Mantis Partners Sydney
Saturday, February 14, 2026
Mantis Partners Sydney
Home » കാസയും പീലാസയും
കാസയും പീലാസയും

കാസയും പീലാസയും

കഥ

by Editor
Send your news and Advertisements

പള്ളിയിൽ അച്ചൻ കുർബാന ചൊല്ലുന്ന അതേ വികാര തീവ്രതയോടെയാണ് ഏലീശ്വ പുസ്തകം വിടർത്തി വച്ച് പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ടിരുന്നത്. വർണാഭമായ വസ്ത്രങ്ങളണിയുന്ന അച്ചനെ അനുകരിക്കാൻ നോക്കിയെങ്കിലും അത്ര വിശിഷ്ടതയുള്ള ഒരു തുണിയും വീട്ടിലെങ്ങും ഏലീശ്വ കണ്ടില്ല. സ്വർണ്ണ നൂലുകളാൽ നെയ്തെടുത്ത കാസ പീലാസകളും അഞ്ചപ്പോം രണ്ടു മീനും പിന്നെ അച്ചൻ പുറകോട്ട് തിരിഞ്ഞു നിൽക്കുമ്പോൾ കാണുന്ന മുന്തിരിവള്ളിയും ഇലകളും തുടുത്ത മുന്തിരിക്കുലകളുമൊക്കെ ഏലീശ്വയ്ക്ക് എവിടുന്നു കിട്ടാൻ..!

പകരം, അപ്പൻ കുളികഴിഞ്ഞ് പിഴിഞ്ഞു കുടഞ്ഞ് മുറ്റത്തെ അയയിലിട്ടിരുന്ന നനഞ്ഞ തോർത്താണവൾ പള്ളിയിൽ അച്ചനണിയുന്ന മേലങ്കി പോലെ പുതച്ചു നിന്നത്.
അന്ന, അച്ചനാകാം എന്നു പറഞ്ഞത് ഏലീശ്വ സമ്മതിച്ചില്ല.
നീ കപ്യാരായാൽ മതി. അടുത്ത പ്രാവശ്യം അച്ചനായിക്കോ..
പതിവു പോലെ ഏലീശ്വ പറയും.
വാഴ്ത്തുകളും പുകഴ്ത്തലുകളുമെല്ലാം അച്ചന് (അതായത് പ്രധാന ഡയലോഗെല്ലാം ഏലീശ്വയ്ക്ക്)…
‘പ്രാർത്ഥിക്കാം നമുക്ക് സമാധാനം’ എന്ന് ഇടയ്ക്കിടെ പറയുന്ന കപ്യാരുടെ റോൾ അന്നയ്ക്ക്.
പിന്നെ കാറോസൂസ ചൊല്ലുന്നത് ജനം ഏറ്റുപറയുന്നത് അന്നയ്ക്കിഷ്ടമാണ്..
എന്തൊക്കെയായാലും
ഒരു പ്രാവശ്യം പോലും അച്ചനാകാൻ അന്നയെ ഏലീശ്വ അനുവദിയ്ക്കില്ല.
കുർബാനപ്പുസ്തകം രണ്ടു പേരുടെ കയ്യിലുമുണ്ടെങ്കിലും ഏലീശ്വയ്ക്ക് മടുക്കുമ്പോൾ കുർബ്ബാന ചൊല്ലലങ്ങ് നിർത്തിക്കളയും. ഒരു നീളൻ കുർബ്ബാന മുഴുവനൊക്കെ വായിക്കാൻ ആരെക്കൊണ്ട് പറ്റും..!

കാസ പീലാസകളുയർത്തും പോലെ വലിയ ചിരട്ടയൊന്നും, ചെറിയ ചിരട്ടയൊന്നും കൈകളിലേന്തി അത്യന്തം നാടകീയമായി, താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ ഈശോ തന്റെ ദിവ്യമായ തൃക്കരങ്ങളിലപ്പമെടുത്ത് സ്വർഗ്ഗത്തിലേക്ക്, പിതാവായ ദൈവത്തിന്റെ പക്കലേക്ക് കണ്ണുകളുയർത്തി… എന്ന കുർബാന വിശുദ്ധീകരണം ഏലീശ്വാ അത്യന്തം ഭക്തിനിർഭരമായി അവതരിപ്പിക്കും. അന്നയപ്പോൾ ആദരവോടെ തല കുനിച്ച് നിൽക്കും.

