കറാച്ചി: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലെ യുഎസ് കോൺസുലേറ്റിനു സമീപം പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരുക്കേറ്റതായും വിവരം. ഖമേനിയുടെ വധത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകൾ കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചു. പ്രതിഷേധക്കാർ കോൺസുലേറ്റിൻ്റെ പുറംമതിൽ തകർക്കുകയും ജനാലകൾ അടിച്ചുതകർക്കുകയും കെട്ടിടത്തിൻ്റെ ചില ഭാഗങ്ങൾക്ക് തീയിടുകയും ചെയ്തു.
പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ വെടിവെയ്പിൽ ആറ് പേര്‍ കൊല്ലപ്പെട്ടു. ബാരിക്കേഡ് തകർത്ത് പ്രതിഷേധക്കാർ കോൺസുലേറ്റ് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാർക്കെതിരെ ടിയർ ഗ്യാസ് അടക്കം പ്രയോഗിച്ചതായും വലിയ സംഘർഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കറാച്ചി സിവിൽ ആശുപത്രിയിലേക്ക് 6 മൃതദേഹങ്ങളെത്തിയെന്ന് അധികൃതരെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷിയാ സംഘടനകളിലെ അംഗങ്ങളുൾപ്പെടെയുള്ള വലിയൊരു വിഭാഗം ജനങ്ങളാണ് കറാച്ചിയിലെ തെരുവുകളിൽ അമേരിക്ക വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിക്കുന്നത്. ഖമേനിയുടെ ചിത്രങ്ങളുമായാണ് ഇവർ പ്രതിഷേധ റാലി നടത്തിയത്. ഇറാനിലെ ആണവനിലയങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തെ പാക്കിസ്ഥാൻ അപലപിച്ചിട്ടുണ്ട്. അതേസമയം തന്നെ ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തുകയും സമാധാനം പാലിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഖമനയിയുടെ വധത്തിൽ ഇന്ത്യക്കകത്തും പ്രതിഷേധ മാർച്ചുകൾ നടന്നു. ഇന്ത്യയിൽ ലക്നൗവിലും ജമ്മു കാശ്മീരിലും ലഡാക്കിലുമാണ് ഖമനേയിയെ വധിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ഷിയ മുസ്ലീം വിഭാഗ നേതാക്കളാണ് പ്രകടനങ്ങൾ നയിച്ചത്. സംയമനം പാലിക്കണമെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. പ്രകടനക്കാർ ഡോണൾഡ് ട്രംപിന്റെ കോലം കത്തിച്ചു. ഇന്ത്യയിലെ ഷിയ വിഭാഗം മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സ്വതന്ത്രമായി ചിന്തിക്കുന്ന എല്ലാ രാജ്യങ്ങളും ഖമനേയിയെ വധിച്ചതിനെ അപലപിക്കണമെന്ന് ഇന്ത്യയിലെ ഇറാൻ എംബസി ആവശ്യപ്പെട്ടു.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ


