Wednesday, March 25, 2026
Home » ജോസ് പ്രകാശ്: വില്ലൻ റോളുകളിലെ സുമുഖ രൂപം
ജോസ് പ്രകാശ്: വില്ലൻ റോളുകളിലെ സുമുഖ രൂപം

ജോസ് പ്രകാശ്: വില്ലൻ റോളുകളിലെ സുമുഖ രൂപം

ആർ. ഗോപാലകൃഷ്ണൻ

by Editor
Send your news and Advertisements

“ഹലോ, മിസ്റ്റർ പെരേരാ ….” എന്ന സംബോധന കൊണ്ട് മാത്രം മലയാള സിനിമയിൽ ഒരു നടൻ സൂചിപ്പിക്കപ്പെട്ടിരുന്നു, അത് ജോസ് പ്രകാശ് അല്ലാതെ മറ്റാരുമല്ല…. “ബൈ ദ ബൈ, എന്റെ മുതലക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാൻ സമയമായി” എന്ന ഡയലോഗും ജോസ് പ്രകാശിന്റെ പേരിൽ പതിഞ്ഞു പോയ ഒന്നാണ്. ഏറെ സിനിമകളില്‍ നായകനായില്ലെങ്കിലും സംസ്ഥാന-ദേശിയ അവാര്‍ഡുകള്‍ ഒരെണ്ണം പോലും നേടിയില്ലെങ്കിലും മലയാള സിനിമയുടെ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ ചില അഭിനേതാവാണ് ജോസ് പ്രകാശ്.

പഴയകാല മലയാള സിനിമയിലെ മുഖ്യധാരയിൽ വന്നിരുന്ന പല സിനിമകളിലും നെഗറ്റീവ് റോളുകാർ – വില്ലൻ വേഷക്കാർ – ദുഷ്ടതയുടെ മൂർത്തീകരമായി കടുത്ത നിറത്തിലാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. എതിരാളികളായ ആണുങ്ങളെയെല്ലാം ‘ഇടിച്ചു നിരത്തുക‘യും പെണ്ണുങ്ങളെയെല്ലാം ‘റേപ്പു’ ചെയ്യുകയുമാണ് ആ വില്ലന്മാരുടെ പൊതു സ്വഭാവം! അത്തരത്തിൽ നിരവധി സ്റ്റണ്ട് – റേപ്പു സീനുകളിൽ ജോസ് പ്രകാശിന് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്: എങ്കിലും അദ്ദേഹത്തിലെ അഭിനേതാവിനെ മലയാളികൾ ഇഷ്ടപ്പെടുന്നു. അവസാനകാലത്ത് രോഗബാധിതനായി ജോസ് പ്രകാശ് വിശ്രമജീവിതം നയിക്കുന്ന എറണാകുളം വൈറ്റിലക്കടുത്തുള്ള അപ്പാർട്ട്മെന്റിൽ സന്ദർശിച്ച മമ്മൂട്ടിയുമായി “ഹലോ, മിസ്റ്റർ പെരേരാ ….” എന്ന ഡയലോഗ് പറഞ്ഞ് ചിരിച്ചതായി വാർത്തകൾ വന്നിരുന്നതും ഇപ്പോൾ ഓർത്തു പോകുന്നു.

ജോസ്പ്രകാശിൻ്റെ 14-ാം ഓർമ്മദിനം ഇന്ന്

1925 വിഷുദിനത്തിൽ ചങ്ങനാശേരിയിൽ ആയിരുന്നു, ബേബി എന്ന് വീട്ടുകാരുടെയും മറ്റും ഇടയിൽ അറിയപ്പെട്ട ജോസിന്റെ ജനനം. അച്ഛൻ കോട്ടയം മുൻസിഫ് കോടതിയിലെ ഗുമസ്തനായിരുന്ന കെ ജെ ജോസഫ്. അമ്മ എലിയാമ്മ. മൂത്ത മകനായ ജോസിനു താഴെ ആന്റണി, തോമസ്, ജോർജ്, അക്കമ്മ, അന്നമ്മ, ആലീസ്, സഖറിയ എന്നിങ്ങനെ ഏഴുപേർ. സഖറിയയാണ് പിന്നീട് നിർമാതാവും നടനും സംവിധായകനുമായി തിളങ്ങിയ പ്രേം പ്രകാശ്. തിരക്കഥാകൃത്ത് പരേതനായ ഡെന്നീസ് ജോസഫ് സഹോദരീ പുത്രനാണ്. പ്രേം പ്രകാശിന്‍റെ മക്കള്‍ ബോബി-സഞ്ജയ്‌മാർ പ്രസിദ്ധ തിരക്കഥാ രചയിതാക്കളാണല്ലോ.

കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു ഫോർത്ത് ഫോം വരെ ബേബിയുടെ പഠനം.
നാടകത്തിലും സിനിമയിലും സജീവമാകുന്നതിനു മുമ്പ്, പട്ടാളത്തിലായിരുന്നു ജോസ്പ്രകാശിന്റെ ജോലി. 1942-ൽ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളിൽ അദ്ദേഹം ബ്രിട്ടീഷ് റോയൽ ആർമിയിൽ ചേർന്നു. ലാൻസ് നായിക് ആയിട്ടായിരുന്നു നിയമനം. ഫിറോസ്പൂരിലായിരുന്നു പരിശീലനം. ആദ്യനിയമനം മണിപ്പൂരിൽ. 65 രൂപ ശമ്പളത്തിൽ. ഇന്ത്യയുടെ പല ഭാഗത്തും സേവനമനുഷ്ഠിച്ചു. അക്കാലത്ത് സിങ്കപ്പൂർ, ബർമ തുടങ്ങിയ രാജ്യങ്ങളിലേക്കും യുദ്ധമുന്നണിയിൽ നിയോഗിക്കപ്പെട്ടിരുന്നു.

നാല്പതുകളുടെ മധ്യത്തിൽ മണർകാട് കുഞ്ഞിന്റെ നാടകസമിതിയിലൂടെ അഭിനയരംഗത്തേയ്ക്കു പ്രവേശിച്ച ബേബി (ജോസ് പ്രകാശ്) ജി. കെ. പിള്ളയുടെയും സമിതിയിലും ഒക്കെ നിരവധി നാടകങ്ങളിൽ അഭിനേതാവായും ഗായകനായും സജീവമായി നിലനിന്നു. പട്ടിണിപ്പാവങ്ങൾ, പോലീസ് സ്റ്റേഷൻ, സാത്താൻ ഉറങ്ങുന്നില്ല, രണ്ടു തെണ്ടികൾ എന്നീ നാടകങ്ങളിൽ അഭിനയിച്ചു. കോട്ടയം നാഷണൽ തിയേറ്റേഴ്സ് എന്ന നാടക സമിതി രൂപീകരിച്ചു. പാലായിലെ ഐക്യകേരള നാടകസമിതിയിലും പ്രവർത്തിച്ചിരുന്നു. പട്ടാള ജീവിതം പശ്ചാതലമായി ഉണ്ടായിരുന്നതുകൊണ്ട് ഹിന്ദി പാട്ടുകളോടായിരുന്നു ജോസ് പ്രാകാശിന് പ്രതിപത്തി.

മുഹമ്മദ്‌ റഫിയുടെ “മേരി കഹാനി….” എന്ന ഗാനമായിരുന്നു അദ്ദേഹം വേദികളിൽ കൂടുതലും പാടിയിരുന്നത് എന്ന് അദ്ദേഹം മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘മേരി കഹാനി ബേബി‘ എന്നാണ് അദ്ദേഹം അക്കാലത്ത് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

