Sunday, August 31, 2025
Mantis Partners Sydney
Home » ഒസിഐ കാർഡ് നിയമങ്ങൾ ഇന്ത്യ കർശനമാക്കി; ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കും.
ഒസിഐ കാർഡ് നിയമങ്ങൾ ഇന്ത്യ കർശനമാക്കി; ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കും.

ഒസിഐ കാർഡ് നിയമങ്ങൾ ഇന്ത്യ കർശനമാക്കി; ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കും.

by Editor

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് വിസയില്ലാതെ ഇന്ത്യ സന്ദർശിക്കാൻ അനുമതി നൽകുന്ന ഒസിഐ (OCI – ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ് നിയമങ്ങൾ ഇന്ത്യ കർശനമാക്കി. വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ വിജ്ഞാപനമനുസരിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഒസിഐ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടാകും. ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചു. ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഔദ്യോഗികമായി കുറ്റപത്രം സമർപ്പിക്കുകയോ ചെയ്താൽ വ്യക്തികളുടെ ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

‘സിറ്റിസൺഷിപ്പ് ആക്ട്, 1955-ലെ (57-ാം നമ്പർ) സെക്ഷൻ 7ഡിയിലെ ക്ലോസ് (ഡിഎ) പ്രകാരം ലഭിച്ച അധികാരം ഉപയോഗിച്ച്, ഒരു വ്യക്തിക്ക് രണ്ട് വർഷത്തിൽ കുറയാത്ത കാലത്തേക്ക് തടവ് ശിക്ഷ ലഭിക്കുകയോ ഏഴ് വർഷമോ അതിലധികമോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് കുറ്റപത്രം നൽകുകയോ ചെയ്താൽ ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്ന് ഈ വിജ്ഞാപനം വ്യക്തമാക്കുന്നു.

വിദേശ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജര്‍ക്ക് ഇപ്പോഴത്തെ നിയമഭേദഗതി അവരുടെ ഇന്ത്യന്‍ സന്ദര്‍ശന പ്രതീക്ഷകള്‍ക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. പുതിയ നിയമം ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും പ്രവാസികള്‍ ഭയക്കുന്നു. ഒരു വ്യക്തിയോട് പകപോക്കാന്‍ വേണ്ടി ആരെങ്കിലും ഒരുങ്ങി ഇറങ്ങിയാള്‍ ഒസിഐ കാര്‍ഡ് റദ്ദാക്കാന്‍ ഉതകുന്ന വിധത്തില്‍ കേസുകള്‍ സൃഷ്ടിക്കപ്പെട്ടേക്കാം. ഈ വിഷയത്തില്‍ പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വിദേശത്തിരുന്ന് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒസിഐ കാര്‍ഡിനെ കരുവാക്കുന്നുണ്ട്. ഇത്തരത്തില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരുടെ കാര്‍ഡുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

2005 ഓഗസ്റ്റിലാണ് ഒസിഐ പദ്ധതി ആരംഭിച്ചത്. വിസയില്ലാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനും ദീർഘകാല താമസത്തിനും ഒന്നിലധികം തവണ ഇന്ത്യ സന്ദർശിക്കാനും ഈ പദ്ധതി ഇന്ത്യൻ വംശജരായ വിദേശ പൗരന്മാരെ അനുവദിക്കുന്നു. 1950 ജനുവരി 26-നോ അതിനുശേഷമോ ഇന്ത്യയുടെ പൗരന്മാരായിരുന്നവർക്കോ ആ തീയതിയിൽ പൗരന്മാരാകാൻ യോഗ്യതയുള്ളവർക്കോ ഒസിഐ കാർഡിന് അപേക്ഷിക്കാം. എന്നിരുന്നാലും, പാകിസ്ഥാൻ, ബംഗ്ലാദേശ് അല്ലെങ്കിൽ സർക്കാർ ഔദ്യോഗിക ഗസറ്റിൽ വ്യക്തമാക്കിയ മറ്റ് രാജ്യങ്ങളിലെ പൗരന്മാരായ വ്യക്തികളെ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്തിടെ ഒസിഐ കാര്‍ഡ് പുതുക്കുന്നതിനുള്ള ചട്ടങ്ങള്‍ അടക്കം കേന്ദ്രസര്‍ക്കാര്‍ ലഘൂകരിച്ചിരുന്നു. 20 വയസ്സില്‍ താഴെയുള്ളവര്‍ ഓരോ പ്രാവശ്യം പാസ്പോര്‍ട്ട് പുതുക്കുമ്പോഴും 50 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ ഒരു തവണയും ഒസിഐ കാര്‍ഡും പുതുക്കണമെന്ന നിബന്ധന പുതിയ വിജ്ഞാപനത്തിലൂടെ ഇല്ലാതാക്കിയിരുന്നു. പുതിയ പാസ്പോര്‍ട്ടലിന്റെ പകര്‍പ്പും ലേറ്റസ്റ്റ് ഫോട്ടോയും ഒസിഐ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താല്‍ മതിയാകും. പാസ്പോര്‍ട്ട് പുതുക്കി മൂന്ന് മാസത്തിനുള്ളിലാണ് ഇത് ചെയ്യേണ്ടത്. അപ്ലോഡ് ചെയ്യുന്ന വിവരങ്ങള്‍ വെബ് ഡോക്യുമെന്റായി രജിസ്റ്റര്‍ ചെയ്താലുടന്‍ ഇത് ശരിവെച്ചുകൊണ്ടുള്ള ഇ- മെയില്‍ സന്ദേശം തിരികെ ലഭിക്കും. പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന വിവരങ്ങള്‍ ശരിവെച്ചു കൊണ്ടുള്ള സന്ദേശം ലഭിക്കാന്‍ വൈകിയാലും ആ ദിവസങ്ങളില്‍ ഇന്ത്യയിലേക്കോ തിരിച്ചോ ഉള്ള യാത്രയ്ക്ക് തടസമുണ്ടാകില്ലെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!