മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച 79-ാമത് സ്വാതന്ത്ര്യദിനാഘോഷം തടസപ്പെടുത്തി ഖാലിസ്ഥാൻ അനുകൂലികൾ. മെൽബണിലെ കോൺസുൽ ജനറൽ ഓഫീസിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെയാണ് ഖാലിസ്ഥാൻ അനുകൂലികളായ ചിലർ ഇവിടെയെത്തി പ്രശ്‌നങ്ങളുണ്ടാക്കിയത്. ദേശീയ പതാക ഉയർത്തിയും ദേശഭക്തി ഗാനങ്ങൾ ആലപിച്ചും ഇന്ത്യക്കാർ സമാധാനപരമായി ഒത്തുകൂടിയതാണ് ആഘോഷം നടത്തിയത്.
കോൺസുലേറ്റ് ഓഫീസിൽ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്നതിനിടെ ഖാലിസ്ഥാൻ അനുകൂലികൾ മുദ്രാവാക്യം മുഴക്കി ഓഫീസിന് മുന്നിലെത്തി. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ഓഫീസ് വളപ്പിൽ വെച്ച് വാക്കേറ്റവുമുണ്ടായി. ഉടൻ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥർ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തു വിട്ടിട്ടില്ല. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഖാലിസ്ഥാനി പതാകകൾ വീശുന്നതും മുദ്രാവാക്യങ്ങൾ മുഴക്കുന്നതും വീഡിയോയിൽ കാണാം