കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങിവരുന്നതിനിടെ ട്രെയിനില്‍വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 3.30-ന് തെങ്കാശിക്ക് സമീപംവെച്ചായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പ്രിൻസ്. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. കെഎസ്സി, കേരള യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്‌ഥാന പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നു. കേരള കോൺഗ്രസിന്റെ സ്‌ഥാപകനേതാക്കളിലൊരാളായ ഒ.വി ലൂക്കോസിൻന്റെ മകനാണ് പ്രിൻസ് ലൂക്കോസ്. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ്. കാനറ ബാങ്ക് ഉദ്യോഗസ്‌ഥ സിന്ധുവാണ് ഭാര്യ. വിദ്യാർഥികളായ ഹന്ന, ലൂക്ക എന്നിവരാണ് മക്കൾ.



