ടെൽ അവീവ്: ഗാസ പിടിച്ചെടുക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പദ്ധതിയിടുന്നു എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച ചേർന്ന ഉന്നത സുരക്ഷാ ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണു നെതന്യാഹു ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോർട്ട്. ബെന്യാമിൻ നെതന്യാഹു, പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ്, മന്ത്രി റോൺ ഡെർമർ, സേനാ മേധാവി ലഫ് ജനറൽ ഇയാൽ സമീർ എന്നിവർ മൂന്നു മണിക്കൂർ ചർച്ച നടത്തിയതായാണ് വിവരം. വെടിനിർത്തൽ നടപ്പാക്കാൻ രാജ്യാന്തരതലത്തിൽ സമ്മർദം ശക്‌തമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ നീക്കം.
അതേസമയം ഗാസ കീഴടക്കാൻ ഇസ്രയേൽ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാൻ തയാറാകാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിലാണ് ശ്രദ്ധയെന്നും മറ്റു കാര്യങ്ങളെക്കുറിച്ച് തനിക്ക് ഒന്നും പറയാനാവില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
2005 ലാണു ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങിയത്. ഈ തീരുമാനമാണു ഹമാസിനെ വളർത്തിയതെന്നാണു തീവ്രവലതുപക്ഷ പാർട്ടികളുടെ വിമർശനം. വീണ്ടും ഗാസ പിടിച്ചെടുത്താൽ വെസ്‌റ്റ്ബാങ്കിനു പുറമേ ഗാസയിലേക്കും കുടിയേറ്റം വ്യാപിപ്പിക്കാമെന്നും അവർ കണക്കുകൂട്ടുന്നു. 22 മാസങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലും ഹമാസും നടത്തിയ സമാധാന ചർച്ച അടുത്തിടെ നിലച്ചിരുന്നു.