Wednesday, October 15, 2025
Mantis Partners Sydney
Home » മൊസൂളിലെ ചരിത്ര പ്രസിദ്ധമായ രണ്ട് ദേവാലയങ്ങൾ വീണ്ടും തുറന്ന് ഇറാഖ് പ്രധാനമന്ത്രി
മൊസൂളിലെ ചരിത്ര പ്രസിദ്ധമായ രണ്ട് ദേവാലയങ്ങൾ വീണ്ടും തുറന്ന് ഇറാഖ് പ്രധാനമന്ത്രി

മൊസൂളിലെ ചരിത്ര പ്രസിദ്ധമായ രണ്ട് ദേവാലയങ്ങൾ വീണ്ടും തുറന്ന് ഇറാഖ് പ്രധാനമന്ത്രി

by Editor

മൊസൂൾ: 2025 സെപ്റ്റംബർ 1 തിങ്കളാഴ്ച, ഇറാഖിലെ മൊസൂൾ നഗരം, ഒരിക്കലും സംഭവിക്കില്ലെന്ന് പലരും ഭയന്ന ഒരു നിമിഷത്തിന് സാക്ഷ്യം വഹിച്ചു. യുദ്ധത്തിനും ആഭ്യന്തര കലാപത്തിനും ഇടയിൽ എട്ട് വർഷത്തെ ശ്രമകരമായ പുനർനിർമ്മാണത്തിനും ശേഷം, ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനി, അന്താരാഷ്ട്ര പ്രമുഖർ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ അൽ-നൂരിയിലെ ഗ്രേറ്റ് മോസ്ക് – അതിന്റെ പ്രശസ്തമായ അൽ-ഹദ്ബ മിനാരവും രണ്ട് ചരിത്ര പള്ളികളും – ഔദ്യോഗികമായി വീണ്ടും തുറന്നു.

ഇറാഖിലെ മൊസൂൾ നഗരത്തിലെ അൽ-തഹേര ചർച്ച് എന്നറിയപ്പെടുന്ന അമലോത്ഭവ നാഥ ദേവാലയവും ഡൊമിനിക്കൻ സന്യാസ ആശ്രമത്തിൻ്റെ ഔവർ ലേഡി ഓഫ് ദ അവർ ദേവാലയവും ആണ് പുനരുദ്ധാരണത്തിന് ശേഷം വീണ്ടും തുറന്നത്. ദേവാലയം വീണ്ടും തുറക്കുന്നത് മൊസൂളിൻ്റെ ആത്മാവിലേക്കും അതിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിലേക്കുമുള്ള മടക്ക യാത്രയാണെന്ന് ദേവാലയത്തിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി അൽ-സുഡാനി പറഞ്ഞു. സമാധാനത്തിന്റെ പ്രതീകമായി പ്രധാനമന്ത്രി ദേവാലയ മുറ്റത്ത് ഒരു ഒലിവ് മരം നട്ടു.

ഇറാഖ് ഗവൺമെൻ്റ് ഇറാഖി പൈതൃകത്തോട് കാണിക്കുന്ന അതേ കരുതൽ ക്രൈസ്‌തവ സമൂഹത്തെ പുനർനിർമിക്കുന്നതിലും കാണിക്കണമെന്ന് ചടങ്ങിൽ പ്രസംഗിച്ച മൊസൂളിലെയും സമീപ പ്രദേശങ്ങളിലെയും സിറിയക്ക് ക്രൈസ്‌തവരുടെ ആർച്ച് ബിഷപ്പ് ബനഡിക്റ്റസ് യൂനാൻ ഹന്നോ ഇറാഖ് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ഇറാഖിലെ ഏകദേശം 80 ശതമാനം ക്രിസ്ത്യാനികളും അവകാശ ലംഘനങ്ങളും അവകാശ നിഷേധവും അനുഭവിക്കുന്നതായും പലരും നാടുവിടാൻ നിർബന്ധിക്കപ്പെടുന്നതായും അദേഹം പറഞ്ഞു.

2014-2017 കാലഘട്ടത്തിൽ നടന്ന ഐഎസ് അധിനിവേശത്തിലാണ് മൊസൂളിൻ്റെ പഴയ നഗരത്തിൽ സ്ഥിതി ചെയ്യുന്ന അമലോത്ഭവ നാഥ ദേവാലയത്തിനും ഔർ ലേഡി ഓഫ് ദ അവർ ദേവാലയത്തിനും വ്യാപകമായ നാശഷ്ടങ്ങൾ സംഭവിച്ചത്. ഐഎസ് പിടിയിൽ നിന്ന് മൊസൂൾ മോചിതമായ ശേഷം യുനെസ്കോയാണ് ‘മൊസൂളിൻ്റെ ആത്മാവിനെ പുനരുജീവിപ്പിക്കുക’ എന്ന സംരംഭത്തിൻ്റെ ഭാഗമായി ഈ ദേവാലയങ്ങളുടെ പുനസ്ഥാപനം ഏറ്റെടുത്തത്. യുഎഇയും യൂറോപ്യൻ യൂണിയനും ദൈവാലയങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം നൽകിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളും ആഭ്യന്തര യുദ്ധവും ഏൽപ്പിച്ച മുറിവുകളിൽ നിന്ന് മുക്തി നേടി വരുന്ന ഇറാഖി ക്രൈസ്‌തവർക്ക് പുതു പ്രതീക്ഷ പകർന്നാണ് ദേവാലയം തുറന്നത്.

Send your news and Advertisements

You may also like

error: Content is protected !!