ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍(എഎഫ്എ). അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില്‍ കരാര്‍ ലംഘനമുണ്ടായത് കേരള സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നാണെന്ന് എഎഫ്എ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന്‍ ലിയാന്‍ഡ്രോ പീറ്റേഴ്സനുമായി ആശയവിനിമയം നടത്തിയതിന്‍റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
130 കോടിയോളം രൂപ അടച്ചിട്ടും കേരളത്തില്‍ എത്താനാവില്ലെന്ന് അറിയിച്ചത് കരാര്‍ ലംഘനമല്ലേ എന്ന് പീറ്റേഴ്‌സനോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. എന്നാല്‍ അത് ശരിയല്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ഏതുതരത്തിലുള്ള കരാര്‍ ലംഘനമാണ് കേരള സര്‍ക്കാര്‍ നടത്തിയതെന്ന കാര്യം ഈ സന്ദേശത്തില്‍ വ്യക്തമല്ല.
മെസ്സിയെയും ടീമിനെയും കേരളത്തിലെത്തിക്കാൻ അർജന്റീനാ ഫുട്‌ബോൾ അസോസിയേഷന് 130 കോടി രൂപ നൽകിയിരുന്നുവെന്നാണ് കേരളത്തിലെ സ്പോണ്‍സര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഈ വർഷം അർജന്റീന കേരളത്തിൽ കളിക്കാമെന്ന കരാറിൽ അസോസിയേഷൻ ഒപ്പിട്ടിട്ടുണ്ട്. അടുത്തവർഷം സെപ്റ്റംബറിൽ കളിക്കാനെത്തുമെന്നാണ് ഇപ്പോൾ അവരുടെ നിലപാട്. ഈ വർഷം എത്തുന്നുണ്ടെങ്കിലേ മത്സരം സംഘടിപ്പിക്കാൻ താത്പര്യമുള്ളൂ. കരാർ റദ്ദാകുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. കരാർ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും സ്പോണ്‍സര്‍ പറഞ്ഞിരുന്നു.
മെസിയുടെ കേരളാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരാണെന്ന് എഎഫ്എ വ്യക്തമാക്കിയതോടെ ഇതു സംബന്ധിച്ച് ഇനി മറുപടി പറയേണ്ടത് കായിക മന്ത്രി വി അബ്ദുള്‍ റഹ്മാനാണ്. അര്‍ജന്‍റീന ടീമിനെയും മെസിയെയും കേരളത്തിലേക്ക് എത്തിക്കുന്നതിനായി വി അബ്ദുള്‍ റഹ്‌മാൻ സ്പെയിനിലെ മാഡ്രിഡിലെത്തി ചര്‍ച്ച നടത്തിയത് ലിയാന്‍ഡ്രോ പീറ്റേഴ്സനുമായിട്ടായിരുന്നു. 13 ലക്ഷം രൂപ ചെലിട്ടാണ് മന്ത്രിയും രണ്ട് ഉദ്യോഗസ്ഥരും പീറ്റേഴ്സനുമായി ചര്‍ച്ച നടത്താനായി സ്പെയിനിലേക്ക് പോയത്. 2025-ൽ മെസ്സിയെയും അർജന്റീനിയൻ ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് കായികമന്ത്രി വി. അബ്ദുള്‍ റഹ്‌മാൻ പ്രഖ്യാപിച്ചത് 2024-ലാണ്. കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അന്ന് കായിക മന്ത്രി പറഞ്ഞത്. അര്‍ജന്‍റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് വ്യക്തമായതോടെ സ്പോണ്‍സറുടെ മാത്രം ബാധ്യതയാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇതില്‍ യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.