തിരുവനന്തപുരം: കണ്ണൂർ പേരാവൂരിൽ കെ കെ ശൈലജ തന്നെ സിപിഐഎം സ്ഥാനാർഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയും, കോഴിക്കോട് പേരാമ്പ്രയിൽ ടി പി രാമകൃഷ്ണനും മത്സരിക്കും. തലശ്ശേരിയിൽ കാരായി രാജനെ തന്നെ മത്സരിപ്പിക്കാൻ സിപിഐഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. തുടർച്ചയായി മൂന്ന് തവണ വിജയിച്ചവരെ മാറ്റിനിർത്തണമെന്ന സെക്രട്ടേറിയറ്റ് ശുപാർശയ്ക്ക് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചു. ആറ് സിറ്റിങ് എംഎൽഎമാർ ഇത് പ്രകാരം മാറി നിൽക്കേണ്ടിവരും. രണ്ട് ടേം പിന്നിട്ടവർക്ക് ഇളവ് നൽകുന്നത് വിജയസാധ്യത പരിഗണിച്ച് മാത്രം മതിയെന്നും എക്സിക്യൂട്ടീവ് തീരുമാനിച്ചു.
മട്ടന്നൂരിൽ നിന്നാണ് കെ കെ ശൈലജ പേരാവൂരിലേക്ക് മാറുന്നത്. 2006 മുതൽ 2011 വരെ പേരാവൂർ എംഎൽഎയായിരുന്നു ശൈലജ. പിന്നീട് നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി. കെ കെ ശൈലജയിലൂടെ ഇപ്രാവശ്യം പേരാവൂർ പിടിച്ചെടുക്കാൻ എന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് പ്രവർത്തകർ.
ഉടുമ്പൻചോലയിൽ എം.എം. മണിക്ക് സീറ്റില്ല. കെ.കെ ജയചന്ദ്രൻ സ്ഥാനാർഥിയാകും. എംഎം മണിക്ക് പകരം കെ കെ ജയചന്ദ്രനെ സ്ഥാനാർത്ഥിയാക്കാനുള്ള സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിൽ ഇടുക്കി ജില്ലാ നേതൃത്വത്തിന് അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ കെ.കെ ജയചന്ദ്രനെ തന്നെ മത്സര രംഗത്തിറക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
ആരോഗ്യ മന്ത്രി വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും. ഒഴിവാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി. വീണാ ജോർജിന്റെ ഭർത്താവായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ ആവശ്യം സിപിഐഎം നിരാകരിച്ചു. വീണാ ജോർജ് മത്സരിക്കാനുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നു.
തവനൂര്‍ നിയമസഭാ മണ്ഡലത്തില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ തന്നെ സ്ഥാനാര്‍ത്ഥിയായേക്കും. സിപിഐഎം സംസ്ഥാന നേതൃത്വം കെ ടി ജലീലിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും എസ്എഫ്‌ഐ ദേശീയ പ്രസിഡന്റുമായ വി പി സാനുവിന്റെ പേര് ആയിരുന്നു ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചത്.
അതിനിടെ സിപിഐഎം അംഗത്വം പുതുക്കുന്നില്ലെന്ന് മുതിർന്ന നേതാവ് ജി സുധാകരൻ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിൽ വിമർശനം ഉന്നയിച്ചാണ് അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. പാർട്ടിയിൽ അവഗണന സഹിച്ച് തുടരാനില്ലെന്നും ജി സുധാകരൻ പറഞ്ഞു.
ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്
2026 മെമ്പർഷിപ്പ് സ്ക്രൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല. എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളിൽ വെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബി ഐ ആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ല. എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എൽ സി മെമ്പർ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഇവിടെ ഞാൻ പാർട്ടിയിൽ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാർട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാൻ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തിൽ ജില്ലാ നേതൃത്വത്തിൽ പെട്ടയാൾ സംസാരിച്ചതായി അറിഞ്ഞത് . ഇപ്പോൾ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ഞാൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതൽ സംഭവങ്ങൾ വിവരിക്കുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യും. എല്ലാവർക്കും ആശംസകൾ. നന്ദി..


