ടെഹ്‌റാൻ: ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നടപടികൾക്കിടെ ഇറാനിലെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) വക്താവ് അലി മുഹമ്മദ് നൈനി (Ali Mohammad Naini) കൊല്ലപ്പെട്ടു. ഇന്നലെ (മാർച്ച് 20-ന്) പുലർച്ചെ തെഹ്‌റാനിൽ നടന്ന വ്യോമാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഒരു ആഴ്ചയ്ക്കിടെ ഇറാന് നഷ്മാകുന്ന നാലാമത്ത ഉദ്യോഗസ്ഥനാണ് അലി മുഹമ്മദ് നൈനി. അലി ലാരീജാനി, ഘോലംരേസ സുലൈമാന്‍, ഇസ്മായില്‍ ഖാത്തിബ് എന്നിവരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍.
ഐആർജിസിയുടെ പൊതുജനസമ്പർക്ക വിഭാഗം തലവനും ഔദ്യോഗിക വക്താവുമായിരുന്ന ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ഭീരുത്വപരമായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാൻ ആരോപിച്ചു.
അതിനിടെ ഇറാനെതിരായ ആക്രമണം കടുപ്പിക്കുന്നതിൻ്റെ ഭാഗമായി അമേരിക്ക കൂടുതൽ യുദ്ധക്കപ്പലുകളെയും ആയിരക്കണക്കിന് സൈനികരെയും മേഖലയിലേക്ക് അയക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് (Kharg Island) പിടിച്ചെടുക്കുന്നതിനോ ഉപരോധിക്കുന്നതിനോ ഉള്ള പദ്ധതികൾ അമേരിക്കൻ ഭരണകൂടം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 2,500 ഓളം മറീൻ സൈനികരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തില്‍ ഇറാന്റെ സൈനിക ശേഷി തകരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇറാന്റെ പ്രത്യാക്രമണ ശേഷി കുറഞ്ഞതായും യുദ്ധം അതിവേഗം അവസാനിക്കുമെന്നുമാണ് യുഎസിന്റെയും ഇസ്രയേലിന്റെയും വിലയിരുത്തല്‍.
ഇന്നലെയും ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണ ശ്രമമുണ്ടായി. ദുബായിൽ ഡ്രോണുകൾ തകർത്തു. സൗദിയിലും കുവൈത്തിലും വിവിധ മേഖലകളിൽ ആക്രമണം തടഞ്ഞു. ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ലെന്ന മുന്നറിയിപ്പാണ് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയി നൽകിയിട്ടുള്ളത്. പുതിയ പ്രസ്താവനയിലാണ് മുജ്തബ ഖമനേയി നിലപാട് വ്യക്തമാക്കിയത്. തലമുതിർന്ന നേതൃത്വത്തെ വധിച്ചാൽ ജനങ്ങളെ ഭയപ്പെടുത്താമെന്ന ശത്രുക്കളുടെ മോഹം തകർന്നുപോയി എന്നും മുജ്തബ ഖമനേയിയുടെ പ്രസ്താവനയിലുണ്ട്.
ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യത്തിന് പശ്ചിമേഷ്യയിലെ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതിൽ രൂക്ഷ വിമർശനവുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി രംഗത്ത് വന്നു. ബ്രിട്ടീഷ് പൌരന്മാരിൽ ഏറിയ പങ്കും ഇസ്രയേൽ- അമേരിക്കയുടെ യുദ്ധ താൽപര്യങ്ങളിൽ പങ്കുചേരാൻ താൽപര്യപ്പെടാത്തവരാണ്. സ്വന്തം രാജ്യത്തെ ജനങ്ങളെ അവഗണിക്കുന്ന നടപടിയിലൂടെ ബ്രിട്ടീഷുകാരുടെ ജീവൻ അപകടത്തിലാക്കുകയാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി കീർ സ്റ്റാർമർ ചെയ്തത് എന്ന് അദ്ദേഹം ആരോപിച്ചു.
ഇറാൻ ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്നും ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്നും നെതന്യാഹു


