ആര്യന്മാരുടെ വരവോടെ സംസ്കൃത ഭാഷ ദ്രാവിഡ ഭാഷകളുടെ മേൽ സ്വാധീനമുണ്ടാക്കിയതുപോലെയാണ് കേരളത്തിൽ രാഷ്ട്രീയ സ്വാധീനം വളർന്ന് കുട്ടിനേതാക്കന്മാരടക്കം കടിഞ്ഞാണില്ലാത്ത കുതിരകളെപോലെ സഞ്ചരിക്കുന്നത്. ജനങ്ങൾക്കിടയിൽ കേരളീയമായ ഒരു ഐക്യബുദ്ധി രാഷ്ട്രീയക്കാർ വളർത്തിയതിന്റെ പുതുമയും പ്രൗഡിയുമാണ് ഇന്ന് കേരളത്തിൽ ജ്വലിച്ചു് നിൽക്കുന്ന ജനപ്രതിനിധി രാഹുൽ മാങ്കൂട്ടത്തിന്റെ വീർപ്പ്‌മുട്ടൽ. എല്ലാവരുംകൂടി ആരാൻ്റെ മകളെ ഒന്ന് പ്രസവിപ്പിക്കു എന്ന നിലയിലെത്തിയിരിക്കുന്നു. സ്ത്രീത്വത്തിൻ്റെ നിശ്ശബ്ധ വേദനകളും സാമൂഹ്യജീർണ്ണതകളും തുടച്ചുമാറ്റിയ മണ്ണിൽ വിശുദ്ധിയില്ലാത്ത സ്ത്രീപുരുഷന്മാരുടെ വെളിപാടുകൾ മാധ്യമങ്ങളിൽ ഇടിത്തീയായി മാറുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാക്ഷരതാബോധം കാറ്റ് വിതച്ചു് കൊടുംകാറ്റ് കൊയ്യുകയാണോ?
രാഹുൽ മാങ്കൂട്ടം സംശയങ്ങളുടെ നിഴലിലാണ്. ഉയർന്നുകേൾക്കുന്നത് യഥാർത്ഥ പ്രണയമോ അതോ വക്രതയോ പ്രതികാരമോ? മൃദു മന്ദഹാസത്തോടെ നീണ്ടവർഷങ്ങൾ സോഷ്യൽ മീഡിയ ചാറ്റുകൾ നടത്തി പ്രണയസാഗരത്തിൽ നീന്തിമുങ്ങിക്കുളിച്ചവർ ആരെ പ്രീതിപ്പെടുത്താനാണ് ഇപ്പോൾ രംഗത്ത് വന്നത്? നീണ്ട നാളുകൾ ഒരാൾ പ്രണയിച്ചതിന്റെ പ്രത്യുപകാരമോ? ഒരു പുരുഷനോട് താൽപര്യമില്ലെങ്കിൽ എന്തിനാണ് ആ ബന്ധം തുടർന്നത്? കേരളത്തിൻ്റെ പല ഭാഗങ്ങളിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുകയല്ലാതെ മാലിന്യനിർമ്മാർജനം നടക്കുന്നില്ല എന്നതുപോലെ ചില സ്ത്രീ പുരുഷ കാമമനോരോഗികളിൽ കാണുന്ന മാലിന്യ ദുർഗന്ധമാണ് കാണുന്നത്. ഏത് രാഷ്ട്രീയ പാർട്ടിയായാലും എതിരാളിയെ അടിച്ചുവീഴ്ത്താൻ ലൈംഗികത ആരോപണ പ്രത്യാരോപണ തന്ത്രമല്ല വേണ്ടത് മാതൃകാപരമായി ശിക്ഷകൾ നടപ്പാക്കണം. സ്ത്രീ ലംബടന്മാരായ നേതാക്കളെ സംരക്ഷിക്കരുത്. ഇതെല്ലാം കണ്ടുവളരുന്ന യുവാക്കൾ നേരിന്റെ പാതയിൽ സഞ്ചരിക്കുമോ? ഇപ്പോൾ ഭരണ പ്രതിപക്ഷ രംഗത്തുള്ള എം.എൽ.എ.മാർ ആരോപണമുയർന്ന് നിയമത്തിൻ്റെ മുന്നിൽ വന്നവരാണ്. സ്ത്രീപീഡകർക്ക് ഇരിക്കാനുള്ള ഇരിപ്പിടമാണോ നിയമസഭ?
