ന്യൂഡൽഹി: പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിൻ്റെ ആണവയുദ്ധ ഭീഷണി തള്ളി ഇന്ത്യ. ആണവയുദ്ധ ഭീഷണി പാക്കിസ്ഥാൻ്റെ നിരുത്തരവാദ സമീപനത്തെ തുറന്നു കാണിക്കുന്നുവെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആണവായുധം കൈവശം വെയ്ക്കുന്ന ഉത്തരവാദിത്ത ബോധമില്ലാത്ത രാജ്യമാണ് പാക്കിസ്ഥാൻ. അമേരിക്കൻ പിന്തുണയിൽ പാക്കിസ്ഥാൻ യഥാർഥ നിറം കാണിക്കുന്നു. പാക്കിസ്ഥാനിൽ ജനാധിപത്യം നിലവിലില്ല എന്നതിന്റെ ലക്ഷണമാണിത്. പാക്കിസ്ഥാനെ നിയന്ത്രിക്കുന്നത് അവരുടെ സൈന്യമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
സിന്ധു നദി ഇന്ത്യയുടെ സ്വത്തല്ലെന്നും അണക്കെട്ട് നിർമിച്ചാൽ തകർക്കുമെന്നുമായിരുന്നു അസിം മുനീറിന്റെ ഭീഷണി. സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് പണിയാൻ കാത്തിരിക്കുകയാണ് ഞങ്ങൾ. എന്നിട്ടുവേണം അത് പത്ത് മിസൈലുകൾ കൊണ്ട് തകർക്കാനെന്ന് അസിം മുനീർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. തങ്ങൾക്ക് മിസൈൽ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പാക്കിസ്ഥാൻ ആണവരാഷ്ട്രമാണ്. പാക്കിസ്ഥാൻ തകർന്നാൽ ലോകത്തിന്റെ പകുതി ഭാഗത്തേയും ഞങ്ങൾ കൂടെ കൊണ്ടുപോകും. ഞങ്ങളുടെ നിലനിൽപിനെ ബാധിക്കുകയാണെങ്കിൽ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാനും മടിക്കില്ല’, അദ്ദേഹം പറഞ്ഞു. അമേരിക്കൻ സന്ദർശത്തിനിടെ ഫ്‌ളോറിഡയിൽ നടന്ന അത്താഴ വിരുന്നിലായിരുന്നു അസിം മുനീറിന്റെ പ്രകോപന പ്രസ്താവന.
ആണവ ഭീഷണിയുമായി പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ; സിന്ധുനദിയിൽ ഡാം പണിതാൽ അതും തകർക്കും.