ദുബായ്: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിക്കപ്പെട്ടതോടെ ഗൾഫ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം. ഖമേനിയുടെ വധത്തിന് പ്രതികാരമായി ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പശ്ചിമേഷ്യയിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഗൾഫിനെ ആശങ്കകളുടെ മുൾമുനയിലാഴ്ത്തി ഒമാനെയും ഇറാൻ ഇന്ന് ആക്രമിച്ചു. മധ്യസ്ഥ രാജ്യമായ ഒമാനിൽ ആക്രമണം ഉണ്ടായെന്നതാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ദുഖും തുറമുഖത്തു രണ്ടു ഡ്രോണുകൾ പതിച്ചു. ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ടെൽ അവീവ് ഉൾപ്പെടെയുള്ള ഇസ്രായേൽ നഗരങ്ങളിലേക്ക് ഇന്നും ഇറാൻ മിസൈലുകൾ വർഷിച്ചു.
ദുബായ് വിമാനത്താവളം, ബുർജ് അൽ അറബ് ഹോട്ടൽ പരിസരം എന്നിവിടങ്ങളിൽ ഇറാൻ്റെ ഡ്രോൺ/മിസൈൽ ആക്രമണങ്ങളെത്തുടർന്ന് തീപിടുത്തവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുദ്ധ സാഹചര്യം കണക്കിലെടുത്ത് ദുബായ് ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങൾ അടച്ചു. ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. ഗൾഫ് രാജ്യങ്ങളിൽ നടന്ന ആക്രമണത്തിൽ ഇതുവരെ 2 പേർ കൊല്ലപ്പെട്ടു. അബുദാബിയിൽ മിസൈൽ ഷെൽ പതിച്ച് പാക്കിസ്ഥാൻ പൗരനും ഇന്നലെ രാത്രി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടായ ആക്രമണത്തിൽ വിമാനത്താവള ജീവനക്കാരനുമാണ് മരിച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളവും ആക്രമിക്കപ്പെട്ടു. ടെർമിനൽ മൂന്നിലാണ് ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയും ആക്രമണം ഉണ്ടായത്. ദുബായിലെ തന്ത്രപ്രധാനമായ ജബൽ അലി തുറമുഖവും ആക്രമണം നേരിട്ടു.
ഖത്തറിലെ അൽ ഉദൈദ് (Al Udeid), ബഹ്‌റൈനിലെ യുഎസ് നേവൽ ബേസ്, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈലുകൾ വർഷിച്ചു. സൗദിയിലെ തന്ത്രപ്രധാനമായ എണ്ണക്കമ്പനിയായ അരാംകോയുടെ പ്ലാൻ്റുകൾക്ക് നേരെയും ആക്രമണ ശ്രമങ്ങൾ നടന്നതായും എന്നാൽ പ്രതിരോധ സംവിധാനങ്ങൾ അവ തടഞ്ഞതായും സൂചനയുണ്ട്. യുദ്ധം ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചതോടെ അവിടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾ കനത്ത ആശങ്കയിലാണ്. പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
യുഎഇയും ബഹ്റൈനുമാണ് ഏറ്റവും രൂക്ഷമായ ആക്രമണം നേരിടുന്നത്. ബഹ്റൈനിൽ വൻകിട പാർപ്പിട സമുച്ചയങ്ങളിൽ അടക്കം ആക്രമണം ഉണ്ടായി. മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആളുകൾക്കു പരുക്കുണ്ട്. ദുബായിയുടെയും അബുദാബിയുടെയും രാജ്യാന്തര വിമാനത്താവളങ്ങൾ ആക്രമിക്കപ്പെട്ടത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. വിമാനത്താവളങ്ങളുടെ പ്രവർത്തനം പൂർണമായും നിർത്തി. രാജ്യത്ത് ഡ്രോൺ, പാരഗ്ലൈഡിങ് പറത്തലുകൾക്ക് നിരോധനം ഏർപ്പെടുത്തി.
ഇന്ന് പുലർച്ചെ ഇസ്രായേലും അമേരിക്കയും ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ട് രണ്ടാം ഘട്ട ആക്രമണം ആരംഭിച്ചു. ടെഹ്‌റാനിൽ വലിയ സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയുമായി ചേർന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനിൽ 1,200ലധികം ബോംബുകൾ വർഷിച്ചെന്ന് ഇസ്രയേൽ വ്യോമസേന അറിയിച്ചു.
ഇറാൻ്റെ ഭാഗത്തുനിന്ന് ഇനിയും ആക്രമണങ്ങൾ ഉണ്ടായാൽ, ലോകം ഇതുവരെ കാണാത്ത അത്ര ശക്തമായ പ്രത്യാഘാതങ്ങൾ ഇറാൻ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നിലവിലെ ഇസ്ലാമിക് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള സമയമാണിതെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇറാനിലെ ജനങ്ങളോട് അവരുടെ രാജ്യം തിരിച്ചുപിടിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) ഉൾപ്പെടെയുള്ള സൈനികരോട് ആയുധം താഴെവെച്ച് കീഴടങ്ങാൻ അദ്ദേഹം ആവശ്യപ്പെട്ടു. കീഴടങ്ങുന്നവർക്ക് സംരക്ഷണം നൽകുമെന്നും അല്ലാത്തവർക്ക് മരണം ഉറപ്പാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ


