Wednesday, October 15, 2025
Mantis Partners Sydney
Home » ഇന്ത്യയുടെ പ്രതിരോധ ഉൽപാദനത്തിൽ റെക്കോർഡ് വളർച്ച
ഇന്ത്യയുടെ പ്രതിരോധ ഉൽപാദനത്തിൽ റെക്കോർഡ് വളർച്ച

ഇന്ത്യയുടെ പ്രതിരോധ ഉൽപാദനത്തിൽ റെക്കോർഡ് വളർച്ച

by Editor

ന്യൂഡൽഹി: 2024–2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉൽപാദനം 1.5 ലക്ഷം കോടി രൂപയിലധികമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പ്രതിരോധ ഉൽപാദന വകുപ്പ്, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് പൊതുമേഖലാ യൂണിറ്റുകൾ, സ്വകാര്യ വ്യവസായം എന്നിവയുടെ സംയുക്ത പരിശ്രമമാണ് വളർച്ചയ്ക്ക് കാരണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

2024-25 സാമ്പത്തിക വർഷത്തിൽ ഉൽപാദനം എക്കാലത്തെയും ഉയർന്ന നിരക്കായ 1,50,590 കോടി രൂപയിലെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 2023-24 ലെ 1.27 ലക്ഷം കോടി രൂപയിൽ നിന്ന് 18 ശതമാനം വർധനയും 2019-20 ലെ 79,071 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 90 ശതമാനം വർധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും മൊത്തം ഉൽപാദനത്തിന്റെ ഏകദേശം 77 ശതമാനം സംഭാവന ചെയ്‌തു. സ്വകാര്യ മേഖല 23 ശതമാനവും. 2024-25 സാമ്പത്തിക വർഷത്തിൽ രണ്ട് വിഭാഗങ്ങളിലും വാർഷിക വളർച്ചയുണ്ടായി. പൊതുമേഖലാ ഉൽപാദനം 16 ശതമാനം വർധിച്ചപ്പോൾ സ്വകാര്യ മേഖലയിലെ ഉൽപാദനം 28 ശതമാനം കൂടി.

ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിലുള്ള തദ്ദേശീയവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, നയ പരിഷ്കാരങ്ങൾ, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനുള്ള ശ്രമങ്ങൾ എന്നിവയാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് സർക്കാർ പറയുന്നു. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും പ്രതിരോധ കയറ്റുമതി വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. 2024-25 ൽ പ്രതിരോധ കയറ്റുമതി 23, 622 കോടി രൂപയുടെ റെക്കോർഡിലെത്തി, മുൻ വർഷത്തെ 21,083 കോടി രൂപയേക്കാൾ 12.04 ശതമാനം വർധനവാണിത്. തുടർച്ചയായ പരിഷ്കാരങ്ങൾ, വർദ്ധിച്ച സ്വകാര്യ പങ്കാളിത്തം, കയറ്റുമതി സാധ്യതകൾ വികസിപ്പിക്കൽ എന്നിവയിലൂടെ ഇന്ത്യയുടെ പ്രതിരോധ മേഖല ഈ വളർച്ചാ വേഗത നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!