പ്രണയത്തിന് വിഘ്‌നം സംഭവിക്കുമ്പോൾ പ്രണയദാതാക്കൾ ഒളിച്ചോടുക പതിവാണ്. ഇവരുടെ കാൽപ്പനിക പ്രണയത്തിന് എന്തെല്ലാം ചേരുവകൾ ഉണ്ടെന്ന് ആർക്കുമറിയില്ല. നമ്മുടെ സംസ്‌കാരത്തിന് ജാഗരൂകരാകേണ്ട മാധ്യമങ്ങൾ അത് തട്ടികൊണ്ട്പോയി അനാരോഗ്യതലത്തിലെത്തിക്കുന്നു. ഇതേ സമയം കോഴിക്കോട്ട് ഒരു പാവം ബംഗാളിപെൺകുട്ടിയെ അഞ്ചു് കാമഭ്രാന്തന്മാർ ക്രൂരമായി ബലാത്സംഗം ചെയ്‌തല്ലോ. എന്താണ് ഇവരുടെ ക്യാമറക്കണ്ണുകൾ അങ്ങോട്ട് തിരിയാത്തത് സുന്ദരി സുന്ദരന്മാരുടെ കഥകൾ ആളിക്കത്തിച്ച് എണ്ണം കൂട്ടിയാൽ മതിയോ? പീഡിതർ എന്നും ഒറ്റപ്പെട്ടവരാണ്. മാധ്യമ മുതലാളിമാരുടെ കീശ വീർപ്പിക്കാൻ പൈങ്കിളി കഥകളുമായി വരുമ്പോൾ പാവങ്ങളുടെ മഹാസങ്കടങ്ങൾ കാണേണ്ടതല്ലേ? കേരളത്തിലെ എല്ലാം മേഖലകളിലും സ്ത്രീകൾക്ക് നേരെയുള്ള പുരുഷമേധാവിത്വം മേലാള കീഴാള സ്ത്രീകളെ സൃഷ്ടിക്കലാണോ?
രാഷ്ട്രീയ രംഗം മാത്രമല്ല കലാ സാഹിത്യ സിനിമ സർക്കാർ ഉദ്യോഗസ്ഥരടക്കമെടുത്താൽ സ്‌തുതിപാഠക – ഉപജാപകരുടെ മലീമസമായ തടവറകളിലാണ് ബഹുഭൂരിപക്ഷം സ്ത്രീകൾ ഓരോ ദിനവും തള്ളി നീക്കുന്നത്. വന്യമായ ലൈംഗികതയുടെ തീക്ഷ്‌ണത പുറത്തുപറയാൻ അവർക്ക് ഭയമാണ്. മതഭ്രാന്തു പോലെ കാമഭ്രാന്തന്മാരിൽ അനുരാഗത്തിൻ്റെ ഒരു കണികപോലും കാണില്ല. ഇവരുടെ സംരക്ഷകരായി അധികാരമുള്ളവരും യൂണിയനുകളും എത്താറുണ്ട്. ഇതെല്ലാം സംഭവിക്കുന്നത് അധികാരത്തിന്റെ, സമ്പത്തിന്റെ മണിത്തിണ്ണവിരിപ്പിൽ ഇവരെ വരിഞ്ഞുകെട്ടുന്നതുകൊണ്ടണ്. അറിവും ആർജ്ജവും ഉർജ്ജവു മുള്ള സ്ത്രീകൾ ഭയം, ഭീതി, ചൂഷണം തിരിച്ചറിയുന്നവരാണ്. യഥാർത്ഥ പ്രണയം, ലൈംഗികത എന്തെന്ന് സ്ത്രീസത്തയറിയുന്നവർക്കറിയാം. ചക്കരയിൽ പറ്റിയ ഈച്ചകളെപോലെ ജീവിക്കുന്ന പെങ്കോന്തന്മാരെ സമർത്ഥരായ യുവതികൾ തിരിച്ചറിയും. അവർ പ്രലോഭനങ്ങളിൽ വീഴുന്നവരല്ല. സ്ത്രീകളെ ഉപഭോഗ വസ്തുവായി കാണുന്ന സ്ത്രീലമ്പടന്മാർക്ക് സ്നേഹം, പ്രണയമറിയില്ല. നമ്മൾ കേൾക്കുന്ന വാർത്തകൾ ആയിരങ്ങളിൽ ഒന്ന് മാത്രം. സോഷ്യൽ മീഡിയ വന്നതോടെ കാമനും കാലനും ചങ്ങാതിമാരാകുന്ന കാല മാണോ?