1951-ൽ ഒരു വേദിയിൽ ഹിന്ദി ഗാനങ്ങൾ ആലപിച്ചുകൊണ്ടിരുന്ന ജോസ് പ്രകാശിനെ തിക്കുറിശ്ശി സുകുമാരൻ നായർ ശ്രദ്ധിയ്ക്കുകയും അദ്ദേഹം തന്റെ ആദ്യ സംവിധാന സംരംഭം ആയ “ശരിയോ തെറ്റോ” എന്ന ചിത്രത്തിലേക്ക് ഗായകനായും അഭിനേതാവായും ക്ഷണിയ്ക്കുകയുണ്ടായി. അദ്ദേഹം തന്നെയാണ് ബേബി എന്ന പേര് മാറ്റി ജോസ് പ്രകാശ് എന്ന് നാമകരണം നിർവഹിച്ചതും. “ശരിയോ തെറ്റോ” പൂർത്തിയാകാൻ കുറെ സമയമെടുത്തു. അതിനു മുമ്പ് 1952 ഫെബ്രുവരി റിലീസായിരുന്ന ‘അൽഫോൻസ’ എന്ന ചിത്രത്തിലൂടെ ആദ്യമായി ജോസ് പ്രകാശിന്റെ മുഖവും ശബ്ദവും മലയാളി പ്രേക്ഷകരിലെത്തി. തൊട്ടുപിന്നാലെ ‘പ്രേമലേഖ’യിലും ‘വിശപ്പിന്റെ വിളിയി‘ലും ജോസ് പ്രകാശ് അഭിനേതാവായും പിന്നണി ഗായകനായും സഹകരിച്ചു.

‘ശരിയോ തെറ്റോ’ റിലീസാകുന്നത് 1953 ഓണക്കാലത്തായിരുന്നു. തിക്കുറിശ്ശി നായകനായ ആ ചിത്രത്തിൽ തിക്കുറിശിയ്ക്കു വേണ്ടി എല്ലാ ഗാനങ്ങളും ജോസ് പ്രകാശ് തന്നെയായിരുന്നു പിന്നണി പാടിയതും. (ഒരു നടൻ മറ്റൊരു നടനു വേണ്ടി ഇത്രയും കൂടുതൽ പിന്നണി പാടിയ സിനിമ മലയാളത്തിൽ വേറെ ഉണ്ടാവില്ല.) പിൽക്കാലത്തു ഒരുപാട് ഡോക്ടർ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ജോസ് പ്രകാശിന്റെ ആദ്യകാല കഥാപാത്രങ്ങളും കൂടുതൽ ഡോക്ടറുടേതായിരുന്നു.

1954-ൽ മെരിലാൻഡ് നിർമ്മിച്ച ‘ബാല്യസഖി‘യിലൂടെയാണ് നടനെന്ന നിലയിൽ ജോസ് പ്രകാശ് കൂടുതൽ ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടർന്ന് മെറിലാൻഡിന്റെ സ്ഥിരം നടനായി മാറി അദ്ദേഹം. ‘ഹരിശ്ചന്ദ്ര’യിലെ സത്യകീർത്തിയിലൂടെ ആദ്യപുരാണ കഥാപാത്രത്തെ ജോസ് പ്രകാശ് അവതരിപ്പിച്ചു. പിന്നീട് പ്രസിദ്ധമായ വേഷം: സ്നാപക യോഹന്നാൻ! കരിയറിന്‍റെ ആദ്യ 15 വര്‍ഷത്തില്‍ ജോസ് പ്രകാശ്‌ അഭിനയിച്ചത് 22 സിനിമകളില്‍ മാത്രം. അതില്‍ പകുതിയിലേറെ മെറിലാന്‍ഡ്‌ സിനിമകളും.

‘ലവ് ഇൻ കേരള’ (1968) എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി വില്ലനായി അഭിനയിച്ചത്. ‘ഓളവും തീരവും‘ എന്ന ചിത്രത്തിൽ കുഞ്ഞാലി എന്ന കഥാപാത്രമായിരുന്നു ആദ്യമായി അഭിനയിച്ച വേഷം. പിന്നീട് ഇതുവരെ മുന്നുറിൽപരം (350 ആണെന്നു ചില കുറിപ്പുകൾ) ചിത്രങ്ങളിൽ ജോസ് പ്രകാശ് അഭിനയിച്ചു. ‘ആയിരം കണ്ണുകൾ’, പത്മരാജന്റെ ‘കൂടെവിടെ‘, എന്നീ സിനിമകൾ നിർമ്മിച്ചു. ജോസ് പ്രകാശിന്റെ സഹോദരന്‍ പ്രേം പ്രകാശിന്‍റെ മക്കള്‍ ബോബി-സഞ്ജയ്‌മാരുടെ സ്ക്രിപ്റ്റിൽ നിന്ന് ഉയർന്ന ‘ട്രാഫിക്’ ( 2011) എന്ന സിനിമ (സംവിധാനം: രാജേഷ് പിള്ള) മലയാള വെള്ളിത്തിരയിലെ ഒരു വിസ്മയ ചിത്രമാണ്. അതാണ് ജോസ് പ്രകാശിന്റെ അവസാന ചിത്രവും.

