Thursday, January 29, 2026
Mantis Partners Sydney
Home » കേരളത്തിലെ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം ദേശീയ ശരാശരിയേക്കാൾ താഴെ
ലോക്‌സഭ

കേരളത്തിലെ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം ദേശീയ ശരാശരിയേക്കാൾ താഴെ

by Editor

ന്യൂഡൽഹി: കേരളത്തിലെ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം ദേശീയ ശരാശരിയേക്കാൾ താഴെയെന്ന് കണക്കുകൾ. പതിനെട്ടാം ലോക്‌സഭ നിലവിൽ വന്ന് 20 മാസം പൂർത്തിയായപ്പോൾ പുറത്ത് വന്ന കണക്കിലാണ് വിവരങ്ങൾ ഉള്ളത്. എംപിഎൽഎഡിഎസ് പ്രകാരം, ഓരോ എംപിക്കും പ്രതിവർഷം 5 കോടി രൂപയുടെ നിയോജകമണ്ഡലതല വികസന പ്രവർത്തനങ്ങൾ ശുപാർശ ചെയ്യാൻ അർഹതയുണ്ട്. എന്നാല്‍, 2026 ജനുവരി 21-ലെ എംപവേർഡ് ഇന്ത്യൻ എംപിഎൽഎഡിഎസ് ഡാഷ്‌ബോർഡിൽ ലഭ്യമായ വിവരമനുസരിച്ച് ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ കേരള എംപിമാർ പിന്നിലാണെന്ന് വ്യക്തമാകുന്നു.

എംപി ഫണ്ട് ചെലവഴിക്കലിൽ ലോക്‌സഭ എംപിമാരുടെ ദേശീയ ശരാശരി 28.1 ശതമാനമാണ്. രാജ്യസഭ എംപിമാരുടേത് 44.2 ശതമാനവും. എന്നാൽ കേരളത്തിലെ എംപിമാരുടെ ചെലവഴിക്കൽ വളരെ കുറവാണ്. 11.4 ശതമാനം മാത്രമാണ് കേരളത്തിലെ ലോക്‌സഭ എംപിമാർ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള രാജ്യസഭ എംപിമാരാകട്ടെ 14.74 ശതമാനവും ചെലവഴിച്ചുവെന്നാണ് 2026 ജനുവരി 21-ലെ എംപി എൽഎഡിഎസ് ഡാഷ് ബോർഡ് വ്യക്തമാക്കുന്നത്.

കേരളത്തിൽ നിന്നുള്ള ലോക് സഭ എംപിമാരിൽ എം.കെ രാഘവൻ, ഇ.ടി മുഹമ്മദ് ബഷീർ എന്നിവർ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അബ്‌ദുസമദ് സമദാനി 0.33 ശതമാനം ചെലവഴിച്ചപ്പോൾ, കെ. ഫ്രാൻസിസ് ജോർജ്, ഷാഫി പറമ്പിൽ എന്നിവർ നാല് ശതമാനമാണ് ചെലവഴിച്ചത്.

എംപി ഫണ്ട് വിനിയോഗത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം ഉള്ളവർ വളരെ പിന്നിലാണെന്നാണ് വ്യക്തമാകുന്നത്. ഇതിൽ കേവലം ആറ് ശതമാനത്തിന് അടുത്ത് മാത്രമാണ് (5.97 ശതമാനം) തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ചെലവഴിച്ചത്. ശശി തരൂർ 13.28 ശതമാനം, പ്രിയങ്കാ ഗാന്ധി 13.37 ശതമാനം, അടൂർ പ്രകാശ് 14.25 ശതമാനം, രാജ്മോഹൻ ഉണ്ണിത്താൻ 14.32 ശതമാനം, ഹൈബി ഈഡൻ 15.23 ശതമാനം എന്നിങ്ങനെയാണ് മറ്റ് എംപിമാർ ചെലവഴിച്ചിട്ടുള്ളത്.

കേരളത്തിലെ ലോക്‌സഭ എംപിമാരിൽ ഏറ്റവും കൂടുതൽ ഫണ്ട് വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുള്ളത് ഇടുക്കി എംപി ഡീൻ കുര്യാക്കോസാണ്. 24.33 ശതമാനം. കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രൻ 21.42 ശതമാനം, വി. കെ ശ്രീകണ്ഠൻ 18.73 ശതമാനം എന്നിവരാണ് കൂടുതൽ പണം വിനിയോഗിച്ച എംപിമാർ. രാജ്യസഭ എംപിമാരിൽ മികച്ച ഫണ്ട് വിനിയോഗം ജോൺ ബ്രിട്ടാസിനാണ്. 26.32 ശതമാനമാണ്. കേരളത്തിലെ മൊത്തം രാജ്യസഭാംഗങ്ങളുടെ ഫണ്ട് വിനിയോഗം വെറും 14.74 ശതമാനം മാത്രമാണ്.

അതേസമയം സാങ്കേതികമായി വൈകുന്നതാണ് പദ്ധതി നടത്തിപ്പുകള്‍ക്ക് വെല്ലുവിളിയെന്നാണ് എംപിമാരുടെ വിശദീകരണം. ഭരണപരമായ വീഴ്‌ചകളാണ് ഫണ്ട് വിനിയോഗത്തിലെ മോശം അവസ്ഥയ്ക്ക് കാരണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. പരിഷ്‌കരിച്ച എംപി എൽഎഡിഎസ് മാർഗ നിർദേശങ്ങൾ പ്രകാരം ഓരോ നിർദേശവും ജില്ലാ നിർവഹണ അതോറിറ്റി 45 ദിവസത്തിനുള്ളിൽ അംഗീകരിക്കണം. എന്നാൽ പ്രായോഗികമായി നടപ്പാക്കൽ ഓഫീസുകളിൽ നിന്ന് എസ്റ്റിമേറ്റുകളും നിർബന്ധിത രേഖകളും ലഭിക്കുന്നതിൽ പതിവായി കാലതാമസം ഉണ്ടാകാറുണ്ട്. ഇത് പല പദ്ധതികളും സമയപരിധി മൂലം നഷ്ടപ്പെടാൻ കാരണമാകുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

ടെൻഡർ പ്രക്രിയയിലും ബില്ലുകൾ സമർപ്പിക്കുന്നതിലും അനുമതി നൽകുന്നതിനുണ്ടാകുന്ന കാലതാമസം പദ്ധതി പൂർത്തീകരണം കൂടുതൽ വൈകിപ്പിക്കുന്നുവെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. എംപിഎൽഎഡിഎസ് പദ്ധതികളുടെ നടത്തിപ്പിൽ കരാറുകാരെ കണ്ടെത്തുന്നത് പ്രധാന തടസ്സമായി തുടരുന്നുവെന്ന് സിപിഎം എംപി കെ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. എം‌പി‌എൽ‌എ‌ഡി‌എസ് ഡാഷ്‌ബോർഡിൽ പ്രതിഫലിക്കുന്നത് പ്രധാനമായും സാങ്കേതികമാണ്. മാത്രമല്ല വിനിയോഗത്തിന്റെ കാര്യക്ഷമത യഥാർത്ഥത്തിൽ കാണിക്കുന്നില്ല. മിക്കവാറും എല്ലാ എം‌പിമാരും അവരുടെ ഫണ്ടുകളുടെ 100% അനുവദിക്കുന്നുണ്ടെന്നും കാലതാമസം പ്രധാനമായും നടപടിക്രമപരം, സാങ്കേതികം, ഭരണപരമായ തടസ്സങ്ങൾ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Send your news and Advertisements

You may also like

error: Content is protected !!