ഇതുപോലുള്ള കലുഷിതമായ വിഷയങ്ങൾ ഗൗരവമായി കോടതികൾ ഏറ്റെടുക്കണം. അധികാര തണലിൽ കുറ്റകൃത്യങ്ങൾ നിത്യവും പെരുകുന്നു. ഒരു ജനപ്രതിനിധിയുടെ പ്രധാന കോടതി ജനങ്ങളാണ്. ജനസേവകർ സത്യം, നീതി, അഴിമതിയില്ലാത്തവരും, ധാർമ്മിക മൂല്യങ്ങലുള്ളവരും, സ്വഭാവ ശുദ്ധിയുള്ളവരുമായിരിക്കണം. ഇതൊന്നുമില്ലാത്തവരെ കോടികളുടെ നിറം നോക്കി വീണ്ടും അധികാരത്തിലെത്തിക്കുന്ന ദയനീയ കാഴ്ചകളാണ് കാണുന്നത്. പുരുഷന്മാരുടെ കുത്തും ചവിട്ടും തെറിവാക്കുകളും കേൾക്കേണ്ടവരല്ല സ്ത്രീകൾ. പാശ്ചാത്യ രാജ്യങ്ങളിൽ ഈ മേലാളന്മാർ എന്തെങ്കിലും കടന്നാക്രമണങ്ങൾ സ്ത്രീകൾക്ക് നേരെ നടത്തിയാൽ അഴി യെണ്ണും. നിയമങ്ങൾ പുരുഷമേധാവിത്വത്തിനെതിരെ ഒരു വാളുപോലെ ഉണർന്ന് പ്രവർത്തിക്കില്ലെങ്കിൽ കുടത്തിൽവെച്ച വിളക്കുപോലെ സ്ത്രീകൾ പുകഞ്ഞു ജീവിക്കും. എല്ലാം രംഗത്തും ബഹുദൂരം മുന്നിൽ വന്ന മലയാളി ഒരു കുടുംബത്തിൻ്റെ കെടാവിളക്കുകളായി, സൗന്ദര്യമായി ജീവിക്കുന്ന സ്ത്രീകളോടുള്ള മനോഭാവം എന്നാണ് മാറുക?
വ്യക്തി വൈരാഗ്യമുള്ളവർ പ്രമുഖരുടെ പേരിൽ ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. സാഹിത്യ രംഗമെങ്കിൽ ഇന്റർനെറ്റിൽ, പുസ്‌തകത്തിൽ നിന്ന് കോപ്പിയടിച്ചുവെന്ന പേരിൽ പ്രമുഖരുടെ പേരിൽ ആരോപണങ്ങൾ ഉന്നയിച്ചു് പേരുണ്ടാക്കും. വിവാദമുണ്ടാക്കി സോഷ്യൽ മീഡിയയിൽ ആളിക്കത്തിച്ചു് വരുമാനമുണ്ടാക്കുന്ന നിഗൂഢ തന്ത്രങ്ങളാണ് നടക്കുന്നത്. ഈ യുവ നേതാവിനെപ്പറ്റി ഏതാനം സ്ത്രീകളെ കേൾക്കുന്നത് ലൈംഗികതയുടെ പേരിലാണ്. ഒരാൾ പരാതി പറയുന്നത് ഈ യുവ എം.എൽക്ക് ഒരു മാനസാന്തര ബോധവൽക്കരണം കൊടുക്കണമെന്നാണ്. അതിലെ വിചിത്ര രീതി പേര് പറയുന്നില്ല. ഒരു പുരുഷൻ ശല്യമായി മാറുന്നുവെങ്കിൽ വ്യക്തിത്വമുള്ള സ്ത്രീകൾ പരാതി കൊടുക്കേണ്ടത് പോലീസിലല്ലേ? ഇതിനെ പ്രതിപക്ഷം പ്രതിരോധിക്കുന്നത് ഈ സ്ത്രീ ഭരണ രംഗത്തുള്ള പ്രമുഖർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തിറക്കിയാണ്. ലൈംഗീക മനോവൈകൃതമുള്ളവരുമായി യുവതികൾ എന്തിനാണ് സൗഹൃദം തുടരുന്നത്?