‘ഞാനീ ചെയ്തത് നിങ്ങളെന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ’ എന്നു പറയുന്നിടം വരെ അന്ന ആ നിൽപ്പ് നിൽക്കും..
ഇളയവൾ തീരെ കുഞ്ഞായ മേരി അമ്മയുടെ എളീന്നെറങ്ങാതെ കിണുങ്ങിയിരിക്കുന്നതു കൊണ്ട് അമ്മ കുർബാന ചൊല്ലലിന്റെ സീനൊന്നും കാണില്ല..
പക്ഷേ, വല്യമ്മച്ചി എവിടുന്നേലും ഓടിപ്പാഞ്ഞു വന്ന് ‘എന്റെ കർത്താവേ ഈ കുഞ്ഞുങ്ങളെക്കൊണ്ട് തോറ്റല്ലോ …’
എന്നും പറഞ്ഞ് കാസ പീലാസകളായ ചിരട്ടകളും മറ്റ് കുർബാന സാമഗ്രികളും വാരിക്കൂട്ടി, മുന്തിരിവള്ളികളും കുലകുല മുന്തിരികളും സ്വർണ്ണ നൂൽപ്പണികളുമുണ്ടെന്നും വിചാരിച്ച് ഏലീശ്വ പുതച്ച അപ്പന്റെ തോർത്തും വലിച്ചെടുത്ത് ‘പൊക്കോണം രണ്ടും’ എന്നും പറഞ്ഞ് പിള്ളാരെ ഓടിക്കും. ‘ഇനിയൊരു ബലി അർപ്പിക്കുവാൻ ഞാൻ വരുമോ ഇല്ലയോ എന്നറിയില്ല…’
എന്നും ചൊല്ലിക്കൊണ്ടാണ് ഏലീശ്വാ മണ്ടിപ്പായുന്നത്…

അമ്മയ്ക്ക് അടുക്കളേന്നെറങ്ങാൻ നേരം കിട്ടില്ല. പോരാഞ്ഞ് കുഞ്ഞുമേരീടെ കാര്യങ്ങൾ.
വല്യമ്മച്ചിയുടെ അണ്ടറിലാണ് ഏലീശ്വയും അന്നയും.
കുളിക്കാനും ഉണ്ണാനുമുറങ്ങാനും എല്ലാം വല്യമ്മച്ചിയാണ് തുണ. കണിശക്കാരിയാണ് വല്യമ്മച്ചി.
മുറ്റം തൂത്താൽ ചൂല് കഴുകി വെക്കും.
കാലും കയ്യും കഴുകുമ്പോഴെല്ലാം ഇട്ടിരിക്കുന്ന ചെരുപ്പും ഉരച്ച് കഴുകും.
സന്ധ്യയായാൽ കട്ടിലെല്ലാം കുടഞ്ഞു വിരിക്കും.
പിന്നെ ഉറങ്ങാനല്ലാതെ ആ മുറീലോട്ട് കേറാൻ ആരെയും സമ്മതിക്കില്ല. കുരിശു വരേം അത്താഴോം കഴിഞ്ഞ് വല്ല്യമ്മച്ചീടെ കൂടെ അപ്പുറവും ഇപ്പുറവുമായി ഏലീശ്വയും അന്നയും കിടന്നുറങ്ങും.

