വാഷിംഗ്‌ടൺ: പശ്ചിമേഷ്യയിൽ അമേരിക്കൻ സൈന്യത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യയുടെ ശക്തമായ രഹസ്യാന്വേഷണ പിന്തുണയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക നീക്കങ്ങളെക്കുറിച്ചും കേന്ദ്രങ്ങളെക്കുറിച്ചുമുള്ള സുപ്രധാന വിവരങ്ങൾ റഷ്യ ഇറാന് കൈമാറുന്നതായാണ് റിപ്പോർട്ടുകൾ. യുക്രെയ്ൻ യുദ്ധത്തിൽ ഇറാൻ നൽകിയ സൈനിക സഹായത്തിന് പകരമായാണ് മോസ്കോയുടെ ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റഷ്യ നൽകുന്ന ഈ രഹസ്യാന്വേഷണ വിവരങ്ങൾ മേഖലയിലെ യുഎസ് താവളങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ശക്തമാക്കാൻ ഇറാന് സഹായകമാകുന്നു എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. റഷ്യ-ഇറാൻ സഹകരണം വർധിക്കുന്നത് പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്ന് അമേരിക്കയും സഖ്യകക്ഷികളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
റഷ്യയുടെ സഹായത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു. ഇത്തരം ചോദ്യങ്ങൾ പ്രസക്തമല്ലെന്നും നിലവിൽ അമേരിക്ക നേരിടുന്ന മറ്റ് വെല്ലുവിളികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒരു ചെറിയ പ്രശ്നം മാത്രമാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
ഇത്തരം സഹായങ്ങൾ യുദ്ധക്കളത്തിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി. ഇറാൻ സൈന്യത്തെ അമേരിക്ക നിലംപരിശാക്കി ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ- ഇറാനിയൻ നീക്കങ്ങളെ അമേരിക്കൻ സൈന്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. രഹസ്യമായോ പരസ്യമായോ നടക്കുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈറ്റിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 6 യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ഇറാന് ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.


