തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8-ന് ആരംഭിക്കും. ആദ്യഫലം രാവിലെ 8.30-നും പൂർണഫലം ഉച്ചയോടെയും ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പിൽ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്.
Kerala Local Body Election Results – 2025 >>
ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. വാര്‍ഡുകളുടെ ക്രമ നമ്പർ അനുസരിച്ചായിരിക്കും വോട്ടെണ്ണൽ. തപാൽ വോട്ടുകള്‍ ആദ്യമെണ്ണും. ആദ്യ പത്ത് മിനിറ്റിനുള്ളിൽ ഫലസൂചനകൾ ലഭിച്ച് തുടങ്ങുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളിലെ ഫലങ്ങളാണ് ആദ്യം പുറത്തുവരുന്നത്. ഒരു ബൂത്ത് എണ്ണിത്തീരാൻ പരമാവധി 15 മിനിറ്റ് മതിയാകും. അര മണിക്കൂർ കൊണ്ട് ഒരു വാർഡിലെ ഫലമറിയാം. നഗരസഭ, കോർപറേഷൻ വാർഡുകളിലാണ് കൂടുതൽ തപാൽ വോട്ടുകൾ ഉള്ളതെന്ന് അധികൃതർ സൂചിപ്പിച്ചു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ വൈകിട്ടോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്.



