Monday, December 15, 2025
Mantis Partners Sydney
Home » തദ്ദേശ തിരഞ്ഞെടുപ്പ്: യുഡിഎഫിന് ചരിത്ര മുന്നേറ്റം; തലസ്ഥാനത്ത് ബി ജെ പി.
തദ്ദേശ തിരഞ്ഞെടുപ്പ്: യുഡിഎഫിന് ചരിത്ര മുന്നേറ്റം; തലസ്ഥാനത്ത് ബി ജെ പി.

തദ്ദേശ തിരഞ്ഞെടുപ്പ്: യുഡിഎഫിന് ചരിത്ര മുന്നേറ്റം; തലസ്ഥാനത്ത് ബി ജെ പി.

by Editor

തിരുവനന്തപുരം: കേരളത്തിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം യുഡിഎഫിന് ചരിത്ര മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി നടന്ന ഈ പോരാട്ടത്തിൽ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും യുഡിഎഫ് വ്യക്തമായ ആധിപത്യം നേടി. ആകെയുള്ള 86 മുനിസിപ്പാലിറ്റികളിൽ 54 എണ്ണത്തിലും യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫ് 28 ഇടത്തായി ചുരുങ്ങി. രണ്ടിടത്തു എൻ ഡി എയും വിജയിച്ചു. ആറ് കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഫും ഒന്ന് വീതം എൻഡിഎയും എൽഡിഎഫും വിജയിച്ചു. ജില്ലാ പഞ്ചായത്തുകളിൽ ഏഴിടത്ത് എൽഡിഎഫും ഏഴിടത്ത് യുഡിഎഫും വിജയിച്ചു.

Kerala local body election results 2025 >>

മൂന്നാം പിണറായി സർക്കാർ എന്ന ഇടത് മോഹത്തിനേറ്റ കനത്ത തിരിച്ചടിയായി മാറി തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. പരമ്പരാഗത ഇടത് കോട്ടകൾ പോലും തകർത്തുകൊണ്ടായിരുന്നു യു ഡി എഫ് മുന്നേറ്റം. അതുമാത്രമല്ല ചില കുത്തക ഇടത് കോട്ടകളിൽ ബിജെപി അധിനിവേശം നടത്തി എന്നതും ഇടത് നേതൃത്വത്തെ അമ്പരപ്പിച്ചു. എഴുപത്താറ് സീറ്റുള്ള കോഴിക്കോട് കോർപറേഷനിലടക്കം വടക്കൻ കേരളത്തിൽ യുഡിഎഫ് നടത്തിയ മുന്നേറ്റം അപ്രതീക്ഷിതമായിരുന്നു. കോഴിക്കോട് ഭരണം പിടിക്കാനായില്ലെങ്കിലും പല ഇടത് കോട്ടകളും ഇളകിയാടി. ഏറെ പ്രതീക്ഷയുണ്ടായിരുന്ന കണ്ണൂർ ജില്ലയിലും എൽഡിഎഫിന് കാലിടറി. കാൽ നൂറ്റാണ്ടിന് മേൽ തുടർഭരണം നടത്തി വന്ന കൊല്ലം കോർപറേഷൻ യുഡിഎഫ് പടയോട്ടത്തിൽ ഇടത് മുന്നണിക്ക് നഷ്ട്‌ടപ്പെട്ടു. എൻഡിഎയും ഇവിടെ ശക്തമായ മുന്നേറ്റമുണ്ടാക്കി.

തലസ്ഥാനത്ത് ബി ജെ പിയുടെ മികച്ച പ്രകടനമാണ് ഇടത് മുന്നണിയെ ഞെട്ടിച്ച മറ്റൊരു തിരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് ഇവിടെ സീറ്റ് ഇരട്ടിയാക്കുകയും ചെയ്തു. കോട്ടയം, പത്തനംതിട്ട, എറണാകുളം അടക്കമുള്ള മധ്യ കേരളത്തിൽ യുഡിഎഫ് സർവ്വാധിപത്യം നേടി എന്നുതന്നെ പറയാം. കേരള കോൺഗ്രസ് എമ്മിൻ്റെ സ്വാധീന ഭൂമികയിലും കോൺഗ്രസിൻ്റെ തേരോട്ടം കണ്ടു. പാലാ മുനിസിപ്പാലിറ്റിയടക്കം തിരിച്ചു പിടിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലാ പഞ്ചായത്തുകളും യുഡിഎഫ് സ്വന്തമാക്കി. ഈ ജില്ലകളിലെ മുനിസിപ്പാലിറ്റികളിലും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫ് തരംഗം വ്യക്തമാണ്.