ഇടയ്ക്കിടെ വല്യമ്മച്ചി ഒരു ധൂമ വലയത്തിനുള്ളിൽ അത്ഭുതം പോലെയിരിക്കുന്നത് കാണാം.
ഉമ്മത്തിന്റെ ഇലയും പൂവും ഉണക്കിപ്പൊടിച്ചത് നിറച്ച് ചുരുട്ടാക്കി വലിക്കുന്ന ദിവസമാണങ്ങനെ പുകയക്ഷിയാകുന്നത്. വല്യമ്മച്ചിക്ക് വലിവിന്റെ അസുഖമുണ്ട്. അത് മാറാനാണീ പുകവലി. പറമ്പിന്റെ അതിരുകളിൽ ഉമ്മം വളർത്തുന്നുണ്ട്. ഇളം വയലറ്റ് പൂക്കൾ വിടർന്നു നിൽക്കുന്ന ചെടിയുടെ അടുത്തെങ്ങും ചെല്ലരുതെന്ന് രണ്ടു പിള്ളാരെയും വല്യമ്മച്ചി വിലക്കിയിട്ടുണ്ട്. വലിവിന് മരുന്നാണെങ്കിലും ആ ചെടിയിൽ വിഷമയമുണ്ടെന്ന് വല്യമ്മച്ചി ഏലീശ്വയോടും അന്നയോടും പറഞ്ഞു.

അപ്പനോട് പറഞ്ഞ് ആശുപത്രിയിലെ മരുന്ന് വാങ്ങിച്ചാൽ പോരെയെന്ന് ഏലീശ്വ വല്യമ്മച്ചിയോട് ചോദിച്ചിട്ടുണ്ട്.
അതു കേട്ടാൽ വല്യമ്മച്ചി മിണ്ടാതെ കണ്ണുകൾ കൂർപ്പിച്ച് ഏലീശ്വയെ നോക്കിയിരിക്കും. അത്രേയുള്ളു.
പുകച്ചുരുളുകൾക്കിടയിലിരിക്കുന്ന വല്യമ്മച്ചിയെ ജനാലയ്ക്കൽ കൂടി എത്തിവലിഞ്ഞു നോക്കും ഏലീശ്വ .
ചട്ടേടേം മുണ്ടിന്റേം വെള്ളായം ഉമ്മത്തിൻ പുകയിൽ നിറഞ്ഞ് വല്യമ്മച്ചിയെ അഭൗമയാക്കുന്നത് ഏലീശ്വയ്ക്ക് പേടിയാണ്. പുകയും അതിന്റെ ഗന്ധവും ഇടയ്ക്കിടെ വല്ലാത്ത ഒച്ചയോടെയുള്ള വല്യമ്മച്ചിയുടെ ചുമയുമൊക്കെക്കൊണ്ടാണ് വല്യമ്മച്ചി പുകയക്ഷിയാണെന്ന് ഏലീശ്വ പറഞ്ഞു നടക്കുന്നത്.

അമ്മയുടെ പിച്ചും നുള്ളുമൊക്കെ കിട്ടിയാലും ഏലീശ്വ കന്നത്തരങ്ങൾ പറയും.
എലിസബത് താനിങ്ങനെ സിഗററ്റ് വലിക്കുന്നതെന്തിനാണ് ?’
‘ചുമ്മാ.. ഒരു രസമല്ലേ…’ കണ്ണ് കൂർപ്പിച്ച് മാധവനുണ്ണിയെ നോക്കി ഏലീശ്വ പുകയൂതിപ്പറപ്പിക്കും..
മറന്നുപോയി.. നേരത്തെ പറഞ്ഞ കാര്യങ്ങളൊക്കെ നടന്നത് വളരെ പണ്ടായിരുന്നു.
ഏലീശ്വയ്ക്ക് പത്തു വയസ്സൊക്കെയേ കാണു അപ്പോഴൊക്കെ..

