ഇന്ത്യയുടെ പ്രധാന ശത്രു മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നിടത്തോളം രാജ്യം പരാജയപ്പെട്ടുകൊണ്ടിരിക്കും. നമ്മൾ മറ്റുള്ളവരെ ആശ്രയിക്കുന്നത് തുടർന്നാൽ നമ്മുടെ ആത്മാഭിമാനത്തിനാണ് മങ്ങലേൽക്കുന്നത്. മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയുടെ ഏറ്റവും വലിയ ബലഹീനതയാണ്. 140 കോടി ജനങ്ങളുടെ ഭാവി നമുക്ക് മറ്റുള്ളവരെ ഏൽപ്പിക്കാൻ സാധിക്കില്ല. വികസനത്തിനായി ഇന്ത്യയ്‌ക്ക് മറ്റുള്ളവരെ ആശ്രയിക്കാനോ വരും തലമുറകളുടെ ഭാവി അപകടത്തിലാക്കാനോ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങളിൽ നിന്ന് വൻതോതിൽ അസംസ്കൃത എണ്ണയും വാതകവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു. പകരമായി, ഇന്ത്യ എല്ലാ വർഷവും ലക്ഷക്കണക്കിന് കോടി രൂപ മറ്റ് രാജ്യങ്ങൾക്ക് നൽകേണ്ടിവരുന്നു. നമ്മുടെ പണം വിദേശത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യം മാറ്റേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ നിലനിർത്തുന്നതിനു സ്വയം പര്യാപ്തം ആകേണ്ടത് അത്യാവശ്യമാണ്. ചിപ്പുകൾ മുതൽ കപ്പലുകൾ വരെ, നമ്മൾ എല്ലാം നിർമിക്കണം. സമാധാനം, സ്ഥിരത, സമ്പത്ത് എന്നിവ നിലനിർത്തുന്നതിനു സ്വാശ്രയത്വം അനിവാര്യമാണ്, ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം ആത്മനിർഭർ ആയി മാറണം’- മോദി പറഞ്ഞു.
താരിഫ് യുദ്ധത്തിന് പിന്നാലെ എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ (ഏകദേശം 88,09,180 രൂപ) ഇടാക്കാനുള്ള വിജ്ഞാപനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.