ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽ സികെ കവിതയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കവിതയുടെ പിതാവും മുൻ തെലങ്കാന മുഖ്യമന്ത്രിയും പാർട്ടി പ്രസിഡന്റുമായ കെ ചന്ദ്രശേഖര റാവുവാണ് പുറത്താക്കാനുള്ള തീരുമാനം സ്വീകരിച്ചത്. പാർട്ടി നയങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ അസമീപകാല അഭിപ്രായങ്ങളും പ്രവർത്തനങ്ങളും അച്ചടക്ക നടപടിക്ക് കാരണമായെന്ന് കെ.സി.ആർ വ്യക്തമാക്കി. “പാർട്ടി എംഎൽസി കെ. കവിതയുടെ സമീപകാല പെരുമാറ്റവും തുടർച്ചയായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും ബിആർഎസ് പാർട്ടിക്ക് ദോഷം വരുത്തുന്നതിനാൽ പാർട്ടി നേതൃത്വം ഈ വിഷയം ഗൗരവമായി കാണുന്നു. കെ കവിതയെ അടിയന്തര പ്രാബല്യത്തോടെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ പാർട്ടി പ്രസിഡന്റ് കെ ചന്ദ്രശേഖര റാവു തീരുമാനമെടുത്തു,” എക്‌സിലെ ഒരു പോസ്റ്റിൽ ബിആർഎസ് വ്യക്തമാക്കി.
കെസിആറിന് എതിരായ സിബിഐ അന്വേഷണത്തിന് ഉത്തരവാദി പാർട്ടിയിലെ മുതിർന്ന നേതാവും ബന്ധുവുമായ ടി ഹരീഷ് റാവുവാണെന്ന് പരസ്യമായി ആരോപിച്ചതാണ് സസ്പെൻഷന് കാരണം. ഭാരത് രാഷ്ട്ര സമിതിയിൽ (ബിആർഎസ്) വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി എന്നുള്ളതാണ് ആരോപണം. പാർട്ടി ഇതിനകം തന്നെ ആഭ്യന്തര വെല്ലുവിളികൾ നേരിടുന്ന സമയത്താണ് കവിതയെ സസ്പെൻഡ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കെ.സി.ആറിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയതിന് പാർട്ടി പ്രവർത്തകരെ കവിത പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. മുതിർന്ന നേതാവ് ടി. ഹരീഷ് റാവുവും മുൻ എം.പി മേഘ കൃഷ്ണ റെഡ്ഡിയും തൻ്റെ പിതാവിന് അഴിമതി ടാഗ് നൽകിയെന്നും തന്നെ ഒതുക്കാൻ ഹരീഷ് റാവുവും സന്തോഷ് കുമാറും ഗൂഢാലോചന നടത്തിയെന്നും അവർ ആരോപിച്ചു.