Sunday, August 31, 2025
Mantis Partners Sydney
Home » ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്‌നി 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്‌നി 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്‌നി 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

by Editor

ന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധ വാഹകശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചെന്ന് പ്രതിരോധ മന്ത്രാലയം. ഒഡിഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) നടന്ന പരീക്ഷണ വിക്ഷേപണത്തിൽ മിസൈലിന്റെ സാങ്കേതികവും പ്രായോഗികവുമായ എല്ലാ ശേഷികളും സ്ഥിരീകരിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം നടന്നത്. ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളെ ഒരേസമയം ഭേ​ദിക്കാൻ ഈ മിസൈലിന് കഴിയും. ഒരേ സമയം മൂന്ന് ആണവ പോർമുനകൾ വരെ വഹിക്കാനും പ്രയോഗിക്കാനും അഗ്‌നി 5 ന് കഴിയും.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച അഗ്‌നി 5, അയ്യായിരം കിലോ മീറ്റർ ദൂര പരിധിയുള്ള ഇന്ത്യയുടെ ഏറ്റവും നൂതനമായ ദീർഘദൂര മിസൈലുകളിലൊന്നാണ്. ആധുനിക നാവിഗേഷൻ, ഗൈഡൻസ്, പോർമുന, പ്രൊപ്പൽഷൻ സാങ്കേതിക വിദ്യകൾ അടങ്ങിയ ഇത് ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതാണെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ചൈനയ്ക്കെതിരായ ഇന്ത്യയുടെ ആണവ പ്രതിരോധം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ആഗ്നി 5 ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ചത്. ഇതിന് മുമ്പ് അഗ്നി 3 ആയിരുന്നു ഇന്ത്യയുടെ ഉയർന്ന പരിധിയുള്ള മിസൈൽ. മധ്യ ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ചാൽ ചൈനയുടെ കിഴക്കൻ, വടക്കു കിഴക്കൻ മേഖലകളിലെ ലക്ഷ്യത്തിലെത്താൻ ഈ മിസൈൽ പര്യാപ്‌തമായിരുന്നില്ല. ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിൽ ഭൂരിഭാഗവും അതിൻ്റെ കിഴക്കൻ കടൽത്തീരത്താണ് എന്നതും കൂടുതൽ ദൂര പരിധിയുള്ള ഒരു മിസൈൽ എന്ന ആവശ്യം അനിവാര്യമാക്കി. ഇതോടെയാണ് ഇന്ത്യ കൂടുതൽ ദൂര പരിധിയുള്ള അഗ്നി 5 വികസിപ്പിച്ചത്.

3500 മുതൽ 5000 കിലോ മീറ്റർ വരെ ദൂര പരിധിയും രണ്ട് ഘട്ടങ്ങളുമുണ്ടായിരുന്ന അഗ്നി 3 ൻ്റെ പരിഷ്‌കരിച്ച രൂപവുമാണിത്. ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിങിന് പുറമേ പ്രധാന വ്യവസായ നഗരങ്ങളിൽ പോലും എത്താൻ അഗ്നി 5 ന് കഴിയും. ഏഷ്യയ്ക്ക് പുറമേ ആഫ്രിക്ക പൂർണമായും യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ പകുതിയും മിസൈലിൻ്റെ പരിധിയിൽ വരും. ഇതു കൂടാതെ 7,500 കിലോ മീറ്റർ വരെ ദൂര പരിധി പ്രതീക്ഷിക്കുന്ന ഒരു നവീകരിച്ച പതിപ്പിന്റെ നിർമാണത്തിലാണ് ഡിആർഡിഒ.

Send your news and Advertisements

You may also like

error: Content is protected !!