ആറിൽ നാല് കോർപറേഷൻ, പതിനാലിൽ ഏഴ് ജില്ലാ പഞ്ചായത്തുകൾ, എൺപത്താറിൽ അമ്പത്തിനാല് മുനിസിപ്പാലിറ്റികൾ, 152 ൽ 79 ബ്ലോക്ക് പഞ്ചായത്തുകൾ, 941 ൽ 504 ഗ്രാമ പഞ്ചായത്തുകൾ എന്നിങ്ങനെയാണ് യുഡിഎഫിൻ്റെ അക്കൗണ്ടിലുള്ളത്. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷൻ – 1, ജില്ലാ പഞ്ചായത്ത് – 3, മുനിസിപ്പാലിറ്റി – 41, ബ്ലോക്ക് പഞ്ചായത്ത് – 38, ഗ്രാമ പഞ്ചായത്ത് 321 എന്നിങ്ങനെയായിരുന്നു യുഡിഎഫിൻ്റെ സീറ്റ് നില. 2020 ൽ 514 ഗ്രാമ പഞ്ചായത്തുകളിൽ വിജയിച്ച എൽഡിഎഫിന് ഇത്തവണ വിജയിക്കാനായത് 341 പഞ്ചായത്തുകളിൽ മാത്രമാണ് എന്നതും ശ്രദ്ധേയം.

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ വിശ്വാസം അർപ്പിച്ച കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്നായിരുന്നു വിജയത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം. നിർണായകവും ഹൃദയ സ്‌പർശിയുമായ ജനവിധിയാണ് കേരളത്തിലുണ്ടായതെന്നും യുഡിഎഫിലുള്ള വർധിച്ചു വരുന്ന ആത്മവിശ്വാസത്തിൻ്റെ വ്യക്തമായ സൂചനയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

Kerala local body election results 2025 >>

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നന്ദി തിരുവനന്തപുരം’ എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. കേരളം എൽഡിഎഫിനെയും യുഡിഎഫിനെയും മടുത്തു. എൻഡിഎയിൽ നിന്നാണ് ജനം സദ്ഭരണം പ്രതീക്ഷിക്കുന്നത്. ഊർജ്ജസ്വലമായ നഗരത്തിൻ്റെ വളർച്ചയ്ക്കായി ബിജെപി പ്രവർത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. വികസിത കേരളം എന്ന ഹാഷ്‌ടാഗ്‌ സഹിതമായിരുന്നു മോഡിയുടെ ട്വീറ്റ്.

ചരിത്രം കുറിച്ചുകൊണ്ടാണ് തിരുവനന്തപുരത്ത് ബിജെപിയുടെ മുന്നേറ്റം. നിലവിൽ 100 ൽ 50 സീറ്റിലാണ് ബിജെപി ജയിച്ചത്. വിഴിഞ്ഞം ഡിവിഷനിൽ തിരഞ്ഞെടുപ്പ് നടന്നില്ല. സ്ഥാനാർത്ഥി മരിച്ചതിനാലാണ് ഇവിടെ വോട്ടെടുപ്പ് നടക്കാതിരുന്നത്. കോർപറേഷനിൽ കേവല ഭൂരിപക്ഷം തൊടാൻ ഇവിടെ ബിജെപിക്ക് ജയിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ജയിച്ച രണ്ട് സ്വതന്ത്രരെ ഒപ്പം കൂട്ടണം. ഭരണം നഷ്ടമായ ഇടതുപക്ഷം 29 സീറ്റുകളിലാണ് ജയിച്ചത്. യുഡിഎഫ് 19 സീറ്റ് നേടി. എൻഡിഎ മേയർ സ്ഥാനാർത്ഥിയായി പരിഗണിച്ച മുൻ ഡിജിപി ശ്രീലേഖ 708 വോട്ടിൻ്റെ ഭൂരുപക്ഷത്തിലാണ് വിജയിച്ചത്.

Kerala local body election results 2025 >>

Send your news and Advertisements

You may also like

error: Content is protected !!