ഒരു കാര്യം കൂടി, ഇപ്പോൾ ഏലീശ്വ എന്ന പേര് ആരും അവളെ വിളിക്കാറില്ല. എലിസബത് എന്നതാണ് ഒഫീഷ്യൽ പേര്. എന്തെല്ലാം ഓമനപ്പേരുകളാണ് ചെറുപ്പത്തിൽ എല്ലാവർക്കും. മുതിർന്ന് വളർന്നു കഴിഞ്ഞാൽ അങ്ങനെയൊന്നും ആരും വിളിക്കില്ല. ഓമനിച്ച് ഓരോ പേരുകൾ വിളിച്ചവരെല്ലാം മാഞ്ഞുമാഞ്ഞു പോകും.
ഓമന വാക്കുകൾ
കൊഞ്ചിപ്പറയലുകൾ
വികൃതികൾ
ഇതൊന്നുമില്ലാതെ മരം പോലെ വളരുന്ന മനുഷ്യർ.
മരം പോലെ വളർന്നു പോയി ഏലീശ്വ.
ഉണ്ണീടമ്മ എനിക്കിട്ട പേര് ഉണ്ണിയെന്താ വിളിക്കാത്തത്..?’
‘അരുന്ധതി എന്ന പേര് നിനക്ക് ഒട്ടും ചേരില്ല. വല്യമ്മച്ചിയിട്ട പേരല്ലേ നിനക്കിഷ്ടം’
‘അത് ഏലീശ്വ അല്ലേ.. ഉണ്ണി എലിസബത് എന്നല്ലേ എന്നെ വിളിക്കൂ..’
‘ആദ്യം കണ്ടപ്പോൾ ഏലീശ്വ എന്നല്ലല്ലോ പറഞ്ഞത്.’
കണ്ണ് കൂർപ്പിച്ച് അവൾ മാധവനുണ്ണിയെ നോക്കി ചിരിച്ചതേയുള്ളു.

അവൾ ജനാലയ്ക്കരുകിൽ ചെന്ന് പുറത്തേക്ക് നോക്കിനിന്നു. ബീച്ചിനടുത്തെ ആ ഫ്ളാറ്റിൽ നിന്നുള്ള ഏറ്റം നല്ല കടൽക്കാഴ്ചകളാണ് അവിടുന്ന് നോക്കിയാൽ കിട്ടുന്നത്.
കുറെ നേരം നിന്നപ്പോൾ നനവുള്ള കാറ്റേറ്റ് അവൾക്ക് തണുക്കാൻ തുടങ്ങി..
ആസ്ത്മ ശല്യം ഈയിടെ കൂടി വരുന്നുണ്ട്.
മാധവനുണ്ണിയുടെ ഫോട്ടോയുടെ അടുത്തിരുന്ന മരുന്നു കൂടുകൾ തിരഞ്ഞ് വൈകുന്നേരത്തെ ഗുളികകളെടുത്ത് കഴിച്ചു..
ഉണ്ണി എത്ര സുന്ദരനാണ്..
ചിരി തുളുമ്പി വരുന്ന ചുണ്ടുകളോടെ നോക്കുന്നു.

ഗുളികകൾ കഴിച്ചിട്ട് കസേരയിൽ പോയിരുന്നു..
അടക്കാൻ നോക്കിയിട്ടും വലിവ് തള്ളി പുറത്തേക്ക് വരുന്നു.
ഉമ്മത്തിൻ പുകയ്ക്കുള്ളിൽ വെള്ളായം പോലെ വല്യമ്മച്ചി.
‘അപ്പനോട് പറഞ്ഞ് ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങിക്കൂടേ?’
ഏലീശ്വ വല്യമ്മച്ചിയോട് ചോദിക്കുന്നു.

ഉമ്മത്തിന്റെ ചെടിയോ പൂവോ പിന്നെയൊരിക്കലും കണ്ടിട്ടേയില്ല.
മരുന്ന് പാത്രമെടുത്ത് എല്ലാ ഗുളികകളും വാരിയിട്ട് നോക്കി..
ഒരു സിഗററ്റ് കിട്ടിയിരുന്നെങ്കിൽ..!
മേശവലിപ്പുകളുംകൈ ബാഗുകളുമെല്ലാം തുറന്നുപരതി..

വലിവിന്റെ കരകരപ്പ് ഒച്ചവെക്കുന്നു..
വയ്യാതാകുന്നു.
കസേരയിലിരുന്ന് മേശമേൽ തലചായ്ച്ച് കിടന്നു..
കതകിൽ തട്ടിയോ ബെല്ലടിച്ചോ ശല്യമാകാൻ ആരും വരാതിരിക്കട്ടെ..
രണ്ട് മൂന്ന് ദിവസം കഴിയുമ്പോൾ ആരെങ്കിലുമൊക്കെ വന്ന് ബലം പ്രയോഗിച്ച് തുറക്കട്ടെ..

ആൻസി സാജൻ
email: ancysajans@gmail.com

You may also like

error: Content is protected !!