ഇതുപോലുള്ള പൈങ്കിളി കഥ കേൾക്കാൻ കാക്കകളെപോലെ മാധ്യമങ്ങൾ കൂട്ടംകൂടുന്നു. കാക്കകൾ പൊങ്ങിപ്പറന്നാൽ ഗരുഡനാകില്ലെന്ന് വിവേകമുള്ളവർക്കറിയാം. കേരളീയൻ്റെ സർഗ്ഗപൈതൃക സംസ്‌കാരത്തിൽ പ്രതിച്ഛായയുണ്ടാക്കിയ മാധ്യമങ്ങൾ ഇന്ന് വിവാദവിഷയങ്ങളിലാണ് താല്‌പര്യം. മനുഷ്യർ നേരിടുന്ന നീറുന്ന വിഷയങ്ങളല്ല. ഇത് മനുഷ്യരെ മാനസിക സംഘർഷത്തിലേക്ക് നയിക്കുന്നു. ഒരു പുരുഷന് നേരെ അല്ലെങ്കിൽ സ്ത്രീയ്ക്ക് നേരെ അപവാദ ആരോപണങ്ങൾ മതിയോ? വേശ്യയായ ഒരു സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലാൻ യേശുക്രിസ്‌തുവിൻ്റെ മുന്നിൽ കൊണ്ടുവന്നപ്പോൾ കൊടുത്ത ഉത്തരം ‘നിങ്ങളിൽ പാപമില്ലാത്തവർക്ക് ഈ സ്ത്രീയെ കല്ലെറിയാം’. ഒരുത്തനും അവിടെ നിന്നില്ല. സമൂഹത്തിലെ പുണ്യവതി-പുണ്യവാളന്മാർ ഇതൊക്കെ തിരിച്ചറിയുക.
ഈ യുവ എം.എൽ.എ.പറയുന്നത് താൻ കുറ്റം ചെയ്‌തിട്ടില്ല. പരാതി വന്നാൽ നിയമപരമായി നേരിടും. മനുഷ്യരുടെ വളർച്ചയിൽ ആസൂയമൂത്തവർ സ്വന്തം പാർട്ടിയിൽ നിന്നവരെ പാര പണിയുമ്പോൾ ഈ യുവതികൾ പരാതി കൊടുത്തിരിന്നുവെങ്കിൽ നെല്ലും പതിരും തിരിച്ചറിയാൻ സാധിക്കുമായിരിന്നു. രാഷ്ട്രീയത്തിൽ മാത്രമല്ല കലാ സാഹിത്യ രംഗത്തും ഒരു സർഗ്ഗ പ്രതിഭ കുതിച്ചുയർന്ന് വരുന്നത് അസൂയ, അസഹിഷ്‌ണതയോടെ കാണുന്നവർ ധാരാളമാണ്. മറ്റൊരു യുവതി ഗുരുതരമായ ഗർഭഛിദ്ര ആരോപണവു മായി രംഗത്തു് വന്നത് ശബ്ദശകലത്തിലൂടെയാണ്. അത് മഴത്തുള്ളികൾ ഗർഭം ധരിക്കുന്ന നീലമേഘങ്ങളെ പോലെ തോന്നി. ഇന്ത്യൻ നിയമത്തിൽ 88 വകുപ്പ് പ്രകാരം ഒരാൾ അതിന് പ്രേരിപ്പിക്കുന്നുവെങ്കിൽ അവന്റെ അന്ത്യം ജയിലറകളിലാണ്. സ്ത്രീജന്മം സ്വാർത്ഥകമാകണമെങ്കിൽ ചട്ടക്കൂടുകളിൽ നിന്ന് ധൈര്യമായി സ്ത്രീകൾ പുറത്തുവരണം. അധികാര പദവികളിൽ വന്നുകഴിഞ്ഞാൽ ആനപ്പുറത്തെന്ന് കരുതുന്ന സ്ത്രീല മ്പടന്മാരെ, അഴിമതി വീരന്മാരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാനുള്ള ചാട്ടുളിയായി സ്ത്രീകൾ മുന്നോട്ട് വരണം. അതിന് പുരുഷൻ തുണയാകണം. അത് ഒരാളുടെ ഭാവി തകർക്കാനുള്ള അരാഷ്ട്രീയമാ ക്കരുത്.
കാരൂർ സോമൻ (ചാരുംമൂടൻ)