അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് നിമിഷങ്ങൾക്കുള്ളിൽ ഇറാൻ അത് ലംഘിച്ചതായി റിപ്പോർട്ട്. വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇസ്രായേൽ, ദുബായ് (UAE), സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മിസൈൽ ആക്രമണത്തെത്തുടർന്ന് ഇസ്രായേലിലെ പല ഭാഗങ്ങളിലും, ഗൾഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി തടഞ്ഞതായി ആണ് റിപ്പോർട്ടുകൾ.
പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ ട്രംപ് പ്രഖ്യാപിച്ച കരാർ പ്രകാരം, ഹോർമൂസ് കടലിടുക്ക് സുരക്ഷിതമായി തുറന്നു കൊടുക്കുമെന്നും ആക്രമണം ഉണ്ടാകില്ല എന്നുമായിരുന്നു. എന്നാൽ ഈ ആക്രമണത്തോടെ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഇന്നലെ രാത്രി നടന്ന ആക്രമണങ്ങളിൽ ഇസ്രായേലിലെ ഹൈഫയിലെ ഒരു കെട്ടിടത്തിൽ മിസൈൽ പതിച്ച് 4 പേരെ കാണാതാവുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യഹൂദിൽ (Yehud) ഒരു നിർമ്മാണ സ്ഥലത്ത് മിസൈൽ വീണ് 2 തൊഴിലാളികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടു. ദുബായിലെ ബുർജ് അൽ അറബ് കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. കുവൈത്ത് വിമാനത്താവളത്തിലും ബഹ്‌റൈനിലെ ജനവാസ മേഖലകളിലും മിസൈലുകൾ പതിച്ചു. കരാർ പ്രാബല്യത്തിൽ വന്ന ശേഷമുള്ള ഈ ആക്രമണങ്ങൾ സമാധാന ചർച്ചകളെ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
വെടിനിർത്തൽ ലംഘിച്ച് ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും നേരെ തങ്ങൾ ആക്രമണം നടത്തി എന്ന വാർത്തകൾ ഇറാൻ ഔദ്യോഗികമായി നിഷേധിച്ചു. തങ്ങളുടെ ഭാഗത്തുനിന്നും മിസൈലുകൾ വിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണെന്ന് ഇറാൻ പിന്നീട് പ്രസ്താവിച്ചു. യു.എസ് തങ്ങളുടെ റെഡ് ലൈനുകൾ മറികടന്നാൽ ഗൾഫ് മേഖലയിലെ എണ്ണ, വാതക വിതരണം തടസ്സപ്പെടുത്തുമെന്നും ആക്രമണങ്ങൾ മേഖലയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും ഐ.ആർ.ജി.സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

