കാർഗിൽ യുദ്ധ വിജയത്തിന്റെ ഓർമ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആചരിക്കുകയാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആദരമര്‍പ്പിച്ചു. ഇന്ത്യാ ഗേറ്റിലെ ദേശീയ യുദ്ധസ്മാരത്തിലെത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും, കര, നാവിക, വ്യോമ സേനകളുടെ തലവന്മാരും പുഷ്പചക്രം അര്‍പ്പിച്ചു.
‘കാര്‍ഗില്‍ വിജയദിനത്തില്‍, രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അസാധാരണ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരജവാന്മാരെ ഞാന്‍ ആദരിക്കുന്നു. അവരുടെ ജീവത്യാഗം നമ്മുടെ സേനയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. അവരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും’– രാജ്‌നാഥ് സിംഗ് എക്‌സില്‍ കുറിച്ചു.
മാതൃ രാജ്യത്തിനായി ജീവൻ നൽകിയ സൈനികർക്ക് രാഷ്ട്രപതി ദൗപതി മുർമു ആദരാഞ്ജലി അർപ്പിച്ചു. സൈനികരുടെ അസാധാരണമായ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും കൂടി ഈ ദിവസം സൂചിപ്പിക്കുന്നു. രാജ്യത്തിനു വേണ്ടിയുള്ള സൈന്യത്തിന്റെ സമർപ്പണവും ത്യാഗവും ജനങ്ങൾക്ക് എന്നും പ്രചോദനമാകുമെന്ന് രാഷ്ട്രപതി പറഞ്ഞു.
കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 26 വർഷം. 1999 ജൂലൈ 26 നാണ്, ഇന്ത്യൻ സൈന്യത്തെയും സർക്കാർ സംവിധാനങ്ങളെയും വെല്ലുവിളിച്ച പാക് നുഴഞ്ഞുകയറ്റക്കാരെ കാർഗിലിൽ നിന്ന് ഇന്ത്യൻ സൈന്യം തുരത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തിൽ, തണുത്തുറഞ്ഞ മഞ്ഞിൽ ഇന്ത്യയുടെ സൈനിക കരുത്ത് പാക്കിസ്ഥാൻ തിരിച്ചറിഞ്ഞ യുദ്ധമായിരുന്നു കാര്‍ഗില്‍. 1999 മെയ് എട്ടിന് ആരംഭിച്ച കാര്‍ഗില്‍ യുദ്ധം ജൂലൈ 26-നാണ് അവസാനിച്ചത്. യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. അയ്യായിരത്തോളം പാക് സൈനികരും തീവ്രവാദികളുമാണ് അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ ഇന്ത്യ പ്രത്യാക്രമണം ആരംഭിച്ചു. പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഇന്ത്യ ടൈഗര്‍ ഹില്ലുള്‍പ്പെടെയുളള പോസ്റ്റുകള്‍ തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.