Mantis Partners Sydney
Wednesday, February 11, 2026
Mantis Partners Sydney
Home » മസ്ക്കറ്റിൽ ഇറാൻ-അമേരിക്ക ചർച്ചകൾക്ക് തുടക്കം. ചർച്ചകൾ പോസിറ്റീവ് ആയിരുന്നുവെന്ന് ഇറാൻ
ഇറാൻ

മസ്ക്കറ്റിൽ ഇറാൻ-അമേരിക്ക ചർച്ചകൾക്ക് തുടക്കം. ചർച്ചകൾ പോസിറ്റീവ് ആയിരുന്നുവെന്ന് ഇറാൻ

by Editor

മസ്കറ്റ്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഒമാൻ്റെ മധ്യസ്ഥതയിൽ ഇറാന്‍- യുഎസ് ചർച്ച നടന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഒമാനിൽ കൂടിക്കാഴ്ച നടത്തി. ടെഹ്‌റാന്റെ ആണവ പദ്ധതിയെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടന്നത്. ചർച്ചയിൽ ഉരുത്തിരിഞ്ഞ പ്രധാന തീരുമാനങ്ങളോ മറ്റ് ഔദ്യോഗിക വിവരങ്ങളോ സംബന്ധിച്ച വിവരങ്ങളൊന്നും ഇറാനും അമേരിക്കയും ഇതുവരെ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. എന്നാൽ അടുത്തചർച്ച എന്നു നടക്കുമെന്നു പ്രഖ്യാപിച്ചിട്ടില്ല.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കഷ്‌നറും പശ്ചിമേഷ്യൻ കാര്യങ്ങൾക്കുള്ള ദൂതൻ സ്റ്റീവ് വിറ്റ്കോഫുമാണ് യു.എ സ്. പ്രതിനിധിസംഘത്തെ നയിച്ചത്. ഇവരെ കൂടാതെ അസാധാരണനടപടിയായി പശ്ചിമേഷ്യയിലെ യു.എസിന്റെ സൈനിക കമാൻഡായ ‘സെന്റ്റ്കോമി’ൻ്റെ മേധാവി അഡ്‌മിറൽ ബ്രാഡ് കൂപ്പറും പങ്കെടുത്തു. മുൻകാലചർച്ചകളിൽ സേനാമേധാവികൾ പങ്കെടുത്തിരുന്നില്ല. ചർച്ച പരാജയപ്പെട്ടാൽ ഇറാനിൽ യു.എസ്. സൈനിക നടപടിക്കിറങ്ങുമെന്നത് സൂചിപ്പിക്കാനുള്ള സമ്മർദതന്ത്രത്തിന്റെ ഭാഗമായാണ് കൂപ്പറെ പങ്കെടുപ്പിച്ചതെന്നാണ് വിലയിരുത്തൽ.

അമേരിക്കയുമായി ചർച്ച പോസിറ്റീവ് എന്നാണ് ഇറാന്‍റെ ആദ്യ പ്രതികരണം. ഈ രീതിയിൽ മുന്നോട്ട് പോയാൽ ധാരണയിൽ എത്താനാകുമെന്നും ഇറാൻ വ്യക്തമാക്കി. ചർച്ചകൾ തുടരും എന്നും ഇറാനിയൻ പ്രതിനിധികൾ സ്ഥിരീകരിച്ചു. രാജ്യതാൽപര്യം സംരക്ഷിച്ചുള്ള നിലപാടാണ് ഇറാന്റേതെന്നാണ് ചർച്ചകൾക്ക് മുന്നേ അബ്ബാസ് അരഗ്ച്ചി പറഞ്ഞത്. എന്തുവന്നാലും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകിക്കൊണ്ടുള്ള സമവായത്തിന് ഇല്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാൽ ചർച്ചയുടെ ആദ്യഘട്ടത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി, മിഡിൽ ഈസ്റ്റ് മേഖലയിലുടനീളമുള്ള അമേരിക്കയുടെ സൈനിക സംഘങ്ങളെ പിന്തുണയ്ക്കൽ, അമേരിക്കൻ ജനതയോടുള്ള പെരുമാറ്റം എന്നിവ ചർച്ചയിൽ വെച്ചതായി റിപ്പോർട്ടുണ്ട്. ഇറാന്‍- അമേരിക്ക ചര്‍ച്ച തുര്‍ക്കിയില്‍ വച്ച് നടക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ ഒമാനില്‍ വച്ച് ചര്‍ച്ച നടത്താമെന്ന ഇറാന്റെ ആവശ്യം അമേരിക്ക അംഗീകരിക്കുകയായിരുന്നു. പക്ഷേ ചര്‍ച്ചകള്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും മേഖലയിലെ അറബ് നേതാക്കളോടുള്ള ബഹുമാനം കണക്കിലെടുത്താണ് ചര്‍ച്ചയുമായി മുന്നോട്ട് പോകുന്നതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ഗള്‍ഫ് ഉള്‍പ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങള്‍ നടത്തിയ നയതന്ത്ര നീക്കമാണ് ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ചയിലേക്ക് എത്തിച്ചത്. ഇറാന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കണമെന്നും ചര്‍ച്ച റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് ഒന്‍പത് അറബ്, മുസ്‌ലിം രാജ്യങ്ങള്‍ അമേരിക്കയെ സമീപിച്ചിരുന്നു. ഇവരുടെ ആവശ്യം കണക്കിലെടുത്താണ് അമേരിക്ക ചര്‍ച്ചയ്ക്ക് തയ്യാറായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചർച്ചയ്ക്ക് സന്നദ്ധമായില്ലെങ്കിലും ആണവക്കരാറിലെത്തിയില്ലെങ്കിലും ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് നിരന്തരം ഭീഷണിമുഴക്കിയിരുന്നു. യുദ്ധഭീതി വർധിപ്പിച്ച് യു.എസിൻ്റെ കൂറ്റൻ കപ്പൽപ്പട ഇറാൻതീരത്ത് നങ്കൂരമിടുകയും ചെയ്‌തു. ജനകീയപ്രക്ഷോഭത്തെ ഇറാൻ ഭരണകൂടം അടിച്ചമർത്തിയതിൻ്റെ പേരിലും ഇറാനിൽ സൈനികനടപടിക്കിറങ്ങുമെന്ന് യു.എസ്. ഭീഷണിപ്പെടുത്തിയിരുന്നു. 2025 ജൂണിൽ ഇസ്രയേലും ഇറാനും തമ്മിലുണ്ടായ യുദ്ധത്തിൽ ഇറാനെ ആക്രമിച്ചുകൊണ്ട് യു.എസ്. പങ്കാളിയായതോടെയാണ് ആണവചർച്ച അനിശ്ചിതത്വത്തിലായത്.

Send your news and Advertisements

You may also like

error: Content is protected !!