ന്യൂഡൽഹി: എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിൽ ഏറ്റവും മിതമായ നിരക്ക് വാഗ്‌ദാനം ചെയ്യുന്ന ഏതൊരിടത്തു നിന്നും ഇന്ത്യ അംസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുമെന്ന് വാർത്താക്കുറിപ്പിലൂടെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യയുടെ ഊർജ വിതരണം തടസങ്ങളില്ലാതെ സുരക്ഷിതമാണെന്നും, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ആഗോള വിപണിയിൽ എണ്ണവില വർദ്ധിക്കുന്നത് തടയാൻ, ഇന്ത്യൻ കമ്പനികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ചിരുന്നു. അമേരിക്കയുടെ ഈ ‘അനുമതി’ പ്രഖ്യാപനത്തിന് പിന്നാലെ, ഊർജ്ജ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ സ്വതന്ത്രമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്നും ആരുടെയും അനുമതി കാത്തുനിൽക്കാറില്ലെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. അമേരിക്കയുടെ ‘അനുമതി’ ഒരു തടസ്സം നീക്കൽ മാത്രമാണെന്നും, ഇന്ത്യയുടെ എണ്ണ ഇറക്കുമതി നയം തീരുമാനിക്കുന്നത് ഇന്ത്യ മാത്രമാണെന്നുമാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
2026 ഫെബ്രുവരിയിലും റഷ്യൻ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യ ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ വിതരക്കാരാണ്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൻ്റെ മൂന്ന് വർഷക്കാലം അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും എതിർപ്പുകൾക്കിടയിലും റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ തയ്യാറായി. റിഫൈനറികളിലെ ആവശ്യവും വിലക്കുറവും കാരണം 2022 ന് ശേഷം ഇറക്കുമതിയിൽ കാര്യമായ വർധനയുണ്ടായെന്നും കേന്ദ്രം പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നേരത്തെയും പല രാജ്യാന്തര വേദികളിലും വ്യക്തമാക്കിയതുപോലെ, ഇന്ത്യയുടെ ഊർജ്ജ നയം ആഗോള സമ്മർദ്ദങ്ങൾക്കല്ല, മറിച്ച് ദേശീയ താൽപ്പര്യങ്ങൾക്കും തന്ത്രപരമായ സ്വയംഭരണാധികാരത്തിനുമാണ് മുൻഗണന നൽകുന്നത്.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ഉയർന്നിട്ടും ഇന്ത്യയുടെ ഊർജവിതരണം സുരക്ഷിതവും സ്ഥിരതയുള്ളതുമായി തുടരുകയാണ്. ഒന്നിലധികം വിതരണ വഴികൾ ഉറപ്പാക്കി, ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി 27 രാജ്യങ്ങളിൽ നിന്നുള്ളത് 40 രാജ്യങ്ങളിൽ നിന്നാക്കി ഉയർത്തിയിട്ടുണ്ട്. ദേശീയതാൽപര്യം മുൻനിർത്തി എവിടെ നിന്നാണോ ഏറ്റവും കുറഞ്ഞതും താങ്ങാനാവുന്നതുമായ നിരക്കിൽ ലഭിക്കുന്നത് അവിടെ നിന്ന് ഇന്ത്യ എണ്ണ വാങ്ങും. 250 ദശലക്ഷം ബാരലുകളിലധികം ക്രൂഡ് ഓയിലും മറ്റ് പെട്രോളിയം ഉൽപന്നങ്ങളും ഇന്ത്യയുടെ ശേഖരത്തിലും വിതരണ ശൃംഖലയിലുമായി ഉണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അമേരിക്കയുടെ അനുവാദം ആവശ്യമോ?
2026 ഫെബ്രുവരി മാസത്തിൽ ഇന്ത്യയ്ക്ക് ഏറ്റവുമധികം എണ്ണ എത്തിച്ച രാജ്യങ്ങളിലൊന്ന് റഷ്യയാണ്. ഫെബ്രുവരിയിൽ ഇന്ത്യൻ റിഫൈനറികൾ പ്രതിദിനം ഏകദേശം 1.0 മുതൽ 1.7 ദശലക്ഷം ബാരൽ വരെ റഷ്യൻ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ ഏകദേശം 25 മുതൽ 30 ശതമാനവും, ഫെബ്രുവരി മാസത്തെ കണക്കനുസരിച്ച് ഏകദേശം 28 മുതൽ 48 ദശലക്ഷം ബാരൽ എണ്ണയുമാണ്. ഇന്ത്യ പ്രതിദിനം ഏകദേശം 10 ലക്ഷം ബാരൽ റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്. ഇന്ത്യയുടെ ഊർജ്ജ തിരഞ്ഞെടുപ്പുകൾ വിദേശ രാജ്യങ്ങളാണ് തീരുമാനിക്കുന്നത് എന്ന വാദം അടിസ്ഥാന രഹിതമാണെന്ന് വിലയിരുത്താൻ ഈ കണക്ക് മാത്രം മതിയാവും.
ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ആവശ്യകതയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതാണ്. ഇത്തരമൊരു സാഹചര്യത്തിൽ, വില, വിതരണത്തിലെ സ്ഥിരത, ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ, ആഭ്യന്തര പണപ്പെരുപ്പം എന്നിവ സർക്കാർ നിരന്തരം സന്തുലിതമായി കൊണ്ടുപോകേണ്ടതുണ്ട്. റഷ്യ, ഗൾഫ് രാജ്യങ്ങൾ, മറ്റ് വിതരണക്കാർ എന്നിവരുമായെന്ന പോലെ ഇന്ത്യ അമേരിക്കയുമായും ചർച്ചകൾ തുടരുന്നുണ്ട്. വിപണി സാഹചര്യങ്ങളും ദേശീയ താൽപ്പര്യവുമാണ് ഊർജ്ജ ഇറക്കുമതി നിർണ്ണയിക്കുന്നത് എന്ന് കേന്ദ്രം ആവർത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. വാസ്തവത്തിൽ, റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് വാഷിംഗ്ടൺ ശിക്ഷാനടപടിയായി തീരുവകൾ പ്രഖ്യാപിച്ചതിന് ശേഷവും ഇന്ത്യ ഇറക്കുമതി നിർത്തിയില്ല. പകരം, വിവിധ പങ്കാളികളുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ സ്രോതസ്സുകളിൽ വൈവിധ്യം കൊണ്ടുവരുന്നത് ഇന്ത്യ തുടരുകയാണ് ചെയ്തത്. രാഷ്ട്രീയമായ സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യയുടെ എണ്ണ ഇടപാടുകൾ സ്വതന്ത്രമാണെന്ന് കേന്ദ്ര സർക്കാർ പല തവണ വ്യക്തമാക്കിയിട്ടുണ്ട്.


