറ്റ ചോദ്യം കൊണ്ട്‌ ഞാൻ പൊളിച്ചടുക്കും…” എന്നു തുടങ്ങി പിന്നീട് അങ്ങാട്ടുള്ള സിനിമകളിൽ വൈറലാകാനുള്ളയിനം, ഈ ടൈപ്പ് ഡയലോഗുകൾ പ്രദീപിനെക്കൊണ്ട് പറയിക്കാൻ സിനിമാക്കാർ മത്സരമായിരുന്നു എന്നു വേണം പറയാൻ!

നൂറുകണക്കിനു ചിത്രങ്ങളുടെ നീണ്ട നിരയൊന്നുമില്ലെങ്കിലും വർത്തമാനത്തിന്റെ ശൈലി കൊണ്ടും ഭാഷയുടെയും ശബ്ദത്തിന്റെയും വൈവിധ്യവും മോഡുലേഷനും കൊണ്ടു്, പ്രദീപ് പ്രേക്ഷക ഹൃദയങ്ങളിലേയ്ക്ക് അതിവേഗം കയറിക്കൂടുകയായിരുന്നു.

കോട്ടയം സ്വദേശിയായ പ്രദീപ് (പ്രദീപ് കെ.ആർ.), എൽ.ഐ.സി.-യിലെ ജീവനക്കാരനായിരുന്നു. കോട്ടയം പട്ടണത്തിനടുത്തുള്ള തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചതും വളർന്നതും. (പിൽക്കാലത്ത് കോട്ടയം കുമാരനല്ലൂരിൽ താമസമുറപ്പിച്ചു.) കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂൾ, കോട്ടയം ബസേലിയസ് കോളജ്, കോ ഓപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി.

സിനിമ പാശ്ചത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് പ്രദീപ് സിനിമയില്‍ എത്തിയത്. തിരുവാതുക്കൽ വീടിന് തൊട്ടടുത്തുള്ള രാധാകൃഷ്ണ ടാക്കീസിലെ സിനിമ നിരന്തരമായി കണ്ടു കണ്ടാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്താനുള്ള താല്‍പ്പര്യം വളർത്തിയത്. ചെറുപ്പത്തിൽ നാടകത്തിൽ ബാലതാരമായി തട്ടിൽ കയറിയിട്ടുണ്ട്.

പഠനത്തിന് ശേഷം, മൂന്നാലു വർഷം സഹോദരിയുടെ മെഡിക്കൽ ഷോപ്പ് നോക്കി നടത്തി. 1989 മുതൽ എൽ.ഐ.സി.-യിൽ ജീവനക്കാരനായിരുന്നു. പത്താം വയസ്സിൽ എൻ.എൻ. പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപിന്, അഞ്ചു പതിറ്റാണ്ടോളം നാടക രംഗത്തും പത്തു വർഷത്തിലേറെക്കാലമായി സിനിമയിലും ഏറെക്കുറെ സജീവമായി നിൽക്കുവാനും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

സുഹൃത്തായ ആർട്ടിസ്റ്റ്– കോ ഓർഡിനേറ്റർ‌ റഫീഖാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്തിച്ചത്.

ഐ.വി. ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ (2001) എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. അതിൽ ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ്, പ്രധാനമായും ഡയലോഗ് ഇല്ലാത്ത വേഷങ്ങളിലും അത്ര ശ്രദ്ധേയമല്ലാത്ത വേഷങ്ങളിലും പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. ‘രാജമാണിക്യം’, ‘ഹരിഹർ നഗർ-2’ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ആൾക്കൂട്ട രംഗങ്ങളിലോ മേൽ സൂചിപ്പിച്ച തരം ചെറിയ വേഷത്തിലോ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .

‘അവസ്ഥാന്തരങ്ങൾ’ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് തൻ്റെ മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്.

2010-ൽ പുറത്തിറങ്ങിയ, ഗൗതം വാസുദേവ് മേനോൻ്റെ ചിത്രം ‘വിണ്ണൈത്താണ്ടി വരുവായാ‘ എന്ന തമിഴ് സിനിമയിൽ അഭിനേത്രി തൃഷ കൃഷ്ണന്റെ ‘മലയാളിയായ’ അമ്മാവനായി അഭിനയിച്ച കഥാപാത്രം പ്രദീപിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായി. പ്രദീപിന്‍റെ അടയാളമായി അതിലെ പഞ്ച് ഡയലോഗ് മാറുകയും ചെയ്തു. ആ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു.

വിനീത് ശ്രീനിവാസൻ ചിത്രം ‘തട്ടത്തിൻ മറയത്തി’ലെ പൊലീസ് കോൺസ്റ്റബിളിന്റെ വേഷം ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. പിന്നീട് അച്ഛനും അമ്മാവനും ചേട്ടനും കടക്കാരനും അയൽക്കാരനുമായി പ്രദീപ് സിനിമയിൽ സജീവമായി. ‘ആമേൻ’, ‘ഒരു വടക്കൻ സെൽഫി’, ‘സെവൻത്ഡേ’, ‘പെരുച്ചാഴി’, ‘എന്നും എപ്പോഴും’, ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ. ‘ആട് ഒരു ഭീകരജീവിയാണ്’, ‘അഞ്ചുസുന്ദരികൾ’, ‘ജമ്നപ്യാരി’, ‘ഉട്ടോപ്യയിലെ രാജാവ്’, ‘അമർ അക്ബർ അന്തോണി’, ‘അടി കപ്യാരേ കൂട്ടമണി’, ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ തുടങ്ങിയ ചിത്രങ്ങളിൽ നർമപ്രധാനമയ വേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു. തമിഴിൽ ‘രാജാ റാണി’, ‘നന്‍പനട‘ തുടങ്ങി എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു….

മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ടി‘ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

2022 ഫെബ്രുവരി 17-ന് പുലർച്ചെ മൂന്നു മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കേട്ടയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, നാലു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യമുണ്ടായി. 61-ാം വയസ്സിലാണ് നിര്യാണം.

മായയാണ് ഭാര്യ; രണ്ടു മക്കളുണ്ട്. മകൻ വിഷ്ണു ഫാഷൻ ഡിസൈനർ ആണ്. മകൾ വൃന്ദ ബി.ടെക്. കംപ്യൂട്ടർ എൻജിനീയറിങ് കഴിഞ്ഞു് കെഎസ്ആർടിസി അക്കൗണ്ട്സ്സിൽ ജോലി ചെയ്യുന്നു.

ആർ. ഗോപാലകൃഷ്ണൻ

You may also like

error: Content is protected !!