ടെൽ അവീവ്: ഗാസാ സിറ്റി പൂർണമായും കീഴടക്കാനുള്ള സൈനിക നടപടികളുമായി ഇസ്രയേൽ. ഇസ്രയേൽ സുരക്ഷാ മന്ത്രിസഭയുടെ ആക്രമണ പദ്ധതിക്ക് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ബുധനാഴ്ച അംഗീകാരം നൽകിയിരുന്നു. പലസ്തീനിലെ ഹമാസ് ശക്തികേന്ദ്രങ്ങൾ പൂർണമായി പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് 60000 സൈനികരെക്കൂടി അധികമായി വിന്യസിക്കുമെന്നും നിലവിൽ അധികമായി വിന്യസിച്ച 20000 സൈനികരുടെ കാലയളവ് നീട്ടിയതായും ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസ സിറ്റിയും മധ്യഗാസയിലെ ഹമാസ് ശക്തികേന്ദ്രങ്ങളും പിടിച്ചെടുക്കുന്നതിൻ്റെ ഭാഗമായി ജനങ്ങളെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കുന്നതും തുടരുകയാണ്. ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 56 പേർ ഗാസയിൽ കൊല്ലപ്പെട്ടു.
ഹമാസ് അംഗീകരിച്ച പുതിയ വെടിനിർത്തൽ വ്യവസ്ഥകളിൽ മധ്യസ്ഥ രാജ്യങ്ങൾ ഇസ്രയേലിൻ പ്രതികരണം കാത്തിരിക്കുമ്പോഴാണ് ഈ നീക്കം. തെക്കുള്ള ഖാൻ യൂനിസിൽ തങ്ങൾക്ക് നേരെ ആക്രമണം നടത്തിയ പത്ത് ഹമാസുകാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം ബുധനാഴ്‌ച അറിയിച്ചു. നിരവധി ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാ മന്ത്രിസഭ ഈ മാസം ആദ്യമാണ് ഗാസാ സിറ്റി കീഴടക്കുന്നതിന് അനുമതി നൽകിയത്. ആക്രമണത്തിന് മുന്നോടിയായി ഗാസാ സിറ്റിയിൽ നിന്ന് ഗാസയുടെ തെക്കുഭാഗത്തേക്ക് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം പാലസ്തീൻ പൗരൻമാർക്ക് നിർദേശം നൽകി. അതിനിടെ ജബലിയ, സൈതൂൻ എന്നിവയുടെ പരിസര പ്രദേശങ്ങളിൽ സൈന്യം ആക്രമണം തുടങ്ങിക്കഴിഞ്ഞതായി ഇസ്രയേലി ഉദ്യോഗസ്ഥർ അറിയിച്ചു. നിശ്ചിത ലക്ഷ്യ സ്ഥാനങ്ങൾ കേന്ദ്രീകരിച്ച് മാത്രമേ ആക്രമണം നടത്തൂ എന്നും അറിയിച്ചു. മുൻപ് ആക്രമണം നടത്തിയിട്ടില്ലാത്ത സ്ഥലങ്ങളും ഇതിൽ ഉൾപ്പെടും.
22 മാസമായി നടക്കുന്ന യുദ്ധത്തിലെ ആകെ മരണ സംഖ്യ 62,122 ആയി. 60 ദിവസത്തെ വെടിനിർത്തലിനും രണ്ട് ഘട്ടമായി ബന്ദികളെ വിട്ടയക്കുന്നതിനുമുള്ള കരാറിനാണ് ഹമാസ് കഴിഞ്ഞ ദിവസം സമ്മതിച്ചത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്നു കയറി 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതിൽ 49 പേർ ഇപ്പോഴും ഗാസയിൽ ഹമാസിൻ്റെ കസ്റ്റഡിയിലുണ്ട്. അതിൽ 27 പേർ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്.
ഭക്ഷണവും ശുദ്ധജലവും മരുന്നും പാർപ്പിടവുമില്ലാതെ ഗാസയിൽ മാനുഷിക പ്രതിസന്ധി അതിരൂക്ഷമാണെന്ന് യുഎൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുമ്പോഴാണ് ഇസ്രയേൽ സൈനികനീക്കം വിപുലമാക്കുന്നത്. ഖത്തറിന്റെയും ഈജിപ്‌തിന്റെയും മധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ നിർദേശങ്ങളോട് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഹമാസിനെ പൂർണമായും കീഴടക്കി ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ലക്ഷ്യമിടുന്നത്. എന്നാൽ ബന്ദികളുടെ ജീവൻവച്ച് പന്താടരുതെന്നും അടിയന്തരമായി വെടിനിർത്തണമെന്നും ആവശ്യപ്പെട്ട് ഇസ്രയേലിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്.