തിരുവനന്തപുരം: ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോൺവെൻ്റിൽ ജോലിക്ക് എത്തിയവരെ കൂട്ടി വരാൻ ഛത്തീസ്ഗഡിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദനാ ഫ്രാൻസിസ്, പ്രീതി എന്നീ കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാകണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസമാണ് ഛത്തീസ്‌ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തത്. കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.
നാരായൻപുർ ജില്ലയിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്നത്. 19 മുതൽ 22 വയസുള്ളവരായിരുന്നു ഇവർ. റെയിൽവേ സ്റ്റേഷനിലെത്തിയ ബജ്റംഗ്‌ദൾ പ്രവർത്തകർ ഇവർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു. കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോവുകയാണെന്ന് പെൺകുട്ടികൾ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കൾ ജോലിക്ക് പോവാൻ നൽകിയ അനുമതി പത്രവും തിരിച്ചറിയൽ കാർഡുകളും പെൺകുട്ടികൾ ഹാജരാക്കുകയും ചെയ്‌തിരുന്നു. തങ്ങൾ നേരത്തെ തന്നെ ക്രൈസ്‌തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ ബജ്റംഗ്‌ദൾ പ്രവർത്തകരോ പൊലീസോ തയ്യാറായില്ല. കോൺവെന്റിൽ ജോലിയ്ക്കായാണ് പെൺകുട്ടികളെ കൊണ്ടുപോകാനിരുന്നത്. എന്നാൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് സിസ്റ്റർമാർക്കെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടികളെ പിന്നീട് ഷെൽറ്റർ ഹോമിലേക്ക് മാറ്റി. കുട്ടികൾ സിഎസ്ഐ സഭയിൽപ്പെട്ട ക്രിസ്ത്യാനികളാണ്.
അടിയന്തര ഇടപെടൽ ജോസ് കെ. മാണി എംപി
സംഭവത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി എംപി പ്രധാനനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കത്തയച്ചു. കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങി വ്യാജ ആരോപണങ്ങളുടെ പേരിൽ അന്യായമായി അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇരുവരും സീറോ-മലബാർ സഭയുടെ കീഴിലുള്ള അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭയിലെ അംഗങ്ങളാണ്. സാമൂഹികവും മാനുഷികവുമായ സേവനങ്ങൾക്കായി സമർപ്പിത ജീവിതം നയിക്കുന്നവരാണ് ഇവർ. ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കന്യാസ്ത്രീകളെ ഒരു കൂട്ടം ആളുകൾ തടഞ്ഞുനിർത്തി പ്രശനം ഉണ്ടാക്കുകയും പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്‌തത്. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ വ്യാജ ആരോപണങ്ങൾ ശരിയായ പരിശോധനയില്ലാതെ ഉന്നയിച്ചതാണെന്നും അത് അവർക്ക് അനാവശ്യമായ പീഡനത്തിനും ദുരിതത്തിനും കാരണമായെന്നും അദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നു രാജീവ് ചന്ദ്രശേഖർ
ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നിരപരാധികളെ സംരക്ഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. മലയാളികളായ രണ്ട് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം അറിഞ്ഞപ്പോൾ തന്നെ അടിയന്തരമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണം. ഛത്തീസ്മഢ് സർക്കാരുമായി ബന്ധപ്പെട്ട ഉന്നതരോട് നിരപരാധികളെ സംരക്ഷിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നത് വസ്തുതകൾ സഹിതം പുറത്തുവരണം. നിഷ്‌പക്ഷമായ അന്വേഷണം നടത്തണമെന്നും സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.