ന്യൂഡൽഹി: ഇന്ത്യ മലേഷ്യ സഹകരണം ശക്തമാക്കാൻ വിവിധ ധാരണ പത്രങ്ങളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും. പ്രതിരോധം, സുരക്ഷാ, വ്യാപാരം ഊർജ്ജം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട പത്ത് നിർണായക കരാറുകളിലാണ് ഏർപ്പെട്ടത്. തമിഴ് സിനിമയുടെ പ്രോത്സാഹനം അടക്കമുള്ള കാര്യങ്ങൾ കരാറിലുണ്ട്. മലേഷ്യയിലെ മുപ്പത് ലക്ഷം ഇന്ത്യക്കാരിൽ പകുതിയോളം തമിഴ് വംശജരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലേഷ്യൻ സന്ദർശന വേളയിലാണ് കരാറിൽ ഒപ്പ് വെച്ചത്.
മലേഷ്യയിൽ തങ്ങൾ പുതിയ കൗൺസിലേറ്റർ തുറക്കാൻ പോകുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇൻഡോ പസഫിക് മേഖലയിലെ സമാധാനത്തിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധതർ എന്നും ഭീകരതയോടെ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. അന്താരാഷ്ട്ര സാമ്പത്തിക മേഖലയിൽ ഇന്ത്യയ്ക്ക് അതിശയകരമായ വളർച്ച ഉണ്ടായെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പ്രകീർത്തിച്ചു. ഭീകരവാദത്തിനെതിരെ ഒരുമിച്ച് നിൽക്കാനും ഇന്ത്യ-ആസിയാൻ വ്യാപാര കരാറിൻ്റെ പുനപരിശോധന വേഗത്തിലാക്കാനും ഇരു നേതാക്കളും തീരുമാനിച്ചു.
യു പി എ ഭരണകാലത്തുണ്ടാക്കിയ ആസിയാൻ കരാർ ആണ് പുനപരിശോധനയ്ക്ക് വിദേയമാക്കുന്നത്. ഇന്ത്യ – ചൈന ബന്ധം വഷളായതിന് ശേഷമാണ് ആസിയാൻ കരാറും ഇന്ത്യ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. കരാർ പുതുക്കുന്നത് കഴിഞ്ഞ വർഷം ഡിസംബറിൽ പുർത്തിയാക്കാനിരുന്നെങ്കിലും ഇത് അഞ്ചോ ആറോ മാസം കൂടി നീളും എന്നാണ് സൂചന. അമേരിക്കയുമായി അടക്കം വ്യാപാര കരാർ ഒപ്പു വച്ച സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കൂടി ഗുണം ചെയ്യുന്ന രീതിയിൽ ആസിയാൻ കരാർ പൊളിച്ചെഴുതാനാണ് ശ്രമം. ഈ വർഷം തന്നെ കരാർ പുതുക്കും എന്ന സൂചനയാണ് പ്രധാനമന്ത്രി നൽകിയത്.
ശനിയാഴ്‌ച മലേഷ്യൻ പ്രധാനമന്ത്രി വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വീകരിച്ചത്. പിന്നീട് മോദിക്ക് മലേഷ്യയുടെ ആചാരപരമായ വരവേൽപ്പും നൽകിയിരുന്നു.
ഇതിനിടെ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിൽ ഇന്ത്യ-യു.എസ് വ്യാപാര കരാറും മോദി പരാമർശിച്ചു. ഇന്ത്യൻ സമൂഹം അദേഹത്തിന് നൽകിയ സ്വീകരണത്തിലും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പങ്കെടുത്തിരുന്നു.