എറണാകുളം ജോസ് ജങ്ഷനിൽ ‘പ്രകാശ് ഗാർമെന്റ്സ്‘ എന്ന പേരിൽ ഒരു റെഡീമെയ്ഡ് ഗാർമെന്റ്-ഷോപ്പ്, ജോസ് പ്രകാശ് നടത്തിയിരുന്നു. ധാരാളം പ്രാവശ്യം ഇവിടെ, ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന നടനെ കാണാനിടവന്നിട്ടുണ്ട്. അടുത്തു തന്നെയായിരുന്നു കാർട്ടൂണിസ്റ്റ് തോമസിന്റെ പരസ്യക്കമ്പനിയായിരുന്ന ‘ഡിസൈനേഴ്സി‘ ൻ്റെ ഓഫീസ്. സിനിമാ നടൻ ജയൻ ഉൾപ്പെടെ പലരുടെയും സിനിമാ പ്രവേശനത്തിന് വേദിയൊരുക്കിയത് ഈ ഷോപ്പാണ്…. (1950-കളിൽ കോട്ടയത്തു സെൻട്രൽ ജംങ്ഷന് അല്പം കിഴക്കായി ‘Prakash Costume Hall’ എന്നൊരു തുന്നൽക്കട നടത്തിയിരുന്നതായി കേട്ടിട്ടുണ്ട്. പിന്നീടാണ് എറണാകുളത്ത് ഈ മികച്ച റെഡീമെയ്ഡ് ഷോപ്പ് ആരംഭിക്കുന്നത്.)

ഊട്ടിയിലെ പ്രസിദ്ധമായ ‘ഗുഡ് ഷെപ്പേർഡ് പബ്ലിക്ക് സ്കൂൾ‘ നടത്തിപ്പിൽ ജോസ് പ്രകാശിന് പങ്കാളിത്തം ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്; അദ്ദേഹം നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ‘കൂടെവിടെ’ എന്ന പത്മരാജൻ സിനിമയുടെ ലൊക്കേഷൻ ഈ സ്ക്കൂളാണ്. ഭാര്യ ചിന്നമ്മ നേരത്തെ മരിച്ചു. പ്രമേഹരോഗ ബാധയെതുടർന്ന് അദ്ദേഹത്തിന്റെ കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെടുകയും ഒരു കാൽ മുറിച്ചു മാറ്റപ്പെടുകയും ചെയ്തു.

2012 മാർച്ച് 24-ന് അസുഖം മൂർഛിച്ചതിനേത്തുടർന്ന് എറണാകുളം കാക്കനാട്ടെ സൺറൈസ് ആശുപത്രിയിൽ വച്ച് 86-ാം വയസ്സിൽ (87-ാം ജന്മദിനത്തിന് മൂന്നാഴ്ച മുമ്പ്) അദ്ദേഹം അന്തരിച്ചു. മലയാള സിനിമയ്ക്കും നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് ലഭിച്ച ‘ജെ.സി. ദാനിയേൽ പുരസ്കാരം’ ഏറ്റുവാങ്ങും മുൻപായിരുന്നു അന്ത്യം. അദ്ദേഹം മരിക്കുന്നതിന് തലേദിവസമാണ് ഈ ഉന്നതമായ അവാർഡ് പ്രഖ്യാപിക്കപ്പെട്ടത്.

ആർ. ഗോപാലകൃഷ്ണൻ

You may also like

error: Content is protected !!