Monday, March 30, 2026
Home » കുവൈറ്റിലെ കുടിവെള്ള ശുദ്ധീകരണ പ്ലാൻ്റിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
കുവൈറ്റിലെ കുടിവെള്ള ശുദ്ധീകരണ പ്ലാൻ്റിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

കുവൈറ്റിലെ കുടിവെള്ള ശുദ്ധീകരണ പ്ലാൻ്റിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

by Editor
Send your news and Advertisements

കുവൈറ്റ് സിറ്റി: ഗൾഫ് മേഖലയെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങൾ കടുക്കുന്നു. കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കുവൈത്തിൻ്റെ വൈദ്യുതി മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം, രാജ്യത്തെ ഒരു പ്രധാന പ്ലാന്റിലെ സർവീസ് കെട്ടിടത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിനു വലിയ തോതിൽ നാശനഷ്‌ടങ്ങൾ സംഭവിക്കുകയും ചെയ്തു. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

യുദ്ധം തുടങ്ങിയത് മുതൽ കുവൈത്ത് നിരന്തരം ആക്രമിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ മാത്രം കുവൈത്ത് വ്യോമാതിർത്തിയിൽ 14 മിസൈലുകളും 12 ഡ്രോണുകളും കണ്ടെത്തിയിരുന്നു. യുഎഇയിലും പുലർച്ചെ ശക്തമായ ആക്രമണങ്ങൾ നടന്നതായും തുടർച്ചയായി സ്ഫോടന ശബ്‌ദങ്ങൾ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞതായി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ബഹ്‌റൈനിൽ പുലർച്ചെ 3 തവണ ഇറാന്റെ ആക്രമണശ്രമം ഉണ്ടായി. രാജ്യത്ത് രാത്രികാല കടൽയാത്രക്ക് നിരോധനം ഏർപ്പെടുത്തി. വൈകിട്ട് 6 മുതൽ പുലർച്ചെ 4 വരെയാണ് വിലക്ക്. മത്സ്യബന്ധനത്തിനുൾപ്പടെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഫലപ്രദമായി ആക്രമണത്തെ ചെറുക്കാനായെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇറാനെതിരായ യുദ്ധം 5-ാം ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് പുതിയ ഭീഷണിയുമായി ട്രംപ്. ഇറാന്റെ എണ്ണ കയറ്റുമതി ഹബ്ബായ ഖാർദ് ദ്വീപ് യുഎസ് പിടിച്ചെടുക്കുമെന്നു പറഞ്ഞ ട്രംപ് വെനസ്വേലയിൽ യുഎസ് നടത്തിയതിന് സമാനമായ നീക്കമായിരിക്കും ഇത് എന്നും പറഞ്ഞു. ഇറാനുമായി ഉടൻ ധാരണയിലെത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. അമേരിക്ക മുന്നോട്ടുവെച്ച 15 ഇന പട്ടികയിൽ പലതും ഇറാൻ അംഗീകരിച്ചതായും പരോക്ഷ ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ട്രംപ് പറഞ്ഞു. ചർച്ചകൾക്ക് വേദിയൊരുക്കാൻ തയ്യാറാണെന്ന് പാക്കിസ്ഥാനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നയതന്ത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴും രഹസ്യമായി ഇറാനെ ആക്രമിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നതെന്ന് ഇറാൻ പാർലമെൻ്റ് സ്‌പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് ആരോപിച്ചു.

അമേരിക്ക ഇറാനെതിരെ കരയുദ്ധത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഘാരി മുന്നറിയിപ്പ് നൽകി. കരയുദ്ധത്തിന് ശ്രമിച്ചാൽ യുഎസ് സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമായിത്തീരുമെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ പരിഹസിച്ചു. 3,500 സൈനികരുമായി യുഎസ് പടക്കപ്പൽ യുഎസ്എസ് ട്രിപ്പോളി മധ്യപൂർവദേശത്ത് എത്തിയതിന് പിന്നാലെയാണ് ഈ പ്രതികരണം. 10,000 സൈനികരെ കൂടി മേഖലയിലേക്ക് അയക്കാൻ യുഎസ് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇന്നലെയും ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനിലെ ഖോജിർ (Khojir), ഷാരൂദ് (Shahroud), പാർച്ചിൻ (Parchin), ഹക്കിമിയ (Hakimiyeh) എന്നിവിടങ്ങളിലെ നാല് പ്രധാന ബാലിസ്റ്റിക് മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങളിലും 29 മിസൈൽ ലോഞ്ച് ബേസുകളിലും വ്യോമാക്രമണം നടന്നതായി വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ടെഹ്‌റാനിലെ പ്രതിരോധ വ്യവസായ കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തി. തബ്രിസിലെ (Tabriz) പെട്രോകെമിക്കൽ പ്ലാന്റിലും ഇസ്ഫഹാനിലെ (Isfahan) ഒരു സർവകലാശാലയിലും ആക്രമണം ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ ഏകദേശം 2,000-ലധികം ഇറാൻ പൗരന്മാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ഇസ്രായേലിലെ സ്റ്റീൽ കോംപ്ലക്സ് ഇറാൻ ആക്രമിച്ചു; ജറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങൾ അടച്ചു.

You may also like

error: Content is protected !!